സംസ്ഥാനത്ത് 378 പാലങ്ങൾ വീഴാറായ നിലയിൽ –മന്ത്രി സുധാകരൻ
text_fieldsതൃശൂർ: സംസ്ഥാനത്ത് 378 പാലങ്ങൾ വീഴാറായ നിലയിലാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. 1,200 പാലങ്ങൾ അറ്റകുറ്റപ്പണി നടത്തണം. ഇതിന് 10,000 കോടി രൂപ വേണം. 100 വർഷം മുമ്പ് പണിത പാലങ്ങൾ പോലും ആരും പരിശോധിക്കാത്ത അവസ്ഥക്ക് ഇൗ സർക്കാർ മാറ്റമുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു. തൃശൂർ പൊതുമരാമത്ത് വകുപ്പ് െറസ്റ്റ് ഹൗസിലെ നവീകരിച്ച പൈതൃക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവീകരിച്ച ഡിസൈനുകളിലാണ് ഇനി കെട്ടിടങ്ങൾ പണിയുക. കോൺക്രീറ്റ് മന്ദിരങ്ങൾ നിർമിക്കില്ല. എൻജിനീയർമാരെ എൻജിനീയർമാരാക്കി മാറ്റി എന്നതാണ് ഈ സർക്കാർ ആദ്യം ചെയ്തത്.
ഉപകരണങ്ങളില്ലാത്ത കരാറുകാർ പണി ഏറ്റെടുക്കാൻ വരരുത്. അങ്ങനെ വരുന്നതുകൊണ്ടാണ് പണികൾ മന്ദഗതിയിലാകുന്നത്. എങ്കിലും, ചെറുകിട കരാറുകാരുടെ ഗാരണ്ടി ആഗസ്റ്റ് വരെ നീട്ടിയിട്ടുണ്ട്. കരാറുകാരുടെ യോഗം വിളിക്കുന്നുണ്ട്. ഗതാഗത സംവിധാനം സുപ്രധാനമായതുകൊണ്ട് ആധുനികവത്കരണം ആവശ്യമാണ്. അതിന് മില്ലിങ് മെഷീൻ ഉപയോഗിക്കണം. മില്ലിങ് മെഷീനിെൻറ സേവനം പുറക്കാട് മുതൽ പാതിരപ്പള്ളി വരെയുള്ള റോഡുകളിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആ രീതിയിൽ കേരളം മുഴുവൻ ഉപയോഗപ്പെടുത്താൻ ശ്രമം നടത്തും.
നാലുവർഷമായി റിപ്പോർട്ട് ചെയ്യാതിരുന്ന 231 എ.ഇമാരുടെയും ആറുവർഷമായി റിപ്പോർട്ട് ചെയ്യാതിരുന്ന 1,200 ഓവർസിയർമാരുടെയും ഒഴിവ് റിപ്പോർട്ട് ചെയ്തതായും അദ്ദേഹം അറിയിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മേയർ അജിത ജയരാജൻ മുഖ്യാതിഥിയായിരുന്നു. സി.എൻ. ജയദേവൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ എന്നിവർ വിശിഷ്ടാതിഥികളായി. കൗൺസിലർ കെ. മഹേഷ്, ചീഫ് എൻജിനീയർ കെ. രവീന്ദ്രൻ, സൂപ്രണ്ടിങ് എൻജിനീയർ കെ.ആർ. മധുമതി, എക്സിക്യൂട്ടിവ് എൻജിനീയർ ടി. ദീപ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.