സംസ്ഥാനതല ശിശുദിനാഘോഷം കുട്ടികളുടെ നേതാക്കളെ സംസ്ഥാനതലത്തിൽ തെരഞ്ഞെടുത്തു
text_fieldsതിരുവനന്തപുരം: ഇത്തവണത്തെ ശിശുദിനത്തോടനുബന്ധിച്ച് നവംബർ 14-ന് സംസ്ഥാന തലത്തിൽ സർക്കാരും സംസ്ഥാന ശിശുക്ഷേമ സമിതിയും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ശിശുദിന റാലിയും മഹാ പൊതു സമ്മേളനവും നയിക്കുന്ന കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തു.
പ്രധാനമന്ത്രിയായി കോഴിക്കോട് പ്രോവിഡൻസ് എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി വി.എസ് ആത്മിക, പ്രസിഡൻറായി കോഴിക്കോട് ജില്ലയിലെ തന്നെ ഉള്ളിയേരി എ.യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി മിത്ര കിനാത്തിനേയും തിരഞ്ഞെടുത്തു. തിരുവനന്തപുരം ഹോളി ഏഞ്ചൽസ് സി.ബി.എസ്.സി. സ്കൂളിലെ എസ്. നന്മ ആണ് സ്പീക്കർ.
തിരുവനന്തപുരം കാർമൽ ഹയർ സെക്കൻററി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി റബേക്ക മറിയം ചാക്കോ പൊതു സമ്മേളനത്തിൽ സ്വാഗത പ്രസംഗവും വയനാട് അടികൊല്ലി ദേവമാതാ എ.എൽ.പി. സ്കൂളിലെ ജോയൽ ബിനോയ് ആണ് നന്ദി പ്രസംഗകൻ.
ശിശുദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വർണോത്സവം– 2023ൻറെ ഭാഗമായി ഞായറാഴ്ച നടന്ന സംസ്ഥാനതല മലയാളം എൽ.പി. യു.പി. പ്രസംഗ മത്സരത്തിലെ ഓരോ വിഭാഗത്തിലെയും ആദ്യ ആറു സ്ഥാനക്കാരിൽ നിന്ന് സ്ക്രീനിങ് വഴിയാണ് ഇത്തവണത്തെ കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി അറിയിച്ചു. ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത 48 കുട്ടികളാണ് സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തത്. 2019-നു ശേഷം ഇതാദ്യമായാണ് സംസ്ഥാന തലത്തിൽ ശിശുദിനത്തിലെ കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തത്.
കോഴിക്കോട് ഏലത്തൂർ ചെട്ടിക്കുളം എരിത്തോളിയിൽ മർച്ചൻറ് നേവി ഉദ്യോഗസ്ഥൻ അമൽ ബിപിൻദാസ് – ഷാഹിന ദമ്പതികളുടെ ഏക പുത്രിയാണ് ആത്മിക.
കോഴിക്കോട് കൊയിലാണ്ടി കക്കാഞ്ചേരി ഉള്ളിയേരിയിൽ കിനാത്തി ഹൌസിൽ പൊലീസ് ഉദ്യോഗസ്ഥൻ ജിതേഷ് കുമാറിൻറേയും അധ്യാപിക സുരേഖയുടേയും ഏക പുത്രിയാണ് മിത്ര കിനാത്തി.
തിരുവനന്തപുരം ജഗതി ഈശ്വരവിലാസം മാധവത്തിൽ ഐ.ടി ഉദ്യോഗസ്ഥൻ ശ്രീകുമാറിൻറേയും ആയുവേദ ഡോക്ടർ ദിവ്യ എസിൻറേയും മകളാണ് നന്മ. നന്ദിത്, നമസ്വി എന്നിവർ ഇരട്ട സഹോദരങ്ങളാണ്. 2022 –ലെ ശിശുദിനാഘോഷ പരിപാടിയിൽ പ്രധാനമന്ത്രി പദവും നന്മ വഹിച്ചിരുന്നു.
തിരുവനന്തപുരം അമ്പലത്തറ അശ്വതി ഗാർഡൻസിൽ ബി.എസ്.എൻ.എൽ. എഞ്ചിനീയർ അനിൽ ചാക്കോയുടേയും ടൌൺ പ്ലാനിംഗ് ഉദ്യോഗസ്ഥ മിനു പത്രോസിൻറേയും ഇളയ മകളാണ് റബേക്ക. മാർത്താ മേരി ചാക്കോ സഹോദരിയാണ്.
വയനാട് പുൽപ്പള്ളി അമരക്കുനി അടിക്കൊല്ലി കള്ളിക്കാട്ടിൽ പഞ്ചായത്ത് വി.ഇ.ഒ. ബിനോയ് അഗസ്റ്റിൻറേയും അദ്ധ്യാപിക ഷൈമയുടേയും മകനാണ് ജോയൽ. അന്ന മരിയ, ജോയൻ മരിയ എന്നിവർ സഹോദരങ്ങളാണ്.
ഡോ. ജോർജ്ജ് ഓണക്കൂർ, ഗ്രാൻറ് മാസ്റ്റർ ഡോ. ജി.എസ്. പ്രദീപ്, ആർ പാർവതി ദേവി, പ്രൊഫ. എ.ജി. ഒലീന, എൻ.എസ്. താര, പള്ളിപ്പുറം ജയകുമാർ എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് ഇത്തവണത്തെ കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.