സംസ്ഥാന പൊലീസ് ആർ.എസ്.എസിന് കീഴ്പ്പെട്ടു -പോപ്പുലർ ഫ്രണ്ട്
text_fieldsകൊച്ചി: ആർ.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ വിദ്വേഷ പ്രചാരണങ്ങളും കൊലവിളി പ്രസംഗങ്ങളും ആവർത്തിച്ചിട്ടും കേരളാ പൊലീസ് നടപടിയെടുക്കാതെ വര്‍ഗീയതക്ക് കുട പിടിക്കുകയാണെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സി.പി. മുഹമ്മദ് ബഷീര്‍ ആരോപിച്ചു. ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ തെളിവുസഹിതം ചൂണ്ടിക്കാട്ടി കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നവരെ തിരഞ്ഞുപിടിച്ച് പൊലീസ് വേട്ടയാടുകയാണ്. സാമൂഹികമാധ്യമങ്ങള്‍ വഴി ആർ.എസ്.എസിന്‍റെ വിദ്വേഷ പ്രചാരണങ്ങൾ തുറന്നുകാട്ടുന്നവരെ വേട്ടയാടുന്ന പൊലീസ് സംഘപരിവാറിന് കീഴ്‌പ്പെടുന്നുവെന്ന് തെളിയിക്കുകയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി സംഘ്പരിവാര്‍ നേതാക്കളും അണികളും നടത്തിയ വിദ്വേഷ- കൊലവിളികള്‍ക്കെതിരെ വിവിധ ഘട്ടങ്ങളിൽ പോപ്പുലര്‍ ഫ്രണ്ട് പരാതി നല്‍കിയിട്ടുണ്ട്. നിരവധി പൊതുപ്രവര്‍ത്തകരും സംഘടനകളും ഇതേ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാൽ ഇതിലൊന്നും യാതൊരു നടപടിയും പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായില്ല. മുസ്ലിംകളേയും മുസ്ലീം സംഘടനകളെയും വേട്ടയാടുന്ന ആർ.എസ്.എസിന്‍റെ പണി പൊലീസ് ഏറ്റെടുക്കുന്നത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതീഷ് വിശ്വനാഥ്, കെ. സുരേന്ദ്രന്‍, സന്ദീപ് വചസ്പതി, ആർ.വി. ബാബു, സന്ദീപ് വാര്യര്‍, കെ.പി. ശശികല, എന്‍. ഗോപാലകൃഷ്ണന്‍, ടി.ജി. മോഹന്‍ദാസ് തുടങ്ങിയ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയും പി.സി. ജോർജിനെതിരെയും നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചത്. ഇവര്‍ക്കെതിരെയൊന്നും യാതൊരു നടപടിയും എടുത്തില്ല. പൊലീസിന്‍റെ നിസംഗതക്കെതിരെ തുടർ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സി.എ. റഊഫ്, ജില്ല പ്രസിഡൻറ് വി.കെ. സലിം എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.