ജയിലിൽനിന്ന് ഇറങ്ങി ഉടൻ മോഷണം; ഒറ്റ രാത്രി അടിച്ചുമാറ്റിയത് എട്ട് ഫോൺ
text_fieldsആലുവ: ഒറ്റ രാത്രി ആഷിക് ഷെയ്ഖ് (30) കവർന്നത് എട്ട് സ്മാർട്ട് ഫോൺ. അസം നാഗോൺജാരിയ സ്വദേശിയായ ആഷിക് ഒടുവിൽ പൊലീസിനുമുന്നിൽ കുടുങ്ങി. അന്തർ സംസ്ഥാന തൊഴിലാളിയായ മോഷ്ടാവിനെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ആലുവ പൊലീസ് പിടികൂടിയത്.
20ന് രാത്രി കുട്ടമശ്ശേരിയിലെ ബേക്കറി ജീവനക്കാരുടെ മുറിയിൽ നിന്നാണ് വില കൂടിയ എട്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നത്. തുടർന്ന് മോഷ്ടാവ് മാറമ്പിള്ളിയിലുണ്ടെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റ് അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് ഇയാളുടെ താമസം. പകൽ സ്ഥലങ്ങൾ കണ്ടുവെച്ച് രാത്രിയാണ് മോഷണം.
വില കൂടിയ മൊബൈൽ ഫോണുകളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മോഷ്ടിക്കുന്ന ഫോണുകൾ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് വിൽപന നടത്തും. കഴിഞ്ഞ വർഷം പെരുമ്പാവൂരിലെ ഒരു വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ആറു മാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് അടുത്തിടെയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐ എസ്.എസ്. ശ്രീലാൽ, എ.എസ്.ഐ അബ്ദുൽ ജലീൽ സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.