ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ്: കൊമ്പുകോർക്കാൻ സി.ഐ.ടി.യു
text_fieldsതിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്കിയ ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനത്തെ വിമർശിച്ച് സി.ഐ.ടി.യു രംഗത്തെത്തിയതിന് പിന്നാലെ അനുകൂലിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ. ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് കൂടുതല്‍ യാത്രകള്‍ ലഭിക്കാന്‍ അനുകൂലമായ തീരുമാനമാണിതെന്നാണ് മന്ത്രിയുടെ അഭിപ്രായം.
എന്നാൽ, അപകട സാധ്യത കൂടാനും ഈ മേഖലയിൽ സ്ഥിരമായി തൊഴിൽ ചെയ്യുന്നിടത്ത് പുതിയ തൊഴിലാളികളെത്തുമ്പോൾ സംഘർഷമുണ്ടാകാനും സാധ്യതയുണ്ടെന്ന വാദമുന്നയിച്ചാണ് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി എതിർക്കുന്നത്. സി.ഐ.ടി.യു മാടായി ഏരിയ കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ചാണ് ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് അനുവദിച്ചത്.
പെർമിറ്റ് തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി കത്തയച്ചതോടെ മന്ത്രിയും ഇടത് തൊഴിലാളി സംഘടനയും തമ്മിലുള്ള രണ്ടാമത്തെ തര്‍ക്കമായി ഇത്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരവുമായി ബന്ധപ്പെട്ടാണ് ഏറ്റവും ഒടുവിൽ ഗതാഗത മന്ത്രിയും സി.ഐ.ടിയുവും പരസ്യമായി കൊമ്പുകോർത്തത്. ഓട്ടോറിക്ഷക്ക് സമീപ ജില്ലയിലേക്ക് 30 കിലോമീറ്ററെങ്കിലും പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യമാണ് സി.ഐ.ടി.യു സംസ്ഥാന നേതൃത്വത്തിനുള്ളത്. ഈ ആവശ്യം നിരവധിതവണ എസ്.ടി.എക്ക് മുന്നിലെത്തിയെങ്കിലും തള്ളിക്കളഞ്ഞിരുന്നു.
നവകേരള സദസ്സിലാണ് മാടായി ഏരിയ കമ്മിറ്റി സംസ്ഥാന പെർമിറ്റ് അനുവദിക്കണമെന്ന നിവേദനം സമർപ്പിക്കുന്നത്. അനൗദ്യോഗിക അജണ്ടയായാണ് ഇത് എസ്.ടി.എയുടെ മുന്നിലെത്തിയത്. സാധാരണ ഇത്തരം അജണ്ടകൾ നിരസിക്കാറാണ് പതിവെങ്കിയും ഇക്കുറി അംഗീകരിക്കുകയായിരുന്നു.
ഗതാഗത കമീഷണര്‍ എസ്. ശ്രീജിത്ത്, ട്രാഫിക് ഐ.ജി ജി. സ്പര്‍ജന്‍കുമാര്‍, അനൗദ്യോഗിക അംഗം പ്രകാശ്കുമാര് എന്നിവരാണ് സമിതിയിലുള്ളത്. നിവേദനം പരിഗണിച്ച് തീരുമാനം എടുക്കുകയായിരുന്നെന്ന് രേഖകള്‍ പറയുന്നു.
മണിക്കൂറില്‍ 50 കിലോമീറ്ററാണ് ഓട്ടോറിക്ഷകള്‍ക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം. 100 കിലോമീറ്റര്‍ വേഗമെടുക്കാന്‍ കഴിയുന്ന ആറുവരി ദേശീയപാതകളുടെ നിര്‍മാണം പുരോഗമിക്കുന്ന സമയത്ത് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാനുള്ള നീക്കം അപകടങ്ങള്‍ക്ക് ഇടയാക്കുമെന്ന വാദമാണ് സി.ഐ.ടി.യു ഉയര്‍ത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.