കലാകേരളത്തിന്റെ കണ്ണും കരളും ഇനി തലസ്ഥാന നഗരിയിലേക്ക്; സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു
text_fieldsതിരുവനന്തപുരം: ഇനി അഞ്ചുനാൾ കലാകേരളത്തിന്റെ കണ്ണും കരളും തലസ്ഥാന നഗരിയിലെ 25 വേദികൾക്ക് ചുറ്റുമാകും. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ 63ാം പതിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ചതോടെ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തുടക്കമായി.
കലാപ്രകടനം എന്നതിലുപരി കലോത്സവവേദി അതിജീവനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ ഇവിടെ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തുന്നുണ്ട്. ഇത് അതിജീവനത്തിന്റെ തെളിവാണ്. ഇത്തരം അതിജീവനങ്ങളുടെ നേര്‍കാഴ്ചയാവുകയാണ് കലോത്സവമെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.ടി വാസുദേവൻ നായരുടെ വിയോഗം വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യസ മന്ത്രി വി.ശിവൻകുട്ടിയാണ് അധ്യക്ഷത വഹിച്ചത്. മന്ത്രിമാരായ ജി.ആര്‍.അനില്‍, കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, കലക്ടര്‍ അനുകുമാരി, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രാവിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്.ഷാനവാസാണ് പതാക ഉയർത്തിയത്. കേരള കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികളും അവതരിപ്പിച്ച നൃത്താവിഷ്കാരത്തോടെയാണ് മേളക്ക് തുടക്കമായത്.
249 ഇനങ്ങളിൽ 15000ത്തോളം പ്രതിഭകളാണ് വേദികളിൽ നിറയുക. വെള്ളിയാഴ്ച രാവിലെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ പാലുകാച്ചിയതോടെ ഊട്ടുപുരയും സജീവമായിരുന്നു. കലോത്സവ ചരിത്രത്തിലാദ്യമായി തദ്ദേശീയ ജനതയുടെ നൃത്തരൂപങ്ങളായ മംഗലംകളി, പണിയനൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവ പുതിയ ഇനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.