പശുവിനെ വിറ്റു, അധ്യാപകരും പരിശീലകയും ഒന്നിച്ചു; കൃഷ്ണപ്രിയക്കിത് സ്വപ്ന സാഫല്യം
text_fieldsകൊല്ലം: പറയാനാണെങ്കിൽ ഒരുപാട് പ്രതിസന്ധികളുണ്ട് കൃഷ്ണപ്രിയക്ക്. പശുവിനെ വിറ്റ കാശും സ്കൂളിലെ അധ്യാപകരുടെ സഹായവും പരിശീലകയുടെ സന്മനസ്സുമെല്ലാം ഒത്തുചേർന്നപ്പോൾ ആ പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്യപ്പെട്ടു. ഇതോടെ, സ്കൂൾ കലോത്സവ വേദി എന്ന സ്വപ്നം തൃശൂർ വരന്തരപ്പിള്ളി സി.ജെ.എം.എ.എച്ച്.എസ്.എസിലെ ഈ പത്താം ക്ലാസുകാരി യാഥാർഥ്യമാക്കി.
കോവിഡിനുമുമ്പ് വരന്തരപ്പിള്ളി പഞ്ചായത്ത് ഏർപ്പെടുത്തിയ ഫെലോഷിപ്പാണ് സൗജന്യമായി ഓട്ടന്തുള്ളൽ പഠിക്കാൻ വഴിയൊരുക്കിയത്. അപ്പോഴും കലോത്സവമൊന്നും മനസ്സിലുണ്ടായിരുന്നില്ല. മരംമുറിക്ക് പോകേണ്ടതിനാൽ പിതാവ് കുമാരന് കൃഷ്ണപ്രിയക്കൊപ്പം വരാനായില്ല, ബേക്കറി ജീവനക്കാരിയായ മാതാവ് ഓമന രണ്ടു ദിവസത്തെ അവധിയെടുത്തു. മകൾ എന്താണ് അവതരിപ്പിച്ചതെന്ന് ചോദിച്ചാൽ..‘‘അയ്യോ അതൊന്നും എനിക്കറിയില്ല..ഞാനിതൊന്നും പഠിച്ചിട്ടില്ല’’ ചിരിച്ചുകൊണ്ട് ഓമനയുടെ മറുപടി. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ജീവിതസാഹചര്യങ്ങളോട് പടവെട്ടുന്ന ഇവരിൽ നിന്ന് സ്വാഭാവികമായുമുയരാവുന്ന പ്രതികരണം മരംമുറിക്കുപുറമെ, പിതാവ് മറ്റ് കൂലിപ്പണിക്ക് പോകും. ഓമനക്ക് പാറമേക്കാവിന് സമീപത്തെ ബേക്കറിയിലാണ് ജോലി. കുറച്ച് വാഴകൃഷിയുണ്ട്. കറവയുള്ള പശുവുണ്ടായിരുന്നു. പാല് കുറഞ്ഞതോടെ അതിനെ വിറ്റു. പക്ഷേ, മകളുടെ സ്വപ്നത്തിലേക്കുള്ള യാത്രയിൽ ഈ പശുവിനെ വിറ്റ കാശും ഉപകാരമായി. സ്കൂളിലെ അധ്യാപികമാരാണ് എല്ലാവിധ പിന്തുണയും നൽകിയത്. ചെലവുകൾ വഹിക്കാമെന്നേറ്റു. തുള്ളൽ പഠിപ്പിക്കാനെത്തിയ കവിത ഗീതാനന്ദനും കൃഷ്ണപ്രിയയുടെ സാഹചര്യങ്ങൾ മനസ്സിലാക്കിയതോടെ പ്രതിഫലവും വേണ്ടെന്നുവെച്ചു. വേഷവിധാനങ്ങൾക്ക് 25000 ഓളം രൂപ ചെലവ് വരും. ഇത് ഒരു രൂപപോലും വാങ്ങാതെ കവിത ഏർപ്പാടാക്കി.
മറ്റ് പല മത്സരാർഥികളും വലിയ സംഘമായി വാഹനങ്ങളിലെത്തി ഹോട്ടലുകളിലാണ് തങ്ങുന്നത്. അതിനുമാത്രം ശേഷിയില്ലാത്തതിനാൽ മകൾക്കൊപ്പം തൃശൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസായിരുന്നു ആശ്രയം. കൊല്ലത്ത് കലോത്സവ സംഘാടക സമിതി ഏർപ്പെടുത്തിയ താമസസൗകര്യം. മത്സരഫലം വന്ന് എ ഗ്രേഡ് ആണെന്നുറപ്പിച്ചയുടൻ ചിന്നക്കടയിലേക്ക് പാച്ചിലായിരുന്നു. തൃശൂരേക്കുള്ള ബസിൽ രണ്ട് സീറ്റ് പിടിക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.