സംസ്ഥാന സ്കൂൾ കലോത്സവം: ഒരുക്കം അവസാന ഘട്ടത്തിൽ
text_fieldsകൊല്ലം: ഒരാഴ്ചയകലെ എത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഒരുക്കം അവസാന ഘട്ടത്തിൽ. സംഘാടക സമിതി ഓഫിസിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. കൊല്ലം മോഡൽ ബോയ്സ് എച്ച്.എസ്.എസിൽ രാവിലെ 11ന് ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ആശ്രാമം മൈതാനത്തെ മുഖ്യവേദിയുടെയും ക്രേവൻ സ്കൂളിലെ ഭക്ഷണപന്തലിന്റെയും നിർമാണം 80 ശതമാനം പൂർത്തിയായിട്ടുണ്ട്.
ഒന്നാം വേദിയായ ആശ്രാമം ഗ്രൗണ്ടിൽ 12,000 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. 200 പേർക്ക് വീതം ഇരിക്കാൻ കഴിയുന്ന 11 വിഭാഗങ്ങളായി തിരിച്ച് ഏകദേശം 2200 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഭക്ഷണപ്പന്തലിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഒരുദിവസം 20000 പേർക്കുള്ള ഭക്ഷണമാണ് ഒരുക്കുന്നത്.
കലോത്സവത്തിന്റെ മുഖ്യ രക്ഷാധികാരിയായ മന്ത്രി വി. ശിവൻകുട്ടിയുടെയും സംഘാടക സമിതി ചെയർമാനായ മന്ത്രി കെ.എൻ. ബാലഗോപാലിന്റെയും നേതൃത്വത്തിൽ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ വിവിധ കമ്മിറ്റി ചെയർപേഴ്സൺമാരുടെയും കൺവീനർമാരുടെ അവലോകനയോഗം ചേർന്നു.
റിസപ്ഷൻ കമ്മിറ്റി, ഫുഡ് കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റി കൺവീനർമാർ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ജനുവരി നാലിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളും വിലയിരുത്തി.
9600 കുട്ടികളാണ് ഇതുവരെ വിവിധ മത്സരങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. മത്സരനടത്തിപ്പ്, സമയബന്ധിതമായി റിസൽട്ട് പ്രഖ്യാപനം, ചുമതല വിഭജനം എന്നിവ സംബന്ധിച്ച് പ്രോഗ്രാം കമ്മിറ്റിക്ക് കൃത്യമായ നിർദേശങ്ങൾ നൽകി. പ്രചാരണപരിപാടികൾ വരുംദിവസങ്ങളിൽ ഊർജിതമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ അറിയിച്ചു.
കൂപ്പൺ ലഭ്യമായവർക്ക് തിക്കും തിരക്കും കൂടാതെ ഭക്ഷണം ലഭിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന് ഭക്ഷണ കമ്മിറ്റി അറിയിച്ചു. സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. ഭക്ഷണപന്തലിനായി 27,000 ചതുരശ്ര അടിയും കലവറക്കായി 7,000 ചതുരശ്ര അടി പന്തലുമാണ് ഒരുക്കിയിരിക്കുന്നത്. എം. നൗഷാദ് എം.എൽ.എ, കെ.എസ്.എഫ്.ഇ ചെയർമാൻ വരദരാജൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എന്നിവർ പങ്കെടുത്തു.
വർണോത്സവമായി ചിത്രരചന മത്സരം
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മുന്നോടിയായി കേരള മീഡിയ അക്കാദമി, കൊല്ലം പ്രസ് ക്ലബ്, കലോത്സവ പബ്ലിസിറ്റി കമ്മിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ചിത്രരചന മത്സരം ചിത്രകാരി ശ്രുതിക്ക് ബ്രഷ് കൈമാറി മുൻ കലാതിലകം ഡോ. ദ്രൗപതി പ്രവീൺ ഉദ്ഘാടനം ചെയ്തു. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു.
പ്രസ് ക്ലബ് സെക്രട്ടറി സനൽ ഡി. പ്രേം, കലോത്സവ പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എം. പ്രിൻസ്, ജോയന്റ് കൺവീനർമാരായ കെ. ഗോപകുമാർ, ആർ. സജീവ്, വിമലഹൃദയ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്രാൻസിനി മേരി, മീഡിയ അക്കാദമി ഐ.ടി ആൻഡ് മീഡിയ കോഓഡിനേറ്റർ അനിൽകുമാർ പരമേശ്വരൻ എന്നിവർ സംസാരിച്ചു. എച്ച്.എസ്.എസ് വിഭാഗത്തിന് സമാധാന ലോകം, എച്ച്.എസ് വിഭാഗത്തിന് ആഘോഷം എന്നിവയായിരുന്നു മത്സര വിഷയങ്ങൾ. നൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
പുസ്തകവണ്ടി മുന്നോട്ട്
കലോത്സവത്തിന്റെ ഉദ്ഘാടന സമാപന സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികൾക്ക് നൽകുന്ന ഉപഹാരങ്ങൾ പുസ്തകങ്ങളായി മൺമറഞ്ഞ കലാസാഹിത്യ സാംസ്കാരിക നായകരുടെ വീടുകളിൽനിന്ന് ഏറ്റുവാങ്ങുന്ന പുസ്തകവണ്ടി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. തുള്ളൽ കലാകാരിയായ അഞ്ചൽ വടമൺ ദേവകിയമ്മയുടെ വീട്ടിൽ സ്വീകരണ കമ്മിറ്റി ചെയർമാൻ പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
തുടർന്ന് തേവർതോട്ടം സുകുമാരൻ, സംഗീതസംവിധായകൻ രവീന്ദ്രൻ, പ്രഫ. വയലാ വാസുദേവൻ പിള്ള, കാമ്പിശ്ശേരി കരുണാകരൻ എന്നിവരുടെ വീടുകളിൽ നിന്നും മുളങ്കാടകത്ത് ഇടപ്പള്ളി സ്മാരകത്തിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി. വിവിധ യോഗങ്ങളിൽ ഡെപ്യൂട്ടി മേയർ കൊല്ലം മധു, ജില്ല പഞ്ചായത്തംഗം അനിൽകുമാർ, പഞ്ചായത്ത് അംഗം ആനി ബാബു, കൊല്ലം കൗൺസിലർ വി. സന്തോഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.