പ്രിയ സഖാവിന് പതിനായിരങ്ങളുടെ അകമ്പടിയോടെ അന്ത്യയാത്ര
text_fieldsകണ്ണൂർ: അന്തരിച്ച മുതിർന്ന സി.പി.എം നേതാവും പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന് പതിനായിരങ്ങളുടെ അകമ്പടിയോടെ അന്ത്യയാത്ര. കണ്ണൂർ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് ശേഷം സംസ്കാര സ്ഥലമായ കണ്ണൂർ പയ്യാമ്പലത്തേക്ക് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര രണ്ട് മണിക്ക് ആരംഭിച്ചു. മൂന്ന് മണിക്ക് ശേഷമാണ് സംസ്കാരം നടക്കുക. പയ്യാമ്പലം കടപ്പുറത്ത് രാഷ്ട്രീയഗുരു ഇ.കെ. നായനാർ, പാർട്ടി മുൻ സെക്രട്ടറി ചടയൻ ഗോവിന്ദൻ എന്നിവരുടെ സ്മൃതികുടീരത്തിന് സമീപത്തായാണ് കോടിയേരിക്ക് ചിതയൊരുക്കുന്നത്. അതിനുള്ള മുന്നൊരുക്കങ്ങൾ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂർത്തിയായി.
പ്രിയ സഖാവിനെ അവസാനമായി കാണാൻ ജില്ല കമ്മിറ്റി ഓഫിസിൽ ആയിരങ്ങളാണെത്തിയത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവർ അന്ത്യാഭിവാദ്യമർപ്പിച്ചു.
വസതിയിലെ പൊതുദർശനത്തിന് ശേഷമാണ് വിലാപയാത്രയായി ജില്ല കമ്മിറ്റി ഓഫിസിലേക്ക് കൊണ്ടുവന്നത്. പാതയിലുടനീളം നൂറുകണക്കിനാളുകൾ മുദ്രാവാക്യം വിളികളുമായി അന്ത്യാഭിവാദ്യമർപ്പിക്കാനായി കാത്തുനിന്നിരുന്നു.
ഇന്നലെ രാത്രി 10 വരെ തലശ്ശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ജനപ്രവാഹമായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രമുഖ വ്യക്തികളും പാർട്ടി പ്രവർത്തകരും സാധാരണക്കാരുമെല്ലാം കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന നേതാവിന് ആദരാഞ്ജലികളർപ്പിക്കാനെത്തി.
(മുഖ്യമന്ത്രി പിണറായി വിജയൻ, എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി തുടങ്ങിയവർ കോടിയേരിയുടെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം)
രാത്രി 11ഓടെ തലശ്ശേരി മാടപ്പീടികയിലെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുമ്പോഴേക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളും വീട്ടിലെത്തിയിരുന്നു. അർധരാത്രി കഴിഞ്ഞും ആളുകൾ കോടിയേരിയുടെ ഭൗതികദേഹത്തിൽ അന്ത്യാഭിവാദ്യമർപ്പിക്കാനായി വീട്ടിലേക്കെത്തി.
സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് ശേഷം വൈകീട്ട് മൂന്നോടെ സംസ്കാരത്തിനായി പയ്യാമ്പലത്തേക്ക് കൊണ്ടുപോകും. സ്ഥലപരിമിതി കണക്കിലെടുത്ത് പാർട്ടി നേതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമാണ് സംസ്കാര ചടങ്ങ് നടക്കുന്ന തീരത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ബാക്കിയുള്ളവർക്ക് ദൂരെനിന്ന് ചടങ്ങ് കാണാൻ സംവിധാനമൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.