കെ.എസ്.എഫ്.ഇക്കെതിരെ രൂക്ഷവിമർശനവുമായി സംസ്ഥാന വിവരാവകാശ കമീഷണർ
text_fieldsതിരുവനന്തപുരം: പൊതുമേഖല ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇക്കെതിരെ രൂക്ഷവിമർശനവുമായി സംസ്ഥാന വിവരാവകാശ കമീഷണറുടെ വിധി. പണം ഏൽപിക്കുന്ന പൊതുജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന രീതിയിൽ കെ.എസ്.എഫ്.ഇ ജീവനക്കാർ പെരുമാറുന്നതായും വിവരാവകാശ നിയമത്തെ കുറിച്ച് ജീവനക്കാർക്ക് പരിശീലനം നൽകണമെന്നും നിർദേശിക്കുന്ന വിധിയാണ് ആഗസ്റ്റ് മൂന്നിന് കമീഷൻ പുറപ്പെടുവിച്ചത്.
പല അഴിമതികളും പുറത്തുകൊണ്ടുവന്ന വിവരാവകാശ പ്രവർത്തകൻ മലപ്പുറം തിരൂർക്കാട് അനിൽ ചെന്ത്രത്തിൽ നൽകിയ പരാതിയിലാണ് ഉത്തരവ്. മലപ്പുറം ജില്ലയിലെ 37 ശാഖകളിലെ വിവരം ആരാഞ്ഞ് ജനുവരിയിൽ നൽകിയ അപേക്ഷക്ക് മറുപടി നൽകാത്തതിനുള്ള അപ്പീലിലാണ് നടപടി. കോട്ടപ്പടി കെ.എസ്.എഫ്.ഇ റീജനൽ ഓഫിസിലെ പൊതുഅധികാരി (എസ്.പി.ഐ.ഒ) നിയമം ദുർവ്യാഖ്യാനം ചെയ്ത് വിവരം നിഷേധിച്ചതായി കമീഷൻ വാക്കാൽ ചൂണ്ടിക്കാട്ടി. ജൂലൈ 31ന് തിരൂർ താലൂക്ക് ഓഫിസിൽ സംസ്ഥാന വിവരാവകാശ കമീഷന്റെ നേതൃത്വത്തിൽ നടന്ന വിചാരണയിൽ ഉദ്യോഗസ്ഥന്റെ നിയമ അജ്ഞത ചൂണ്ടിക്കാട്ടി കമീഷൻ പൊതുഅധികാരിയെയും സ്ഥാപനത്തെയും രൂക്ഷമായി വിമർശിച്ചിരുന്നു.
അഴിമതി ആരോപണമുണ്ടാകുമ്പോൾ മേലുദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കുകയാണ് വേണ്ടത്. എന്നാൽ വേലി തന്നെ വിളവുതിന്നുന്ന രീതിയിലാണ് ഇടപെട്ടത്. ഇക്കാര്യം വിചാരണ വേളയിൽ കമീഷന് ബോധ്യപ്പെട്ടതാണ്.
വിവരം നൽകുകയും പൊതുജനങ്ങളുമായി നല്ല നിലയിൽ ഇടപാടുകൾ നടത്തുകയും ചെയ്യേണ്ട സ്ഥാപനത്തിന്റെ മേഖല മേധാവിയും ഉന്നത ഉദ്യോഗസ്ഥരും മറിച്ചാണ് ചെയ്തത്.
വിവരം എങ്ങനെ മറച്ചുവെക്കാം, അന്വേഷിച്ചെത്തിയ ആളെ എങ്ങനെ കൂടുതൽ ബുദ്ധിമുട്ടിക്കാം, നിരുത്സാഹപ്പെടുത്താം എന്നെല്ലാമുള്ള ശ്രമത്തിന്റെ ഭാഗമായ പ്രവർത്തനങ്ങളാണ് ഉണ്ടായതെന്നും വിധിയിലുണ്ട്. ഇദ്ദേഹത്തിനും സ്ഥാപനത്തിലുള്ളവർക്കും വിവരാവകാശ നിയമം അറിയില്ലെന്നും വ്യക്തി വിവരം, മൂന്നാം കക്ഷി വിവരം, രാജ്യസുരക്ഷ നിയമങ്ങൾ എന്നിവയെല്ലാം നിയമത്തിൽ എവിടെയാണ് പരാമർശിക്കുന്നതെന്നുപോലും എസ്.പി.ഐ.ഒക്ക് ധാരണയില്ലെന്നും ബോധ്യമായതായി കമീഷൻ ചൂണ്ടിക്കാട്ടി.
പരാതിയിൽ ചൂണ്ടിക്കാണിച്ച അഴിമതി സംബന്ധിച്ച നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തി നവംമ്പർ 30നകം ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടറോട് നിർദേശിച്ചാണ് പരാതി തീർപ്പാക്കിയത്. ഹരജിക്കാരൻ ആവശ്യപ്പെട്ട വിവരങ്ങൾ ആഗസ്റ്റ് 16നകം ലഭ്യമാക്കുമെന്ന് എസ്.പി.ഐ.ഒ കമീഷൻ മുമ്പാകെ സമ്മതിച്ചു.
ഈ സാഹചര്യത്തിൽ പരാതിക്കാരൻ ആവശ്യപ്പെട്ട വിവരങ്ങൾ നൽകി ആഗസ്റ്റ് 25നകം കൈപ്പറ്റ് രസീത് കമീഷനിൽ ഹാജരാക്കണമെന്ന് എസ്.പി.ഐ.ഒ യോട് നിർദേശിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.