വേഗറാണി പട്ടം കൈവിടാതെ സഹോദരിമാർ
text_fieldsതേഞ്ഞിപ്പാലം: സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റിൽ വേഗപ്പോരിൽ തുടർച്ചയായ രണ്ടാം വർഷവും കുടുംബ വാഴ്ച. മീറ്റിലെ ഗ്ലാമർ ഇനമായ 100 മീറ്ററിൽ തിരുവനന്തപുരത്തിന്റെ എ.പി. ഷിൽബി സ്വർണം നേടിയതോടെ തുടർച്ചയായ രണ്ടാം വർഷവും വേഗതയുടെ റാണിപട്ടം സഹോദരിമാരുടെ പേരിലായി. കഴിഞ്ഞ സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റിൽ 100 മീറ്ററിൽ ഷിൽബിയുടെ മൂത്ത സഹോദരി എ.പി. ഷീൽഡക്കായിരുന്നു സ്വർണം. ചേച്ചിയേക്കാൾ വേഗത്തിൽ പൂർത്തിയാക്കിയാണ് ഷിൽബി മെഡലിൽ മുത്തമിട്ടത്. ഷീൽഡ 11.87 സെക്കൻഡ് കൊണ്ടാണ് മത്സരം പൂർത്തിയാക്കിയതെങ്കിൽ ഷിൽബി 11.84 സെക്കൻഡ് കൊണ്ട് ഫിനിഷ് ചെയ്തു. അത്ലറ്റിക്സിൽ നാഷനൽ മെഡലിസ്റ്റുകളായ ഈ സഹോദരിമാർ മീറ്റ് റെക്കോഡ് ഉൾപ്പെടെ നിരവധി സ്വർണങ്ങൾ ഒറ്റക്കും ഒരുമിച്ചും ട്രാക്കിൽനിന്ന് വാരിക്കൂട്ടിയിട്ടുണ്ട്. ദേശീയ ഗെയിംസിൽ 4x100 റിലേയിൽ ഈ സഹോദരിമാർ ഒത്തൊരുമിച്ചപ്പോഴും ഫലം ഒന്നാംസ്ഥാനമായിരുന്നു.
കേരള യൂനിവേഴ്സിറ്റി മീറ്റിൽ 200 മീറ്ററിൽ ഷിൽബിയുടെ പേരിലാണ് നിലവിൽ മീറ്റ് റെക്കോഡ്. സ്കൂൾ തലം മുതൽ ഇരുവരും അത്ലറ്റിക്സ് രംഗത്ത് സജീവമാണ്. ആലപ്പുഴ മുഹമ്മ സ്വദേശികളായ അഞ്ജുതൈക്കൽ പുരുഷോത്തമൻ - വിശാലിനി ദമ്പതികളുടെ മക്കളാണ്. കേരള പൊലീസ് ഹെഡ്കോൺസ്റ്റബിളാണ് ഷിൽബി. ഇൻകംടാക്സ് ഉദ്യോഗസ്ഥയാണ് ഷീൽഡ. കേരള പൊലീസിലെ വിവേകാണ് ഷിൽബിയുടെ പരിശീലകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.