പൊളി വചനങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ജാഗ്രത വേണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പൊളി വചനങ്ങൾ പ്രചരിപ്പിക്കുന്നവരെ ജാഗ്രതയോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഓണം നല്ല നിലയിൽ ആഘോഷിക്കാൻ സാധിക്കുമോയെന്ന ആശങ്ക കുറച്ചുദിവസങ്ങൾക്കു മുമ്പ് ചിലർ പ്രചരിപ്പിച്ചിരുന്നു. ആ പ്രചാരണം തെറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞുവെന്നും ഓണം വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് നിശാഗന്ധിയിൽ നിർവഹിച്ച് അദ്ദേഹം പറഞ്ഞു.
സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം രാജ്യത്ത് വലിയതോതിൽ കൂടുകയാണ്. എന്നാൽ സംസ്ഥാനത്ത് ആ അന്തരം കുറക്കാനായി. ഓണക്കാലത്ത് എല്ലാ വിഭാഗം ജനങ്ങൾക്കും സർക്കാർ പിന്തുണ നൽകി. വരുമാനം പലവിധത്തിൽ നിലച്ചുപോയവരെ കണക്കിലെടുത്ത് സഹായം നൽകി. സംസ്ഥാനത്ത് ജനസംഖ്യയുടെ 0.7 ശതമാനം ആളുകൾ അതി ദരിദ്രാവസ്ഥയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ അതിൽനിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാറെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഒരുമക്ക് കാരണം മതനിരപേക്ഷബോധമാണെന്നും ഇത് മുറുകെപിടിക്കാൻ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ‘മാനുഷരെല്ലാം ഒന്നുപോലെ’ എന്ന ഓണ സങ്കൽപം യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.
ഓണം വാരാഘോഷത്തിന് തിരിതെളിഞ്ഞു
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് കനകക്കുന്നിലെ നിശാഗന്ധിയില്‍ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ചതോടെ ആഘോഷത്തിന് തുടക്കമായി. മുഖ്യാതിഥികളായി നടന് ഫഹദ് ഫാസിലും നര്‍ത്തകി മല്ലിക സാരാഭായിയും എത്തി. കേരളത്തിന്റെ ആത്മാവ് ജനാധിപത്യബോധമാണെന്ന് മല്ലിക സാരാഭായി പറഞ്ഞു. മലയാള സിനിമയുടെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് തന്റെ തലമുറ കടന്നുപോകുന്നതെന്ന് ഫഹദ് ഫാസിൽ പറഞ്ഞു.
മന്ത്രി വി. ശിവന്‍കുട്ടി സ്വാഗതം പറഞ്ഞു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, ആന്റണി രാജു, എം.പിമാരായ ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, എം.എൽ.എമാരായ വി. ജോയി, കടകംപള്ളി സുരേന്ദ്രൻ, ഡി.കെ. മുരളി, ജി. സ്റ്റീഫൻ, ഐ.ബി. സതീഷ്, വി.കെ. പ്രശാന്ത്എ ന്നിവരും പങ്കെടുത്തു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്കൂളിലെ വിദ്യാര്‍ഥികളുടെ പഞ്ചവാദ്യത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങിയത്.കനകക്കുന്നിലെ അഞ്ച് വേദികളുള്‍പ്പെടെ ജില്ലയില്‍ വിവിധയിടങ്ങളില്‍ തയാറാക്കിയ 31 വേദികളിലായി സെപ്റ്റംബര്‍ രണ്ടുവരെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. പ്രധാന വേദികളെ ബന്ധിപ്പിച്ചും മറ്റ് നഗരപാതകളിലൂടെയും രാത്രി 12 വരെ ഇലക്ട്രിക് ബസ് സർവിസുണ്ട്. 10 രൂപ മാത്രമാണ് ചാർജ്. 30 രൂപ ടിക്കറ്റ് എടുത്താൽ രാത്രി 12 വരെ എവിടെ വേണമെങ്കിലും ഈ ബസിൽ യാത്ര ചെയ്യാം. സ്വകാര്യവാഹനങ്ങളെ ഒഴിവാക്കി പരമാവധി പൊതുഗതാഗതസംവിധാനം ഉപയോഗിക്കണമെന്നും മന്ത്രിമാർ നേരത്തേ വാർത്തസമ്മേളനത്തിൽ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.