ഓൺലൈൻ കെണികളിൽപ്പെട്ട് ജീവിതം മടുത്തവരെ ചേർത്ത് പിടിക്കാൻ സംസ്ഥാന യുവജന കമീഷൻ
text_fieldsമലപ്പുറം: ലോൺ ആപ്പുകൾ ഉൾെപ്പടെയുള്ള ഓൺലൈൻ കെണികളിൽപ്പെട്ട് ജീവിതം അവസാനിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് സംസ്ഥാന യുവജന കമീഷൻ അധ്യക്ഷൻ എം. ഷാജർ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ല യുവജന കമീഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടിപ്പിന് ഇരയാകുന്നവർ പ്രശ്നം സ്വയം പരിഹരിക്കാനാകുമെന്ന ധാരണയിൽ കഴിയാതെ യുവജന കമീഷനെയോ പൊലീസിനെയോ വിവരമറിയിക്കണം. ഓൺലൈൻ ഗെയിം മേഖലയിലെ ചതിക്കുഴികളിൽ അകപ്പെടുന്ന വിദ്യാർഥികളടക്കമുള്ളവരെ ഏതുവിധേനയും സഹായിക്കാൻ യുവജന കമീഷൻ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
യുവജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി ഓരോ ജില്ലയിലും യുവജന-വിദ്യാർഥി നേതൃത്വത്തെ പങ്കെടുപ്പിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. തുടർന്ന് ഇവരിലൂടെ മുഴുവൻ യുവജനങ്ങളിലേക്കും കാമ്പയിൻ സന്ദേശം എത്തിക്കാനാണ് പദ്ധതി. ഇതിന്റെ മുന്നോടിയായി ആറ് വർഷത്തിനിടെ സംസ്ഥാനത്ത് നടന്ന ആത്മഹത്യകളെക്കുറിച്ച് പഠനം നടത്തും. സർക്കാറിന് സമർപ്പിക്കുന്ന ഈ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കമീഷന്റെ ഭാവിപ്രവർത്തനങ്ങൾ ക്രമീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന പ്രവണത സംസ്ഥാനത്ത് വർധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അഭ്യസ്തവിദ്യരായ നിരവധി പേരാണ് ലക്ഷങ്ങൾ നൽകി വഞ്ചിതരായി കമീഷന് മുന്നിൽ പരാതിയുമായി എത്തുന്നത്. സ്ഥാപനങ്ങളുടെ വിശ്വാസ്യത പരിഗണിക്കാതെയും മതിയായ രേഖകളില്ലാതെയും പണം നൽകാതിരിക്കാൻ രക്ഷിതാക്കളും യുവജനങ്ങളും ജാഗ്രത പാലിക്കണമെന്നും കമീഷൻ അധ്യക്ഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.