51 താൽക്കാലിക ഡ്രൈവർമാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് സ്റ്റേ
text_fieldsതിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനിൽക്കേ പഞ്ചായത്തുകളിലെ താൽക്കാലിക ഡ്രൈവർമാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി. 51 താൽക്കാലിക ഡ്രൈവർമാരെ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്തിയ മന്ത്രിസഭ തീരുമാനം കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു.
സർക്കാറിനോട് വിശദീകരണവും തേടി. കണ്ണൂർ, ഇടുക്കി, കോഴിക്കോട്, കോട്ടയം, കൊല്ലം ജില്ലകളിൽ നിന്നുള്ള റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികൾ ഫയൽ ചെയ്ത ഹരജിയിലാണ് ട്രൈബ്യൂണൽ നടപടി.
പത്തുവർഷം സേവനം പൂർത്തിയാക്കിയ 51 താൽകാലികക്കാരെയാണ് സൂപ്പർ ന്യൂമററി തസ്കിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്താൻ കഴിഞ്ഞ മന്ത്രിസഭ യോഗം തീരുമാനിച്ചത്. സേവനം അനുഷ്ഠിക്കുന്ന ഗ്രാമപഞ്ചായത്തുകളിലോ നഗരസഭകളിലോ എൽ.ഡി.വി ഡ്രൈവർ ഗ്രേഡ് രണ്ട് തസ്തിയിൽ നിയമിക്കാനായിരുന്നു തീരുമാനം.
ഇതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ, വൈസ് പ്രസിഡൻറ് കെ.എസ്. ശബരീനാഥ്, ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം എന്നിവർ എൽ.ഡി.വി ഡ്രൈവർ റാങ്ക് ഹോൾഡേഴ്സുമായി ബന്ധപ്പെട്ട് നടത്തിയ നിയമനടപടികളാണ് സർക്കാറിന് തിരിച്ചടിയായത്. പാലക്കാട്, വയനാട്, കാസർകോട് ഒഴികെ ജില്ലകളിൽ എൽ.ഡി.വി ഗ്രേഡ് 2ന് പി.എസ്.സി റാങ്ക് പട്ടിക നിലവിലുണ്ട്. 2018 ഫെബ്രുവരി ആറിന് നിലവിൽ വന്ന റാങ്ക് പട്ടികക്ക് ഇനി മൂന്ന് മാസമേ കാലാവധിയുള്ളൂ.
റാങ്ക് പട്ടിക നിലവിൽവന്ന് മൂന്നുവർഷമായിട്ടും 14 ജില്ലകളിലായി 1046 നിയമനമാണ് നടന്നത്. നേരത്തെ 2000 മുതൽ 3000 വരെ നിയമനം നടന്ന സ്ഥാനത്താണിത്. 11 ജില്ലകളുടെ റാങ്ക് പട്ടിക ഫെബ്രുവരി അഞ്ചിന് റദ്ദാകും. തിരുവനന്തപുരത്ത് പി.എസ്.സിയിൽപോലും താൽക്കാലികാടിസ്ഥാനത്തിലാണ് ഡ്രൈവർമാരെ നിയമിക്കുന്നതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
തിരുവനന്തപുരത്ത് 172 പേർക്കാണ് ഇതുവരെ നിയമന ശിപാർശ നൽകിയത്. ജൂണിലാണ് അവസാനം നിയമന ശിപാർശ അയച്ചത്. 214 നിയമന ശിപാർശ നടന്ന എറണാകുളമാണ് മുന്നിൽ. പി.എസ്.സി റാങ്ക് നിലനിൽക്കെ പിൻവാതിൽ സ്ഥിരപ്പെടുത്തൽ നടന്നത് നിയമവിരുദ്ധമായാണെന്ന് തെളിഞ്ഞതായും എണ്ണൂറിലധികം പഞ്ചായത്തുകളിൽ താൽക്കാലിക ഡ്രൈവർമാർ തുടരുന്ന സാഹചര്യത്തിൽ ലിസ്റ്റിൽ ഉൾെപ്പട്ടവർക്ക് നിയമനം നൽകാൻ സർക്കാർ തയാറാവണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.