നാടുണരുന്നേ...
text_fieldsസമരവേലിയേറ്റങ്ങളും തിളച്ചുമറിയുന്ന രാഷ്ട്രീയച്ചൂടും തൽകാലത്തേക്ക് തലസ്ഥാനം മാറ്റിവെക്കുന്നു, ഇനി അഞ്ച് നാൾ കലയുടെ കുളിരാണ്. മൊഞ്ചാർന്ന ഇശലുകളുടെ പെരുമഴ, നടനസൗരഭ്യം പരത്തുന്ന നൃത്തച്ചുവടുകൾ, രാഗങ്ങളുടെ കുളിരണിയിച്ച് സംഗീതം, പഞ്ചവാദ്യത്തിന്റെയും ദഫ്മുട്ടിന്റെയും അറബന മുട്ടിന്റെ മേളക്കൊഴുപ്പ്, വരകളിലും വരികളിലും സർഗസമൃദ്ധി... എല്ലാ കലകളുടെയും സംഗമം എന്നതിനൊപ്പം സമാനതകളില്ലാത്ത കൂട്ടായ്മയുടെ മഴവില്ലഴക്. ഇതിനപ്പുറം കേരളത്തിനൊരു പൂരമില്ലെന്നത് നിസ്സംശയം.
മാറ്റുരക്കലുകളുടെയും രാഗവിസ്താരങ്ങളുടെയും ആവേശവും ഹൃദ്യവുമായ മുഹൂർത്തങ്ങളാണ് കലോത്സവങ്ങൾ. മണവുമുള്ള ഈ ഓർമകളാണ് ജീവകോശങ്ങളിൽ താളങ്ങളുടെ ഭൂപടം രേഖപ്പെടുത്തിയ മലയാളിക്ക് അതിജീവന വഴികളിലെ ഊർജവും ഇന്ധനവും. ഒമ്പത് വർഷത്തിനുശേഷമാണ് നിത്യഹരിത നഗരമായ തലസ്ഥാനത്തേക്ക് കലോത്സവമെത്തുന്നത്.
ചരിത്രത്തിന്റെ പ്രൗഢിക്കൊപ്പം കലയുടെ ജനകീയ വഴികളും ഈ നഗരത്തിന് സ്വന്തമാണ്. എഴുത്തുകാർക്കും രാഷ്ട്രീയക്കാർക്കും ഒരു പോലെ പ്രിയങ്കരമായ ഇടം. കലയുടെ അലകൾ വിഴിഞ്ഞവും ശംഖുമുഖവുമടങ്ങുന്ന ഈ തീരനഗരത്തിലേക്ക് നങ്കൂരമിടും. ഒരിക്കൽ കൂടി ഈ രാജപാതയിലൂടെ കൗമാര കേരളം ഒഴുകിപ്പരക്കും.
വിരുന്നെത്തുന്ന പ്രതിഭകൾക്കായി നഗരമൊന്നാകെ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ഇമ്പമേറിയ കാഴ്ചകളുമായി തമ്പാനൂരും ചേലോടെയാണ് ചാലയും ആരവങ്ങളുടെ പളപളപ്പിൽ പാളയവും മനം നിറഞ്ഞ് മാനവീയവും പകിട്ടോടെ പട്ടവും ഈണങ്ങളിൽ ആറാടി കവടിയാറുമെല്ലാം ആരവങ്ങളുടെ ഈ ഉത്സവപ്പറമ്പിൽ കണ്ണിചേരും.
അവസാനിക്കാത്ത ഓർമകളാണ് കലോത്സവങ്ങളുടെ സൗന്ദര്യം. എത്രയോ കലാകാരന്മാർ ഇനിയും ഈ വേദികളെ ധന്യമാക്കാനിരിക്കുന്നു. മഹത്തായൊരു പാരമ്പര്യത്തിൽ കണ്ണിചേരുകയാണ് മേളക്കെത്തുന്ന ഓരോരുത്തരും.
1958ലാണ് ആദ്യമായി തിരുവനന്തപുരം സ്കൂൾ കലോത്സവത്തിന് ആദിത്യമരുളിയത്. ഏറ്റവും അവസാനമാകട്ടെ 2016 ലും. ഇതിനിടെ 61 ലും 80 ലും 98 ലും 2009 ലുമടക്കം ആറ് തവണയാണ് തലസ്ഥാനം വേദിയായത്. 1957ൽ തുടങ്ങിയ കലോത്സവ പാരമ്പര്യത്തിൽ ആദ്യത്തെ മൂന്നുവട്ടമടക്കം 17 തവണയാണ് തലസ്ഥാനം കപ്പിൽ മുത്തമിട്ടത്.
എന്നാൽ, പിന്നീടിങ്ങോട്ട് അത് കിട്ടാക്കനിയായി എന്നതും ചരിത്രം. അവസാനമായി കപ്പ് കയ്യിലെത്തിയത് 1989ൽ. കഴിഞ്ഞ മൂന്ന് ദശാബ്ദകാലമായി ഒരു തവണപോലും ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടാന്‍ കഴിഞ്ഞിട്ടില്ലെന്നത് അൽപം കയ്പേറിയത് യാഥാർഥ്യം.
ഓർമകളുടെ മണമുള്ള വേദികൾ..
കലോത്സവ ചരിത്രത്തോളം നീൾചയുണ്ട് കൗമാരമേളകളിലെ തലസ്ഥാനത്തിന്റെ സാന്നിധ്യത്തിന്. 1956ലെ ആദ്യ സംസ്ഥാന കലോത്സവത്തിന് വേദിയായി തീരുമാനിച്ചത് തിരുവനന്തപുരമാണെങ്കിലും അവസാന നിമിഷം എറണാകുളത്തേക്ക് മാറ്റി.
എന്നാൽ, രണ്ടാം സ്കൂൾ കലോത്സവത്തോടെ ഈ പോരായ്മ നികത്തി. ആദ്യമന്ത്രിസഭ അധികാരമേറ്റ് എട്ടു മാസങ്ങള്‍ക്കുശേഷം തിരുവനന്തപുരം മോഡല്‍ ഹൈസ്കൂളില്‍ വെച്ച് മൂന്നു ദിവസങ്ങളിയാണ് മത്സരങ്ങള്‍ അരങ്ങേറിയത്. അഞ്ചാം സ്കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളാന്‍ വീണ്ടും തിരുവനന്തപുരത്തിന് അവസരം ലഭിച്ചു. കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളിലായിരുന്നു കലോത്സവം.
സംസ്ഥാന കലോത്സവമെന്നാല്‍ ഒരുകാലത്ത് തിരുവനന്തപുരം ജില്ലയുടെ കുത്തകയായിരുന്നു. 1957 ൽ തുടങ്ങിയ കലോത്സവപാരമ്പര്യത്തിൽ ആദ്യത്തെ മൂന്നുവട്ടമടക്കം 17 തവണയാണ് തലസ്ഥാനം കപ്പിൽ മുത്തമിട്ടത്. എന്നാൽ പിന്നീടിങ്ങോട്ട് അത് കിട്ടാക്കനിയായി എന്നതും ചരിത്രം.
അവസാനമായി കപ്പ് കയ്യിലെത്തിയത് 1989 ൽ. കഴിഞ്ഞ മൂന്ന് ദശാബ്ദകാലമായി ഒരു തവണ പോലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ലെന്നത് അൽപം കയ്പേറിയത് യാഥാർഥ്യം. 1987ല്‍ കോഴിക്കോട് വച്ചു നടന്ന കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരത്തിന് കിട്ടിയ കപ്പ് രാഷ്ട്രീയ വിവാദമായതും ചരിത്രം.
കപ്പിന് താഴെ വെള്ളിത്തകിടില്‍ ‘എഡ്യൂക്കേഷൻ മിനിസ്റ്റർ ഗോൾഡൻ ട്രോഫി’ എന്നും അതിന് താഴെ ‘ഇൻസ്റ്റ്യൂറ്റഡ് ബൈ ടി.എം ജേക്കബ്, മിനിസ്റ്റർ ഓഫ് എഡ്യൂക്കേഷൻ 1986-87’ എന്ന് എഴുതിയിരുന്നതാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. ഈ വരികൾ മായ്ക്കണമെന്ന ആവശ്യം ഉയര്‍ന്നു.
1987ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വരികയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ. ചന്ദ്രശേഖരന്, മുന്‍ മന്ത്രിയുടെ പേര് കപ്പില്‍ നിന്നും മായ്ക്കുമെന്ന് നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. 1988ല്‍ കൊല്ലത്തുനടന്ന കലോത്സവത്തില്‍ പേരു മായ്ച്ച സ്വര്‍ണ്ണക്കപ്പാണ് ജേതാക്കളേറ്റുവാങ്ങിയത്.
മുഖച്ഛായമാറ്റത്തിനും വഴിയടയാളമായി...
സ്കൂൾ കലോത്സവത്തിന് പുതിയ മുഖം കൈവന്നതിനും തലസ്ഥാനം വേദിയായി. ഹൈസ്കൂളും ഹയർ സെക്കൻഡറിയും വൊക്കേഷനൽ ഹയർ സെക്കൻഡറിയുമൊക്കെ സംയോജിപ്പിച്ച് ഒറ്റ കലോത്സവമാക്കിയപ്പോൾ ആദ്യ വേദിയായത് തിരുവനന്തപുരം.
2009 ലായിരുന്നു ആ പുതിയ ചരിത്രം. ആശങ്കയായിരുന്നു അന്ന് സംഘാടകർക്ക്. ഇത്രയും കുരുന്നുകൾ, രക്ഷാകർത്താക്കൾ, കലാ-സാംസ്കാരിക പ്രവർത്തകർ, അധ്യാപകർ, മാധ്യമങ്ങൾ. ഒരുമിച്ചെത്തുമ്പോൾ താളം തെറ്റുമോയെന്ന്. പക്ഷേ, ഒന്നുമുണ്ടായില്ല. മികവിന്റെ തേരേറി കലോത്സവ ചരിത്രത്തിൽ പുതുശോഭ പകർന്നുകൊടുത്തു അന്ന് തിരുവനന്തപുരം. കലോത്സവം ഒന്നിച്ചു നടത്താൻ പിന്നെ ആത്മവിശ്വാസമായി.
2016 ൽ എറണാകുളത്തായിരുന്നു മേള നിശ്ചയിച്ചിരുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ച ശേഷം തികച്ചും അപ്രതീക്ഷിതമായാണ് തലസ്ഥാനത്തേക്കെത്തിയത്. തയ്യാറെടുക്കാൻ കിട്ടിയത് കഷ്ടിച്ച് ഒന്നരമാസം. അന്ന് പുത്തരിക്കണ്ടം മൈതാനത്തിന്റെ വിശാലതയിലായിരുന്നെങ്കിൽ ഇന്ന്സെൻട്രൽ സ്റ്റേഡിയത്തിന്റ ഊഷ്മളതയിലാണ് കേരളീയ മനസ്സ് കേന്ദ്രീകരിക്കുക. അതും പൂർണ്ണ തയ്യാറെടുപ്പോടെ.
തിരുവനന്തപുരം: കലോത്സവത്തിൽ പുതുതായി വിരുന്നെത്തിയ വിവിധ ഗോത്ര നൃത്ത ഇനങ്ങൾ വേദികളെ വർണാഭമാക്കും. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സംസ്ഥാന കലോത്സവ വേദിയിൽ പ്രദർശനയിനമായി ഇവയിൽ ചിലത് അരങ്ങേറിയിരുന്നെങ്കിലും മത്സരയിനമായി ആദ്യമായാണ് അരങ്ങിലെത്തുന്നത്.
ഉപജില്ല കലോത്സവ വേദികൾ തികഞ്ഞ പങ്കാളിത്തവുമായി നിറഞ്ഞ സദസ്സുകളും പുതിയ കലായിനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. വിവിധ സ്കൂളുകൾ ഈ ഗോത്ര ഇനങ്ങളിൽ മത്സരിക്കാൻ എത്തുന്നുണ്ട്. വയനാട് ഉൾപ്പെടെയുള്ള ഇടങ്ങളിൽനിന്ന് അധ്യാപകരെ നിയമിച്ചും യൂട്യൂബ് വിഡിയോകൾ കണ്ടുപഠിച്ചും ആണ് ഇവർ വേദികളിലെത്തുന്നത്. കലോത്സവ മത്സര വേദിയിൽ പതിനഞ്ച് മിനിട്ടാണ് ഇതിന് സമയം അനുവദിച്ചത്
എള്ളുള്ളേരി എള്ളുള്ളേരി മാണി നങ്കേരെ
ബിരാജ് പേട്ടേ ധുണ്ട് ഗയാ മാണി നങ്കേരെ
മാണി നങ്കേരെ തെങ്കാട്ടി ഗുമര നങ്കേരേ
ഗുമര നങ്കേരെ തെങ്കാട്ടി മാണി നങ്കേരെ
പ്രസീത ചാലക്കുടി ആലപിച്ച് പ്രേക്ഷക ഹൃദയം കവർന്ന ഈ പാട്ട് പലർക്കും മനഃപാഠമാണ്. എന്നാൽ, ഈ വരികൾ മംഗലം കളിയുടേതാണെന്ന് ആർക്കും അറിയില്ല. കാസർകോട്, കണ്ണൂർ ജില്ലകളിലെ മാവില, മലവേട്ടുവ സമുദായങ്ങളിൽ കല്യാണത്തലേന്ന് പാടി ചുവടുവെക്കുന്ന പരമ്പരാഗത കലാരൂപമാണിത്. സ്ത്രീ-പുരുഷൻമാർ പാട്ടിന്റെയും തുടിയുടെയും താളത്തിന് ഒത്ത് തുള്ളുമ്പോൾ വാദ്യ സംഘത്തിൽ തുടിക്കാണ് പ്രാധാന്യം. മംഗലം കളിയിൽ ഏഴ് തുടികളാണ് സാധാരണയായി ഉപയോഗിക്കുന്നത്.
പണിയ നൃത്തം
വയനാട് ജില്ലയിലെ പണിയ വിഭാഗക്കാരുടെ തനത് കലാരൂപമാണ് പണിയ നൃത്തം. ഇതിൽ വട്ടക്കളി, കമ്പളക്കളി എന്നീ രണ്ട് ഇനങ്ങളുണ്ട്. ആഘോഷങ്ങളിൽ ഞാറ് പറിച്ചുനടുന്ന സമയത്ത് വയലിൽ സ്ത്രീകളും പുരുഷന്മാരും തുടികൊട്ടി കുഴൽ പാടി കഥപറഞ്ഞ് ഞാറ് നടുന്ന സമയത്താണ് കമ്പള കളി അവതരിപ്പിക്കുക.
മലപ്പുലയാട്ടം
ഇടുക്കി ജില്ലയിലെ മലപ്പുലയൻ ആദിവാസി വിഭാഗത്തിലുള്ളവർ അവതരിപ്പിക്കുന്ന ഗോത്ര കലയാണ് മലപ്പുലയാട്ടം. മാരിയമ്മൻ, കാളിയമ്മൻ, മീനാക്ഷി എന്നീ ദേവതകളെ ആരാധിക്കുന്നതിന്റെ ഭാഗമായാണ് ഈ നൃത്തരൂപം ആചരിക്കുന്നത് ചിക്കു വാദ്യം, ഉറമി, കെട്ടുമുട്ടി, കട്ട വാദ്യം എന്നീ വാദ്യമേളങ്ങൾ ഉപയോഗിക്കുന്നു. കുഴൽ വിളിയോടെ തുടങ്ങുന്ന മലപ്പുലയാട്ടം സ്ത്രീകളും പുരുഷന്മാരും പരമ്പരാഗത വേഷമണിഞ്ഞാണ് അവതരിപ്പിക്കുന്നത്.
ഇരുള നൃത്തം
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലുള്ള ഇരുള വിഭാഗക്കാരുടെ കലാരൂപം. മരണാനന്തരച്ചടങ്ങുകളിലാണ് സാധാരണ അവതരിപ്പിക്കുന്നത്. പാട്ടുപാടി നൃത്തംചെയ്യുന്നതാണ് രീതി. തമിഴ് കലർന്ന മലയാളമാണ് ഭാഷ. കൊഗൽ (കുഴൽ), പറൈ, പീക്കി, ജാലറ തുടങ്ങിയ വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്.
പളിയ നൃത്തം
ഇടുക്കി ജില്ലയിലെ കുമളിയിലെ പളിയർ വിഭാഗക്കാരുടെ പാരമ്പര്യനൃത്തം. മഴക്കുവേണ്ടിയും രോഗശമനത്തിനുമായാണ് മുമ്പ് അവതരിപ്പിച്ചിരുന്നത്. ഉത്സവങ്ങൾക്കൊപ്പം ക്ഷേത്രങ്ങളിലും അവതരിപ്പിക്കാറുണ്ട്. മുളഞ്ചെണ്ട, നഗര, ഉടുക്ക്, ഉറുമി, ജാര തുടങ്ങിയവയാണ് വാദ്യോപകരണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.