ശിവശങ്കറിന്‍റെ അറസ്റ്റിൽ നിർണായകമായത് സ്വപ്നയുടെയും വേണുഗോപാലിന്‍റെയും മൊഴി
text_fieldsതിരുവനന്തപുരം: സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിൽ നിർണായകമായത് കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെയും ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിന്‍റെയും മൊഴികൾ. ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് ബുധനാഴ്ച രാത്രിയോടെ ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ശിവശങ്കറും സ്വപ്നയുമായുള്ള സാമ്പത്തിക ഇടപാടുകളെപ്പറ്റി വ്യക്തമായ സൂചന അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. ശിവശങ്കറുടെ നിർദേശപ്രകാരമാണ് സ്വപ്നക്കൊപ്പം ഒരുമിച്ച് ലോക്കർ തുറന്ന് 30 ലക്ഷം നിക്ഷേപിച്ചതെന്ന് നേരത്തേ ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാൽ ഇ.ഡിക്ക് മൊഴി നൽകിയിരുന്നു. ലോക്കറിെൻറ താക്കോൽ സൂക്ഷിച്ചിരുന്നത് താനാണെന്നും ഇയാൾ സമ്മതിച്ചിരുന്നു.
തെളിവായി വാട്സ്ആപ് സന്ദേശം
എസ്.ബി.ഐ തിരുവനന്തപുരം സിറ്റി മെയിൻ ബ്രാഞ്ചിൽ അക്കൗണ്ട് തുറക്കുന്നതിെൻറ തലേന്ന് 35 ലക്ഷം കൊടുത്തുവിടുന്നുണ്ടെന്ന് കാട്ടി വേണുഗോപാലിന് ശിവശങ്കർ വാട്സ്ആപ് സന്ദേശം അയച്ചിരുന്നു. ശിവശങ്കർ 30 ലക്ഷമാണ് കൊടുത്തുവിട്ടതെന്നായിരുന്നു വേണുഗോപാലിെൻറ മൊഴി. 20 ലക്ഷം ലോക്കറിൽ സൂക്ഷിക്കാൻ സഹായിച്ചെന്നാണ് നേരത്തേ നടന്ന ചോദ്യം ചെയ്യലിൽ ശിവശങ്കർ പറഞ്ഞത്. എന്നാൽ, വാട്സ്ആപ് ചാറ്റുകളിൽനിന്ന് 30 ലക്ഷം കൈമാറിയതായി വ്യക്തമായിരുന്നു.
ലോക്കറിൽ സൂക്ഷിച്ച തുകയിൽ ശിവശങ്കറുടെ പണവുമുണ്ടായിരുന്നോ എന്നും സ്വർണക്കടത്തിൽ നേട്ടമുണ്ടാക്കിയിട്ടുണ്ടോ എന്നുമാണ് ഇ.ഡി പ്രധാനമായും പരിശോധിച്ചത്. പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതോടെ ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചിരുന്നു.
അന്വേഷണ ഏജൻസികൾ ചോദ്യംചെയ്തത് 101 മണിക്കൂറിലേറെ
സ്വപ്നയുമായി ശിവശങ്കറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി നേരത്തേതന്നെ ഇ.ഡി സ്ഥിരീകരിച്ചിരുന്നു. നേരത്തേ പലതവണയായി അന്വേഷണ ഏജൻസികൾ 101 മണിക്കൂറിലേറെയാണ് ശിവശങ്കറെ ചോദ്യം ചെയ്തത്. മുൻകൂർ ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമുള്ള ഇ.ഡിയുടെ ശക്തമായ വാദത്തെതുടർന്നാണ് മുൻകൂർ ജാമ്യം നിരസിച്ചതും അറസ്റ്റിലേക്ക് നീങ്ങിയതും. ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലിനെ സാക്ഷിയാക്കിയാണ് ശിവശങ്കറിനെതിരെ കൂടുതൽ വിവരങ്ങൾ ഇ.ഡി ശേഖരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.