സംസ്ഥാന സ്കൂൾ കലോത്സവം; പ്രധാന വേദി സെൻട്രൽ സ്റ്റേഡിയത്തിലേക്ക് മാറ്റി
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദി പുത്തരിക്കണ്ടം മൈതാനത്തുനിന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലേക്ക് മാറ്റാൻ തീരുമാനിച്ചതായി മന്ത്രി വി. ശിവൻകുട്ടി. പകരം പുത്തരിക്കണ്ടം മൈതാനത്തായിരിക്കും ഊട്ടുപുര. സെക്രട്ടേറിയറ്റിനോട് ചേർന്നുകിടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് കലോത്സവത്തിന്റെ പ്രധാന വേദി മാറ്റുന്നത് ഗതാഗതക്കുരുക്കുൾപ്പെടെ അസൗകര്യങ്ങൾക്കിടയാക്കുമെന്ന് പരാതി ഉയർന്നിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെ വേദി മാറ്റിയെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്.
ആയിരക്കണക്കിന് വിദ്യാർഥികളുൾപ്പെടെ എത്തുന്ന പരിപാടിക്ക് തിരക്കേറിയ സെക്രട്ടേറിയറ്റ് പരിസരത്തെ സ്റ്റേഡിയത്തിലും പരിസരത്തും മതിയായ വാഹന പാർക്കിങ് സൗകര്യവും ഏർപ്പെടുത്താൻ ബുദ്ധിമുട്ടാകും. തൈക്കാട് പൊലീസ് ഗ്രൗണ്ടിലാണ് 2016ൽ തിരുവനന്തപുരത്ത് കലോത്സവം നടന്നപ്പോൾ ഊട്ടുപുര ഒരുക്കിയിരുന്നത്. വിദ്യാർഥികൾക്ക് ഇവിടെ എത്തിപ്പെടാൻ ബുദ്ധിമുട്ടാകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുത്തരിക്കണ്ടത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ, കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കായി തൈക്കാട് ഗ്രൗണ്ട് വിട്ടുകൊടുക്കാൻ തീരുമാനിച്ചതോടെയാണ് ഊട്ടുപുരക്ക് നിശ്ചയിച്ച സ്ഥലം മാറ്റേണ്ടിവന്നത്. ഇതുവഴി പ്രധാന വേദി പുത്തരിക്കണ്ടം മൈതാനത്തുനിന്ന് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
നഗരത്തിലെ 25 വേദികളിലായാണ് കലോത്സവം നടക്കുക. ഭക്ഷണത്തിനുള്ള ടെൻഡർ നടപടികൾ ഈ മാസം 18നകം പൂർത്തീകരിക്കും. കുട്ടികൾക്ക് താമസസൗകര്യമൊരുക്കുന്നതിനായി നഗരത്തിലെ 25 സ്കൂളുകൾ തെരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്ക് സ്ഥാപിക്കും.
സംസ്ഥാന സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ജനുവരി നാലു മുതൽ എട്ടു വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. പി.ആർ ചേംബറിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്വാഗതസംഘം ചെയർമാൻ കൂടിയായ മന്ത്രി ജി.ആർ. അനിലിന് നൽകിയായിരുന്നു പ്രകാശനം.
തിരൂർ മീനടത്തൂർ ‘ആഷിയാന’യിൽ അസ്ലം തിരൂർ ആണ് ലോഗോ രൂപകൽപന ചെയ്തത്. വി.കെ. പ്രശാന്ത് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, മേയർ ആര്യാ രാജേന്ദ്രൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.