മഹാകൗമാരമേളക്ക് നാളെ തലസ്ഥാനത്ത് അരങ്ങുണരും
text_fieldsതിരുവനന്തപുരം: മഹാകൗമാരമേളക്ക് അവസാന ഒരുക്കങ്ങളും പൂർത്തിയാക്കി തലസ്ഥാനം. ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയെന്ന ഖ്യാതിയുള്ള സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ 63ാം പതിപ്പിന് ശനിയാഴ്ച തിരുവനന്തപുരത്ത് അരങ്ങുണരും. തുടർന്നങ്ങോട്ട് അഞ്ചുനാൾ കലാകേരളത്തിന്റെ കണ്ണും കരളും തലസ്ഥാനത്തെ 25 വേദികൾക്ക് ചുറ്റുമാകും. ഒമ്പതു വർഷത്തെ ഇടവേളക്കുശേഷം വീണ്ടുമെത്തുന്ന കലോത്സവത്തെ ഏറ്റെടുക്കാൻ തിരുവനന്തപുരവും ഒരുങ്ങിക്കഴിഞ്ഞു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലും അറബിക്, സംസ്കൃതോത്സവങ്ങളിലുമായി 249 ഇനങ്ങളിൽ 15000ത്തോളം പ്രതിഭകളാണ് കലയുടെ മാറ്റളക്കാനെത്തുന്നത്. മലയാളത്തിന്റെ മഹാ എഴുത്തുകാരൻ എം.ടിയുടെയും എഴുത്തിലും ജീവിതത്തിലും അദ്ദേഹത്തെ സ്വാധീനിച്ച നിളാ നദിയുടെയും പേരുകൾ ഒരുമിച്ചുചേർത്ത് ‘എം.ടി -നിള’ എന്ന് നാമകരണം ചെയ്ത പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ശനിയാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മഹാമേളക്ക് തിരിതെളിക്കും. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തും.
25 വേദികൾക്കും ഊട്ടുപുരയായ പുത്തരിക്കണ്ടം മൈതാനത്തിനും കേരളത്തിലെ നദികളുടെ പേരാണ് നൽകിയിരിക്കുന്നത്. കലാമണ്ഡലത്തിലെയും പൊതുവിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത വിദ്യാർഥികളുമടങ്ങുന്ന സംഘം അവതരിപ്പിക്കുന്ന നൃത്തശിൽപം ഉദ്ഘാടന വേദിയിലെ പ്രധാന പരിപാടിയാണ്. ഇതിനുപുറമെ, വയനാട് മുണ്ടക്കൈ ദുരന്തത്തിൽ തകരുകയും 33 കുട്ടികൾ മരിക്കുകയും ചെയ്ത വെള്ളാർമല സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന അതിജീവനത്തിന്റെ നൃത്തച്ചുവടുകളും ഉദ്ഘാടന വേദിയിൽ അരങ്ങേറും.
കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങൾ കൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകുകയാണ്. മംഗലം കളി, പണിയനൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതിയ ഇനങ്ങൾ. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പായി 1000 രൂപ നൽകും. വിജയികളാകുന്ന ടീമിന് നൽകുന്ന സ്വർണക്കപ്പ് ജില്ലകളിലെ പ്രയാണം പൂർത്തിയാക്കി വെള്ളിയാഴ്ച വൈകീട്ട് ആറിന് കലോത്സവ വേദിയിലെത്തുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നഗരത്തിലെ 25 സ്കൂളുകളിലാണ് വിദ്യാർഥികൾക്ക് താമസ സൗകര്യം. ജനുവരി എട്ടിന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ ടൊവിനൊ തോമസ് മുഖ്യാതിഥിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.