മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച
text_fieldsതിരുവനന്തപുരം: മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ എട്ടിന് പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. വി.കെ. പ്രശാന്ത് എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
വാക്‌സിനേഷന്‍ പ്രക്രിയയുടെ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായി വരുന്നു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെല്ലാം ആവശ്യാനുസരണം വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. കോള്‍ഡ് സ്റ്റോറേജ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കി. വാക്‌സിനേഷനാവശ്യമായ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച 4171 ജെ.പി.എച്ച്.എന്‍മാരാണ് വാക്‌സിന്‍ നല്‍കുന്നത്.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ആരോഗ്യ പ്രവര്‍ത്തകരുടെ ഏകോപനമുണ്ടാകും. ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിന്‍ എടുക്കുവാന്‍ വിട്ടുപോയിട്ടുളള അഞ്ച് വയസ് വരെ പ്രായമുളള എല്ലാ കുട്ടികളും പൂര്‍ണമായോ ഭാഗികമായോ ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിന്‍ എടുത്തിട്ടില്ലാത്ത ഗര്‍ഭിണികളും വാക്‌സിന്‍ സ്വീകരിക്കണമെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 18,744 ഗര്‍ഭിണികളെയും രണ്ട് വയസ് വരെയുളള 61,752 കുട്ടി കളെയും രണ്ട് മുതല്‍ അഞ്ച് വയസ് വരെയുളള 54,837 കുട്ടികളെയുമാണ് (ആകെ 1,16,589 കുട്ടികള്‍) പൂര്‍ണമായോ ഭാഗികമായോ വാക്‌സിന്‍ എടുക്കാത്തതായി കണ്ടെത്തിയിട്ടുളളത്. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഗുണഭോക്താക്കള്‍ക്ക് എത്തിച്ചേരുവാന്‍ സൗകര്യപ്രദമായ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വച്ച് വാക്‌സിനേഷന്‍ നല്‍കുന്നതാണ്.
എത്തിപ്പെടാന്‍ ബുദ്ധിമുട്ടുളള ദുര്‍ഘട സ്ഥലങ്ങളില്‍ മൊബൈല്‍ ടീമിന്റെ സഹായത്തോടെ വാക്‌സിനേഷന്‍ നല്‍കുന്നതിനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്. 10,086 സെഷനുകളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അതില്‍ 289 എണ്ണം മൊബൈല്‍ സെഷനുകളാണ്.
ആഗസ്റ്റ് ഏഴ് മുതല്‍ 12 വരെയാണ് ഒന്നാംഘട്ട വാക്‌സിന്‍ നല്‍കുന്നത്. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒമ്പത് മുതല്‍ 14 വരേയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകാട്ട് നാല് വരെയാണ് പരിപാടിയുടെ സമയക്രമം.
പ്രായാനുസൃതമായ ഡോസുകള്‍ എടുക്കുവാന്‍ വിട്ടുപോയിട്ടുള്ള 0-23 മാസം പ്രായമുളള കുട്ടികള്‍ക്കും എം.ആര്‍ 1, എം.ആര്‍ 2, ഡി.പി.റ്റി ബൂസ്റ്റര്‍, ഒ.പി.വി ബൂസ്റ്റര്‍ ഡോസുകള്‍ എന്നിവ ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം എടുക്കുവാന്‍ വിട്ടുപോയിട്ടുളള രണ്ട് മുതല്‍ അഞ്ച് വയസ് വരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും പൂര്‍ണമായോ ഭാഗികമായോ ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിന്‍ എടുത്തിട്ടില്ലാത്ത ഗര്‍ഭിണികള്‍ക്കുമാണ് ഈ പരിപാടിയിലൂടെ വാക്‌സിന്‍ നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.