സംസ്ഥാന വിലനിയന്ത്രണ സെൽ ഭക്ഷ്യവകുപ്പ് അട്ടിമറിച്ചു
text_fieldsതിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സംസ്ഥാന വിലനിയന്ത്രണ സെൽ ഭക്ഷ്യവകുപ്പ് അട്ടിമറിച്ചു. സെല്ലിെൻറ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പോലും മറികടന്ന് യാതൊരു മാനദണ്ഡവുമില്ലാതെ ഉദ്യോഗസ്ഥരെ തിരുകിക്കയറ്റിയാണ് ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥ ലോബി പദ്ധതി കീഴ്മേൽ മറിച്ചത്. പൊതുവിപണിയിലെ വില നിയന്ത്രിക്കുന്നതിനായി പുതിയ തസ്തികകൾ അനുവദിച്ചില്ലെന്ന് മാത്രമല്ല ഡെപ്യൂട്ടേഷനിൽപോലും ഉദ്യോഗസ്ഥരെ നിയമിക്കാൻ ഭക്ഷ്യവകുപ്പ് തയാറായില്ല.
മാസങ്ങൾക്കുമുമ്പ് സംസ്ഥാനത്ത് അരിയടക്കമുള്ള അവശ്യസാധനങ്ങൾക്ക് വില കുതിച്ചുകയറിയതോടെയാണ് വിലനിയന്ത്രണ സെൽ രൂപവത്കരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചത്. ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് സംസ്ഥാനത്ത് വിലക്കയറ്റത്തിന് കാരണമെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇത്. നിലവിൽ ഉദ്യോഗസ്ഥർ തലസ്ഥാനത്തെ പ്രമുഖ വിപണികൾ സന്ദർശിക്കുകയും സാധനങ്ങളുടെ വില ശേഖരിച്ച് പട്ടിക ദിവസവും ഭക്ഷ്യമന്ത്രിയുടെ ഓഫിസിലേക്ക് അയക്കുകയുമാണ് ചെയ്യുന്നത്.
എന്നാൽ കർണാടക, തെലുങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ വിലനിയന്ത്രണ സെല്ലുകൾ കാര്യക്ഷമായി പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ അന്വേഷണത്തിൽ കണ്ടെത്തി. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ വരൾച്ച മുന്നിൽകണ്ട് ഇത്തരം സെല്ലുകൾ അതാത് സർക്കാറുകൾക്ക് നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങൾ നെല്ല് സംഭരിച്ചത്. ഇതുമൂലമാണ് കേരളത്തിൽ അരിവില വർധിക്കാൻ ഇടയായത്.
ഇത് ആവർത്തിക്കാതിരിക്കാൻ കാർഷിക വിലനിയന്ത്രണ സെൽ, കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, ആസൂത്രണ കമീഷൻ അംഗങ്ങൾ, ഭൗമശാസ്ത്ര വകുപ്പ്, എഫ്.സി.ഐ, ഐ.ടി മിഷൻ, സിവിൽ സപ്ലൈസ് വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ വിലനിയന്ത്രണ അതോറിറ്റി രൂപവത്കരിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയും ആസൂത്രണകമീഷനും ഭക്ഷ്യവകുപ്പിനോട് നിർദേശിച്ചത്. ദിനംപ്രതി ഭക്ഷ്യവസ്തുക്കളുടെ വിലവിവരപ്പട്ടിക ഭക്ഷ്യവകുപ്പിന് കൈമാറുക, വിലകൂടിയതും കുറഞ്ഞതുമായ ഭക്ഷ്യവസ്തുക്കളുടെ പട്ടിക തയാറാക്കുക, മൂന്നു മാസത്തിനിടെ വിപണിയിൽ സംഭവിക്കാവുന്ന മാറ്റങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുക, മറ്റ് സംസ്ഥാനങ്ങളിലെ കാലാവസ്ഥ വ്യതിയാനം, കൃഷി, ചരക്കുനീക്കം എന്നിവ നിരീക്ഷിക്കുക, വിലനിയന്ത്രണത്തിന് വേണ്ട പദ്ധതികൾ തയാറാക്കുക തുടങ്ങി ചുമതലകളാണ് െസല്ലിന് നിഷ്കർഷിച്ചിരുന്നത്.
ഇതിനായി ഗവേഷക ഉദ്യോഗസ്ഥരുടെ അധിക തസ്തികകൾ സൃഷ്ടിക്കാനും സെക്രേട്ടറിയറ്റിൽ ഓഫിസ് തുറക്കാനും ഭക്ഷ്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. എന്നാൽ, കഴിഞ്ഞദിവസം സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ കൺവീനറായുള്ള ഏഴംഗ സമിതിയെയാണ് ഭക്ഷ്യവകുപ്പ് സെക്രട്ടറി െസല്ലിെൻറ പ്രവർത്തനങ്ങൾക്ക് നിയോഗിച്ചത്. ജോയൻറ് ഡയറക്ടർ (ഇക്കണോമിക് ആൻഡ് സ്റ്റാറ്റിറ്റിക്സ് ഡിപ്പാർട്മെൻറ്), അഡ്മിനിട്രേറ്റിവ് ഓഫിസർ (കാർഷികവകുപ്പ് ), സീനിയർ ഓഫിസർ (മാർക്കറ്റിങ് ആൻഡ് പർച്ചേസിങ്, ഹോർട്ടികോർപ് ) മാനേജർ (മാർക്കറ്റിങ് ആൻഡ് കോമേഴ്സ്, സപ്ലൈകോ)അഡ്മിനിട്രേറ്റിവ് ഓഫിസർ (ഡബ്ല്യു.ടി.ഒ സെൽ) അഡ്മിനിട്രേറ്റിവ് ഓഫിസർ (ഐ.ടി മിഷൻ) എന്നിവരാണ് മറ്റ് അംഗങ്ങൾ. ഇവരിൽ ആർക്കും സെല്ലിെൻറ പൂർണ ചുമതല നൽകിയിട്ടില്ല. പ്രവർത്തനമാർഗരേഖയും നൽകിയിട്ടില്ല. ഇതോടെ വിലനിയന്ത്രണ സെൽ പേരിൽ മാത്രമായി ഒതുങ്ങുമെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.