ജാതീയതയിൽ അധിഷ്ഠിതമായ സാമൂഹ്യഘടനയെ പരിവർത്തിപ്പിക്കുകയാണ് സംഘ് വംശീയ രാഷ്ട്രീയത്തിനെതിരായ പ്രതിരോധം -ഡോ. എസ്.ക്യു.ആർ. ഇല്യാസ്
text_fieldsതിരുവനന്തപുരം: ജാതീയതയിൽ അധിഷ്ഠിതമായ സാമൂഹ്യഘടനയെ പരിവർത്തിപ്പിക്കുകയാണ് സംഘ് വംശീയ രാഷ്ട്രീയത്തിനെതിരായ പ്രതിരോധമെന്ന് വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷൻ ഡോ. എസ്.ക്യു.ആർ ഇല്യാസ്. 'വംശീയ കാലത്ത് സാമൂഹ്യനീതിയുടെ കാവലാളാവുക' എന്ന പേരിൽ വെൽഫെയർ പാർട്ടി അംഗത്വ കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകൂടത്തിന്റെ വ്യത്യസ്ത സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി രാജ്യത്തെ സാമൂഹിക പ്രവർത്തകരെയും സംഘടനാ നേതാക്കളെയും വേട്ടയാടാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തി അധികാരം നേടുകയും തുടർന്ന് സമ്പൂർണ്ണമായ ഭരണഘടന അട്ടിമറി നടത്തുകയുമാണ് ബി.ജെ.പി സർക്കാർ സ്വീകരിക്കുന്ന നയം.
യു.പിയിൽ വെൽഫെയർ പാർട്ടി ദേശീയ പ്രവർത്തക സമിതി അംഗം ജാവേദ് മുഹമ്മദിന്റെ വീട് ബുൾഡോസർ രാജിലൂടെ തകർത്തത് ഇന്ത്യൻ വ്യവസ്ഥയെ നോക്കുകുത്തിയാക്കികൊണ്ടാണ്. സഞ്ജീവ് ഭട്ടും ടീസ്റ്റ സെറ്റൽവാദും ആർ.ബി ശ്രീകുമാറും ഇന്ത്യൻ ജനാധിപത്യത്തിൽ പ്രതീക്ഷയർപ്പിച്ച് അനീതിക്കെതിരെ നിലകൊണ്ടവരാണ്.
ആർ.എസ്.എസ് അധികാരത്തിൽ വന്നതിനുശേഷം രാജ്യത്ത് യുവാക്കളുടെ നിത്യജീവിതത്തിൽ സംഭവിച്ച അരക്ഷിതാവസ്ഥയെ കൂടുതൽ വൈകാരികമായി നിലനിർത്താനാണ് അഗ്നിപഥ് പോലുള്ള പദ്ധതികളിലൂടെ ശ്രമിക്കുന്നത്. പൗരത്വ പ്രക്ഷോഭവും കർഷക സമരവും പ്രവാചകനിന്ദക്കെതിരെ നടന്ന പോരാട്ടവും ഏകാധിപത്യ ഭരണകൂടത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധം കൂടിയാണ്. ഉദയ്പൂരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണ്. എന്നാൽ പ്രസ്തുത കൊലപാതകത്തെ ഉപയോഗപ്പെടുത്തി ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം നടത്താൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭീകരരെ ജനാധിപത്യ സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി റസാഖ് പാലേരി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്, സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ, സംസ്ഥാന കമ്മിറ്റി അംഗം പ്രേമ ജി. പിഷാരടി, വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇർഷാദ്, ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡണ്ട് നജ്ദ റൈഹാൻ, എഫ്.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മോഹൻ സി. മാവേലിക്കര തുടങ്ങിയവർ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ജില്ല പ്രസിഡന്‍റ് എൻ.എം. അൻസാരി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.