സതീശന്റെ നിലപാടിനോട് വിയോജിച്ച് സംസ്ഥാന ഐ.എൻ.ടി.യു.സി
text_fieldsതിരുവനന്തപുരം: ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നിലപാടിനോട് വിയോജിച്ച് സംസ്ഥാന ഐ.എൻ.ടി.യു.സി നേതൃത്വം. കഴിഞ്ഞദിവസം രാത്രിയിൽ ചേർന്ന ജില്ല പ്രസിഡന്റുമാരുടെ ഓൺലൈൻ നേതൃയോഗത്തിൽ പ്രതിപക്ഷനേതാവിന്‍റെ നിലപാടിനോട് കടുത്ത വിയോജിപ്പ് ഉയർന്നു. ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ ഭാഗമല്ലെങ്കിൽ പാർട്ടി നിലപാട് വ്യക്തമാക്കട്ടെയെന്ന് നിലപാട് എടുത്താണ് യോഗം പിരിഞ്ഞത്. രണ്ട് ദിവസംകൂടി കാത്തിരുന്ന ശേഷം പാർട്ടി നേതൃത്വം നിലപാട് വ്യക്തമാക്കുന്നില്ലെങ്കിൽ ശക്തമായി പ്രതികരിക്കാൻ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ യോഗം ചുമതലപ്പെടുത്തി. ഐ.എൻ.ടി.യു.സിയെ പോഷക സംഘടനയായി എ.ഐ.സി.സി അംഗീകരിച്ചതാണെന്നും 2009 മുതൽ തൊഴിലാളി യൂനിയൻ സമരങ്ങളിൽ ഇതര സംഘടനകളുമായി സഹകരിച്ച് പ്രവർത്തിച്ചത് കോൺഗ്രസ് അധ്യക്ഷയുടെ പൂർണ അറിവോടെ ആണെന്നും സംഘടനാ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. സംഘടനയെ തള്ളിപ്പറഞ്ഞ പ്രതിപക്ഷനേതാവിന്‍റെ നടപടി അപമാനിക്കുന്നതിന് തുല്യമായെന്ന് യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
ഐ.എൻ.ടി.യു.സിയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചു -വി.ഡി. സതീശൻ
കൊച്ചി: ഐ.എൻ.ടി.യു.സിയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചുവെന്നും അതിനെക്കുറിച്ച് ഇനി ഒന്നും പറയാനില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് മെംബർഷിപ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അഖിലേന്ത്യ അടിസ്ഥാനത്തിൽ സമയം നീട്ടി നൽകിയിട്ടുണ്ടെന്നും 15 ദിവസത്തിനുള്ളിൽ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും അംഗമാകുമെന്നും സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആലുവയിൽ പോപുലർഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിരക്ഷ സേന പരിശീലനം നൽകിയെന്ന ആരോപണം ഗൗരവമുള്ളതാണ്. ന്യൂനപക്ഷ, ഭൂരിപക്ഷ തീവ്രവാദികളെ താൽക്കാലിക ആവശ്യങ്ങൾക്കായി സി.പി.എം താലോലിക്കുകയാണ്. പ്രീണനനയം അവർ അവസാനിപ്പിക്കണം. താക്കോൽ സ്ഥാനങ്ങളിലേക്ക് നിയമനങ്ങൾ മുഴുവൻ നടത്തുന്നത് സി.പി.എമ്മാണ്.
ഏതെങ്കിലും ഭൂമി പദ്ധതികൾക്കായി ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചാൽ ബാങ്കുകൾ വായ്പ അനുവദിക്കാറില്ല. ഇത് യു.ഡി.എഫ് ഭരണസമിതിയുള്ള ബാങ്കുകൾ മാത്രമാണെന്ന് പറയുന്നത് ശരിയല്ല. സിൽവർ ലൈന് വേണ്ടി ഉദ്ദേശിക്കുന്ന ഭൂമി പണയപ്പെടുത്താൻ എല്ലാ സഹകരണ ബാങ്കുകളും അനുവദിക്കണമെന്ന് സർക്കാർ ഉത്തരവിറക്കട്ടെയെന്നും സതീശൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.