സംസ്ഥാനത്തെ ആദ്യ സീപ്ലെയിൻ മാട്ടുപ്പെട്ടി ഡാമിൽ വിജയകരമായി പറന്നിറങ്ങി
text_fieldsതൊടുപുഴ/കൊച്ചി: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലക്ക് കുതിപ്പേകി ആദ്യ സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കൽ വിജയം. കൊച്ചി ബോൾഗാട്ടി മറീനയിൽനിന്ന് ടേക് ഓഫ് ചെയ്ത വിമാനം അരമണിക്കൂർ കൊണ്ട് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിൽ പറന്നിറങ്ങി. അരമണിക്കൂറിലേറെ നേരം വിമാനം അണക്കെട്ടിൽ തങ്ങി. തെളിഞ്ഞ അന്തരീക്ഷത്തിലായിരുന്നു വിമാനം ലാൻഡ് ചെയ്തത്.
ഏതാണ്ട് മൂന്ന് കിലോമീറ്റർ ദൂരത്തിൽ വിശാലമായിക്കിടക്കുന്ന ജലപ്പരപ്പാണ് മാട്ടുപ്പെട്ടി ഡാമിലേത്. എല്ലാക്കാലത്തും വെള്ളമുണ്ടാകുമെന്നതാണ് ഇവിടത്തെ പ്രത്യേകത. കൊച്ചിയിൽനിന്ന് മൂന്നാറിലെത്താൻ വെറും 30 മിനിറ്റ് മതിയെന്നതാണ് പ്രധാന ആകർഷണം. പകൽ 11ഓടെയാണ് വിമാനം മാട്ടുപ്പെട്ടി ഡാമിലെ ജലനിരപ്പ് തൊട്ടത്. അഡ്വ.എ. രാജ എം.എൽ.എ, കെ.എസ്.ഇ ബി ചെയർമാനും എം.ഡിയുമായ ബിജു പ്രഭാകർ, ടൂറിസം അഡീഷനൽ ഡയറക്ടർ പി.വിഷ്ണുരാജ്, എറണാകുളം ഡി.ഡി.സി അശ്വതി ശ്രീനിവാസ്, സിയാൽ ഡയറക്ടർ മനു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അശ്വനി പി. കുമാർ, എറണാകുളം ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിരാന്ദ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
മാട്ടുപ്പെട്ടിയിൽ വിമാനത്തിന്റെ സ്വീകരണ പരിപാടിയിൽ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായിരുന്നു. സീപ്ലെയിനുമായി ബന്ധപ്പെട്ട എല്ലാ ആശങ്കയും പരിഹരിക്കുമെന്ന് റോഷി അഗസ്റ്റിൻ അറിയിച്ചു. അഡ്വ എ.രാജ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ചെയർമാൻ ബിജു പ്രഭാകർ ആമുഖ പ്രഭാഷണം നടത്തി.
എം.എം. മണി എം.എൽ.എ, ദേവികുളം സബ്കലക്ടർ വി.എം. ജയകൃഷ്ണൻ, ഡാം സേഫ്റ്റി ചീഫ് എൻജിനീയർ എസ്.നന്ദകുമാർ എന്നിവർ പങ്കെടുത്തു. കൊച്ചിക്കായലിലെ പാലസ് വാട്ടര്‍ഡ്രോമില്‍ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് രാവിലെ 10.30ന് ആദ്യ സീപ്ലെയിൻ സർവിസ് ഫ്ലാഗ് ഓഫ് ചെയ്തത്. കനേഡിയന്‍ കമ്പനിയായ ഡിഹാവ് ലാന്‍ഡ് കാനഡ കമ്പനിയുടെ 17 സീറ്റുള്ള വിമാനമാണ് സ്പൈസ് ജെറ്റിന്റെ സഹകരണത്തോടെ സർവിസ് നടത്തുന്നത്.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി. രാജീവ്, വി. ശിവന്‍കുട്ടി, വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ സീപ്ലെയിനില്‍ ഹ്രസ്വയാത്രയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.