സമ്പൂര്‍ണ ഇ-ഓഫീസുമായി പൊതുമരാമത്ത് വകുപ്പ്; സംസ്ഥാന തല പ്രഖ്യാപനം
text_fieldsതിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നിലവില്‍ വരുന്നു. വകുപ്പിലെ 716 ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം സജ്ജമായി. സമ്പൂര്‍ണ്ണ ഇ-ഓഫീസ് പ്രഖ്യപനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ശനിയാഴ്ച രാവിലെ പി.എം.ജി.യിലുള്ള പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫീസിലായിരുന്നു ഉദ്ഘാടനം.
ഇ-ഓഫീസ് നിലവില്‍ വരുന്നതോടെ വകുപ്പിലെ ഫയല്‍ നീക്കം കൂടുതല്‍ വേഗത്തിലും സുതാര്യവുമാകും. ഒറ്റ ക്ലിക്കില്‍ ഫയലുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്തെത്തിക്കാനാകും എന്നതാണ് ഇതിന്‍റെ പ്രത്യേകത. എൻ.ഐ.സി വികസിപ്പിച്ച സോഫ്റ്റ് വെയര്‍ ഐ.ടി. മിഷന്‍ മുഖേനയാണ് നടപ്പിലാക്കയത്. ഓഫീസുകളില്‍ നെറ്റ് വര്‍ക്ക് സംവിധാനം നടപ്പാക്കുന്നത് പൊതുമരാമത്ത് ഇലക്ട്രോണിക്‌സ് വിഭാഗമാണ്.
12 സര്‍ക്കിള്‍ ഓഫീസുകളിലും 68 ഡിവിഷന്‍ ഓഫീസുകളിലും 206 സബ് ഡിവിഷന്‍ ഓഫീസുകളിലും 430 സെക്ഷന്‍ ഓഫീസുകളിലും വി.പി.എൻ നെറ്റ് വര്‍ക്ക് വഴിയോ കെ-സ്വാൻ വഴിയോ ബന്ധിപ്പിച്ചാണ് ഇ-ഓഫീസ് സംവിധാനം നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായ സോഫ്റ്റ് വെയറില്‍ 6900ത്തില്‍പരം ഉദ്യോഗസ്ഥര്‍ക്ക് കൈകാര്യം ചെയ്യുവാൻ ക്രമീകരണം നടത്തി. ഇവര്‍ക്കായുള്ള ഇ-മെയില്‍ ഐഡിയും നല്‍കി.
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2021ല്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച പദ്ധതിയാണ് ഇ-ഓഫീസ് പദ്ധതി. സമയബന്ധിതമായി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് സമ്പൂര്‍ണ്ണ ഇ-ഓഫീസ് ലക്ഷ്യം പൂര്‍ത്തീകരിച്ചു. ഫയലുകള്‍ ഒരു ഓഫീസില്‍ നിന്നും മറ്റൊരു ഓഫീസിലേക്ക് എത്തേണ്ട കാലതാമസം ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. ഫയലുകളില്‍ അനാവശ്യമായ കാലതാമസം ഒഴിവാക്കാന്‍ കഴിയുമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.