ഓണത്തിന്റെ പതിവ് ചെലവുകൾ പോലും താങ്ങാനാകാതെ കാലിയായി ഖജനാവ്
text_fieldsതിരുവനന്തപുരം: പതിവ് ഓണച്ചെലവുകൾ പോലും താങ്ങാൻ കഴിയാത്തത്ര ദുർബലമായി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി. ശമ്പളം-പെൻഷൻ-ക്ഷേമ പെൻഷൻ, കിറ്റ്, വിവിധ സ്ഥാപനങ്ങൾക്കുള്ള സഹായങ്ങൾ എന്നിവ നൽകിയപ്പോൾ തന്നെ ട്രഷറി കാലിയായി. സംസ്ഥാനം ഓവർഡ്രാഫ്റ്റിലേക്ക് നീങ്ങുകയാണ്. ട്രഷറി നിയന്ത്രണവും വേണ്ടിവരുമെന്ന സ്ഥിതിയാണ്. ഏകദേശം 4000 കോടിയോളം രൂപ കടമെടുപ്പ് നടത്തിയിട്ടും പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടു.
ഓണം മാസത്തിന്റെ ആദ്യഭാഗത്ത് വന്നത് ഫലത്തിൽ സർക്കാറിന് ആശ്വാസമായി. മാസത്തിന്റെ രണ്ടാം പകുതിയിലാണെങ്കിൽ രണ്ട് ശമ്പള ബാധ്യത ട്രഷറിക്ക് വരുമായിരുന്നു. ഇക്കുറി അതുണ്ടായില്ല. ഓണത്തിന് സർക്കാറിന് വന്നതിൽ ഭൂരിഭാഗവും പതിവ് ചെലവുകൾ തന്നെയാണ്. കടുത്ത പ്രതിസന്ധിയിലും സാമ്പത്തിക ശേഷിയുള്ളവർക്കും സർക്കാർ ജീവനക്കാർക്കും വരെ ഓണക്കിറ്റ് നൽകി. കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ പണം നൽകേണ്ടിവന്നത് പ്രതിസന്ധി രൂക്ഷമാക്കി. ട്രഷറിയിൽ നിലവിൽ തന്നെ ബില്ലുകൾ മാറുന്നതിന് നിയന്ത്രണമുണ്ട്. 25 ലക്ഷത്തിൽ കൂടുതൽ തുകയുടെ ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ മുൻകൂർ അനുമതി വേണം. പ്രതിസന്ധി തുടർന്നാൽ നിയന്ത്രണം ശക്തിപ്പെടുത്തും. ഇത് പദ്ധതി പ്രവർത്തനങ്ങളെ ബാധിക്കും. നിലവിൽ പദ്ധതി വിനിയോഗം ശക്തിപ്പെട്ടുവരികയായിരുന്നു. ഓണത്തിന് 15,000 കോടിയോളം രൂപ ചെലവിടേണ്ടിവന്നെന്നാണ് ധനവകുപ്പ് പറയുന്നത്. കിറ്റ്, ക്ഷേമ പെൻഷനൊക്കെ ഇതിൽ വരും. രണ്ടുവർഷമായി ഓണാഘോഷങ്ങൾ കോവിഡിൽ മുങ്ങിയിരുന്നു.
ഇക്കുറി ആഘോഷം ഗംഭീരമായി. വിപണി ഉണർന്നു. നികുതി നന്നായി ഉയരും. വരും നാളുകളിൽ ഇതിന്റെ നേട്ടം ട്രഷറികളിലെത്തുകയും ചെയ്യും. ജീവനക്കാർക്ക് അഡ്വാൻസായി നൽകിയ തുക അടുത്ത മാസം മുതൽ തിരിച്ചുപിടിക്കുകയും ചെയ്യും.
ഇപ്പോഴത്തെ സാമ്പത്തിക പ്രയാസങ്ങൾക്ക് കേന്ദ്ര നയങ്ങളെയാണ് സംസ്ഥാനം പഴിക്കുന്നത്. ധനകമ്മി നികത്തൽ ഗ്രാന്റും ജി.എസ്.ടി നഷ്ട പരിഹാരം നൽകാത്തതും കടമെടുപ്പ് പരിധി കുറച്ചതുമടക്കം 23000 കോടിയുടെ കുറവ് വരുമാനത്തിൽ ഇക്കൊല്ലം വന്നെന്ന് സംസ്ഥാനം വിമർശിക്കുന്നു. അതേസമയം സാമ്പത്തിക ബുദ്ധമുട്ടുണ്ടെന്നും നിയന്ത്രണം ഉടൻ വേണ്ടിവരില്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
പ്രതീക്ഷിക്കുംവിധം പണ ലഭ്യതയുണ്ടായാൽ ട്രഷറി നിയന്ത്രണം വേണ്ടിവരില്ല. അർഹമായത് കേന്ദ്രം നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. സാമ്പത്തിക ബുന്ധിമുട്ട് എന്നാൽ ഖജനാവ് പൂട്ടുക എന്നല്ല. പ്രതീക്ഷിക്കുംവിധം പണലഭ്യതയുണ്ടായാൽ ഓവർഡ്രാഫ്റ്റ് വേണ്ടിവരില്ല. ഓവർഡ്രാഫ്റ്റ് നിയമപരമാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.