സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് വർണാഭ തുടക്കം
text_fieldsകോട്ടയം: പരിമിതികളെ കലയുടെ വർണച്ചാർത്തിൽ ചേർത്തുനിർത്തുന്ന സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് കോട്ടയത്ത് വർണാഭ തുടക്കം. കോട്ടയം ബേക്കർ മെമ്മോറിയൽ എച്ച്.എസ് സ്കൂളിൽ ആരംഭിച്ച കലോത്സവം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എം.പി വിശിഷ്ടാതിഥിയായി.
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, കോട്ടയം നഗരസഭ അംഗങ്ങളായ സിൻസി പാറയിൽ, അഡ്വ. ഷീജ അനിൽ, സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ എം.കെ. ഷൈൻ മോൻ, എസ്.ഐ.ഇ.ടി-സിമാറ്റ് ഡയറക്ടർ ബി. അബുരാജ്, ഹയർ സെക്കൻഡറി മേഖല ഉപഡയറക്ടർ എം. സന്തോഷ് കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, സ്കൂൾ പ്രിൻസിപ്പൽ ഷിബു തോമസ്, വൊക്കേഷനൽ ഹയർസെക്കൻഡറി അസി. ഡയറക്ടർ അനിൽ കുമാർ, ഫാ. അനീഷ് എം. ഫിലിപ്പ് എന്നിവർ സംസാരിച്ചു.
വ്യാഴാഴ്ച രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു പതാകയുയർത്തി. ഒളശ്ശ സർക്കാർ അന്ധവിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി എം.വി. വിസ്മയയുടെ സ്വാഗതഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വിസ്മയയെ മന്ത്രിമാരും ജനപ്രതിനിധികളും അഭിനന്ദിച്ചു.യു.പി മുതൽ ഹയർസെക്കൻഡറി വരെയുള്ള 1600 ഭിന്നശേഷി വിദ്യാർഥികളാണ് കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിലെ എട്ടു വേദിയിലായി നടക്കുന്ന കലാമാമാങ്കത്തിൽ മാറ്റുരക്കുന്നത്.
ശ്രവണ പരിമിതിയുള്ളവർക്ക് എട്ടു വ്യക്തിഗത ഇനങ്ങളിലും ഏഴു ഗ്രൂപ് ഇനങ്ങളിലും കാഴ്ചപരിമിതിയുള്ളവർക്ക് അഞ്ചു വിഭാഗത്തിലായി 16 വ്യക്തിഗത ഇനങ്ങളിലുമാണ് മത്സരം. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കായി ആറു വ്യക്തിഗത ഇനങ്ങളും മൂന്ന് ഗ്രൂപ്പിനം മത്സരങ്ങളുമാണുള്ളത്.
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കുള്ള മോഹിനിയാട്ടം, നാടോടി നൃത്തം, സംഘനൃത്തം, ലളിതഗാനം, സംഘഗാനം, ദേശഭക്തി ഗാനം, ഉപകരണ സംഗീതം, ചിത്രരചന, പെൻസിൽ, ജലച്ചായം മത്സരങ്ങളാണ് വ്യാഴാഴ്ച നടന്നത്. വെള്ളിയാഴ്ച ശ്രവണ പരിമിതിയുള്ളവർക്കായുള്ള നാടോടിനൃത്തം, സംഘനൃത്തം, ഒപ്പന, മൈം, കാഴ്ച പരിമിതിയുള്ളവർക്കായുള്ള നാടോടിനൃത്തം, ദേശഭക്തിഗാനം, മിമിക്രി, കഥാപ്രസംഗം, മോണോ ആക്ട്, ലളിതഗാനം,പദ്യം ചൊല്ലൽ, ഉപകരണ സംഗീതം, ചിത്രരചന, കാർട്ടൂൺ, കഥാരചന, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, ബാൻഡ് മേളം മത്സരങ്ങൾ നടക്കും.
തൃശൂർ മുന്നിൽ
സ്‌പെഷൽ സ്കൂൾ കലോത്സവത്തിൽ തൃശൂർ മുന്നിൽ. 61 പോയന്‍റുമായാണ് പൂരനഗരിയുടെ മുന്നേറ്റം. 57 പോയന്‍റുമായി മലപ്പുറം ജില്ല തൊട്ടുപിന്നിലുണ്ട്. തിരുവനന്തപുരമാണ് മൂന്നാമത് -53 പോയന്‍റ്. പത്തനംതിട്ട (48), ഇടുക്കി (41) ജില്ലകളാണ് നാലും അഞ്ചും സ്ഥാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.