നവകേരള സദസ്സിന് നഗരസഭ ഫണ്ട്: ഉത്തരവിന് സ്റ്റേ
text_fieldsകൊച്ചി: നവകേരള സദസ്സിന് നഗരസഭ ഫണ്ടിൽനിന്ന് പണം ചെലവിടാൻ അനുമതി നൽകുന്ന സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. പണം കൈമാറാൻ നഗരസഭ സെക്രട്ടറിമാർക്ക് അധികാരം നൽകി പുറപ്പെടുവിച്ച ഉത്തരവിലെ ബന്ധപ്പെട്ട നിർദേശമാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സ്റ്റേ ചെയ്തത്. നഗരസഭ കൗൺസിൽ നിയമപരമായി തീരുമാനമെടുത്താൽ മാത്രമേ ഈ പരിപാടിക്ക് നഗരസഭ ഫണ്ടിൽനിന്ന് സംഭാവന നൽകാനാവൂവെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
നവകേരള സദസ്സിന് പണം നൽകാൻ നഗരസഭ സെക്രട്ടറിമാർക്ക് അധികാരം നൽകുന്ന സർക്കാർ ഉത്തരവിലെ നിർദേശം ചോദ്യംചെയ്ത് പറവൂർ നഗരസഭ ചെയർപേഴ്സൻ ബീന ശശിധരൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഈ ഹരജി തീർപ്പാകുംവരെയാണ് സ്റ്റേ.
നവകേരള സദസ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒക്ടോബർ 27ന് പുറപ്പെടുവിച്ച ഉത്തരവിലാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് ചെലവിടാൻ തദ്ദേശ ഭരണ വകുപ്പ് അനുമതി നൽകണമെന്ന് സർക്കാർ നിർദേശിച്ചിരുന്നത്. ഇതുപ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നിശ്ചിത തുക നവകേരള സദസ്സിന് ചെലവിടാൻ അനുമതി നൽകി നവംബർ ഒന്നിന് തദ്ദേശഭരണ അഡീ. ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
ഇതേതുടർന്ന് പറവൂർ നഗരസഭ സെക്രട്ടറിയടക്കം പണം അനുവദിച്ച് ഉത്തരവിറക്കി. ഇത്തരം ഉത്തരവുകൾ തദ്ദേശസ്ഥാപനങ്ങളുടെ സ്വയം ഭരണാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. എന്നാൽ, നിർബന്ധപൂർവമുള്ള ഉത്തരവല്ലെന്നും സ്വന്തം ഫണ്ടിൽനിന്ന് ചെലവഴിക്കാൻ നഗരസഭകൾക്ക് അനുമതി നൽകുകയാണ് ചെയ്തതെന്നും അഡീ. ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം ഉത്തരവ് നൽകാൻ സർക്കാറിന് അധികാരമുണ്ടെന്നും ഹരജി ദുരുദ്ദേശ്യപരമാണെന്നും അഡ്വക്കറ്റ് ജനറൽ ആരോപിച്ചു. എന്നാൽ, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് സർക്കാറിനുവേണ്ടി ചെലവാക്കണമെന്ന് ഉത്തരവിടാൻ സർക്കാറിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.