സംസ്ഥാന കളരിപ്പയറ്റ് : കണ്ണൂരിന് ചാമ്പ്യൻഷിപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാന കളരിപ്പയറ്റിൽ കണ്ണൂരിന് ചാമ്പ്യൻഷിപ്പ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 27, 28, 29 തീയതികളിൽ നടന്ന സംസ്ഥാന കളരിപ്പയറ്റ് ചാപ്യൻഷിപ്പിൻറെ അവസാനം 219 പോയിൻ്റോടെ കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യനായി. 155 പോയിൻറ് നേടി കോഴിക്കോടും 126 പോയിൻറ് നേടി മലപ്പുറവും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സീനിയർ, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലായി മൂന്ന് ദിവസം നടന്ന മത്സരത്തിൽ 1200 ൽ അധികം അഭ്യാസികൾ പങ്കെടുത്തു. മെയ്ത്താരി, കോൽത്താരി, അങ്കത്താരി, വെറും കൈ വിഭാഗങ്ങളിലെ 13 ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ പെൺകുട്ടികളുടെ പങ്കാളിത്തം അഭൂത പൂർവ്വമായിരുന്നു. വ്യക്തിഗത വിഭാഗത്തിൽ അഞ്ച് ഇനത്തിലും ടീം വിഭാഗത്തിൽ എട്ട് ഇനങ്ങളിലുമായിരുന്നു മത്സരം.
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും നാഷണൽ ഗെയിംസിലും കളരിപ്പയറ്റിനെ മത്സര ഇനമായി ഉൾപ്പെടുത്തിയത് കളരിപ്പയറ്റ് മേഖലയുടെ വളർച്ചയ്ക്ക് സഹായകമായിട്ടുണ്ട് എന്ന് മത്സരാർഥികളുടെ പങ്കാളിത്തം സാക്ഷ്യപ്പെടുത്തുന്നു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ അഡ്വ. കോലിയക്കോട് എൻ. കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ബാലു കിരിയത്ത് സമ്മേളനം ഉത്ഘാടനം ചെയ്തു. വിജയികൾക്ക് സമ്മാനം നൽകി. അഡ്വ.ആർ. വസന്തമോഹൻ, ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഡോ. അമ്പു ആർ. നായർ, ടെക്നിക്കൽ ഡയറക്ടർ കെ. സുനിൽകുമാർ,കേരള കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡൻറ് എം.കെ. രാജഗോപാലൻ, സെക്രട്ടറി ജി. രാധാകൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി കെ.പി. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് പി.വി സോമൻ ഗുരുക്കൾ സ്വാഗതവും എറണാകുളം ജില്ലാ സെക്രട്ടറി ഉബൈദ് ഗുരുക്കൾ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.