സംസ്ഥാന സ്കൂൾ കായിക മേള: ‘ട്രാക്കി’ലാക്കാൻ മലപ്പുറം പട
text_fieldsമലപ്പുറം: എറണാകുളത്തെ കൗമാര കായികോത്സവത്തിന് ട്രാക്കുണരുമ്പോൾ കിരീടം നേടാനുറച്ച് മലപ്പുറം പട. കഴിഞ്ഞതവണ രണ്ട് തവണ ട്രാക്കിൽ ചരിത്രം കുറിച്ച് സ്കൂൾ ചാമ്പ്യന്മാരായ കടകശ്ശേരി ഐഡിയൽ തന്നെയാണ് മലപ്പുറത്തിന്റെ കരുത്ത്. കൂടെ തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസും കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂരും ചേരുമ്പോൾ ഇത്തവണ മലപ്പുറത്തിന് കിരീട പ്രതീക്ഷ ഏറെയാണ്.
ജില്ല കായികമേളയിൽ 29 സ്വർണവും 32 വെള്ളയും നേടിയാണ് ഐഡിയൽ സംസ്ഥാന മീറ്റിലേക്ക് വരുന്നത്. ഐഡിയലിനൊപ്പം ജില്ലതലത്തിൽ 23 സ്വർണം നേടിയ തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസും 11 സ്വർണം നേടിയ കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ സ്കൂളും സംസ്ഥാന മീറ്റിൽ മലപ്പുറത്തിനെറ കരുത്തറിയിക്കാൻ ഒരുങ്ങിയിട്ടുണ്ട്. ഗെയിംസ് ഇനത്തിൽ 142 താരങ്ങളുമായി കൊട്ടൂക്കര സ്കൂളും ജില്ലക്കഭിമാനമാവാൻ പോരിനിറങ്ങും.
കഴിഞ്ഞ തവണ കുന്നുകുളത്ത് നടന്ന കായികമേളയിൽ ഐഡിയൽ സ്കൂളിൽനിന്ന് 30 താരങ്ങളാണ് പങ്കെടുത്തതെങ്കിൽ ഇത്തവണ 40 താരങ്ങളാണ് പോരാട്ടത്തിനിറങ്ങുന്നത്. രണ്ട് തവണ കിരീടവുമായി മടങ്ങാനായെങ്കിൽ ഇത്തവണ അതു വിട്ടു കൊടുക്കാതിരിക്കാനാണ് ഐഡിയലിന്റെ യാത്ര.
പോൾവോൾട്ട് അടക്കം ചിലയിനങ്ങളിൽ ഇത്തവണ സംസ്ഥാന റെക്കോർഡുകൾ ഭേദിക്കുന്നതിലൂന്നിയുള്ള പരിശിലനം താരങ്ങൾക്കും കൂടുതൽ ആത്മവിശ്വാസമേകിയിട്ടുണ്ട്. ആഴ്ചയിൽ ആറ് ദിവസം രാവിലെ ആറ് മുതൽ ഒമ്പത് വരെയും വൈകീട്ട് 4.30 മുതൽ ഏഴ് വരെയുമാണ് ഐഡിയൽ കാമ്പസ് സ്റ്റേഡിയത്തിൽ പരിശീലനം. ഞായറാഴ്ചകളിൽ തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാണ് പരിശീലനം.
കായിക വിഭാഗം മേധാവി ഷാഫി അമ്മായത്തിന്റെ നേതൃത്വത്തിൽ ചീഫ് കോച്ച് നദീഷ് ചാക്കോ, സീനിയർ കോച്ച് ടോമി ചെറിയാൻ, അസിസ്റ്റന്റ് കോച്ച് കെ.ആർ. സുജിത് എന്നിവരടങ്ങുന്ന ടീമാണ് ഐഡിയലിന്റെ പരിശീലനത്തിന് ചുക്കാൻ പിടിക്കുന്നത്. ആലത്തിയൂർ സ്കൂളിനായി റിയാസ്, ഷാജിർ എന്നിവരും നവാമുകുന്ദക്കായി ഗിരീഷ്, വി. മുഹമ്മദ് ഹർഷാദുമാണ് കായിക താരങ്ങളുടെ പരശീലനത്തിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.