കാമറ റെഡി, പക്ഷേ സാങ്കേതികപ്പൊരുത്തമില്ല; പൊതിയാ തേങ്ങയായി പുത്തൻ കാമറകൾ
text_fieldsതിരുവനന്തപുരം: ഗതാഗതക്കുറ്റങ്ങൾ സ്വയം കണ്ടെത്തുന്ന 700 അത്യാധുനിക കാമറകൾ മോട്ടോർ വാഹനവകുപ്പ് റോഡുകളിൽ സ്ഥാപിച്ച് ഒന്നരവർഷം കഴിഞ്ഞെങ്കിലും ഉപയോഗിക്കാനാകുന്നില്ല. കാമറകൾ കൺട്രോൾ റൂമുമായി 'കണക്ട്' ചെയ്യാനാകാതെ വിയർക്കുകയാണ് വകുപ്പ്. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്നതടക്കം നവീന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചതെങ്കിലും സാങ്കേതികപ്പൊരുത്തമില്ലാത്തതിനാൽ പൊതിയാ തേങ്ങയായി തുടരുകയാണ് കാമറകൾ.
പുക പരിശോധന സർട്ടിഫിക്കറ്റില്ലാത്തത് മുതൽ ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തതടക്കം ഗതാഗത കുറ്റങ്ങൾ സ്വയം പിടികൂടാൻ കഴിവുള്ള സംവിധാനമെന്ന അവകാശവാദത്തോടെ കഴിഞ്ഞ സർക്കാറിന്റെ അവസാനകാലത്താണ് ന്യൂജൻ കാമറകൾ സ്ഥാപിച്ചത്. അന്ന് ഉദ്ഘാടനം ആലോചിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് വന്നതോടെ മാറ്റിവെച്ചു. പുതിയ സർക്കാർ അധികാരമേറ്റ ശേഷം 'ദാ...ഇപ്പോ' തുടങ്ങും എന്ന് പറഞ്ഞുതുടങ്ങിട്ട് മാസങ്ങൾ പിന്നിടുന്നു.
എല്ലാം തയാറായിട്ടും കാമറകൾ കൺട്രോൾ റൂമിലെ സെർവറുമായി കണക്ട് ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടെന്നതിന് കൃത്യമായ മറുപടിയില്ല. കണക്ട് ചെയ്യുന്ന കാമറകൾ സ്ഥാനം മാറ്റിയാൽ വീണ്ടും ബന്ധിപ്പിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. കാമറകൾ പിടികൂടുന്ന കുറ്റങ്ങൾ നേരെ ഓൺലൈനായി തന്നെ പിഴയടക്കാനുള്ള ചെലാൻ തയാറാകും വിധത്തിലായിരുന്നു ആലോചിച്ചിരുന്നത്. ഇതിനും സാധിക്കുന്നില്ല. നിലവിൽ പൊലീസ് കൺട്രോൾ റൂമുകളുടെ മാതൃകയിൽ കാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾ ഉദ്യോഗസ്ഥർ മാന്വലായി കമ്പ്യൂട്ടറിലേക്ക് നൽകിയാലേ ചെലാൻ തയാറാകൂ. ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ തന്നെ ഗതാഗത ലംഘനങ്ങളെല്ലാം പിടികൂടി കൺട്രോൾ റൂമിൽ എത്തിക്കുമെന്നതായിരുന്നു പുതിയ ട്രാഫിക് എൻഫോഴ്സ്മെൻറ് സംവിധാനത്തിന്റെ പ്രത്യേകതായി മോട്ടോർ വാഹനവകുപ്പ് അവകാശപ്പെട്ടിരുന്നത്. വലിയ മുന്നൊരുക്കങ്ങളാണ് ഇതിനായി മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചത്. മെഷീൺ ലേണിങ് സാേങ്കതിക വിദ്യ ഉപയോഗിച്ച് കുറ്റങ്ങൾ ഏതെല്ലാമെന്നതും അവയുടെ സ്വഭാവവും ഓൺലൈൻ സംവിധാനത്തെ പഠിപ്പിച്ചിരുന്നു. നിയമലംഘനങ്ങൾ കൃത്യമായി കണ്ടെത്തുന്നതിന് പ്രായോഗിക പരീക്ഷണങ്ങൾ പലവട്ടം നടത്തി. ഹെൽമറ്റില്ലാത്തവരെ കണ്ടെത്തുന്നതിൽ പിഴവ് പറ്റാതിരിക്കാൻ തലയിൽ കർച്ചീഫ് കെട്ടിയവരെയും തൊപ്പി ധരിച്ചവരെയും തലയിൽ മുടിയില്ലാത്തവരെയും കഷണ്ടിയുള്ളവരെയുമെല്ലാം സംവിധാനത്തിലെ നിരീക്ഷണ കാമറയിലൂടെ കടത്തിവിട്ടു. പക്ഷേ, ഇതെല്ലാം വിജയകരമായിരുന്നെങ്കിലും പ്രായോഗിക തലത്തിലെത്തിയപ്പോൾ കണക്ട് ചെയ്യാനാവുന്നില്ലെന്നതാണ് വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.