വിഗ്രഹത്തിലെ സ്വർണം മോഷ്ടിച്ച് വിൽപന; എ.ഡി.ജി.പി അജിത് കുമാറിന്‍റെ കുടുംബ ക്ഷേത്രത്തിലെ പൂജാരി അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു വിൽപന നടത്തിയതിന് പകരം മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. ബാലരാമപുരം പയറ്റുവിള മുരിയതോട്ടം അരുൺ നിവാസിൽ അരുണിനെ (37) ആണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്‍റെ കുടുംബ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. എം.ആർ. അജിത്കുമാറും അടുത്ത ബന്ധുക്കളും ട്രസ്റ്റ് അംഗങ്ങളായ മണക്കാട് മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മൂന്ന് പവന്‍റെ ആഭരണങ്ങളാണ് പൂജാരി മോഷ്ടിച്ചത്. സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളഞ്ഞ പൂജാരി നാലാഞ്ചിറയിലെ മറ്റൊരു ക്ഷേത്രത്തിൽ രഹസ്യമായി ജോലി ചെയ്ത് വരികയാണ് പിടിയിലാകുന്നത്.
പൂജാരി അരുണിനെ മാസങ്ങൾക്ക് മുമ്പ് സമാനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, സംഭവത്തിൽ കനത്ത പ്രതിഷേധം ഉയരുകയും പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. പൂന്തുറ ഉച്ചമാടൻ ക്ഷേത്രത്തിലായിരുന്നു സംഭവം.
കഴിഞ്ഞ ജൂൺ 25നാണ് ക്ഷേത്രത്തിലെ 40 വർഷത്തോളം പഴക്കമുള്ള പഞ്ചലോഹവിഗ്രഹം മോഷണം പോയത്. സംഭവത്തിൽ പൂജാരിയെ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്ര ഭാരവാഹികൾ പൂന്തുറ പൊലീസിൽ പരാതി നൽകി. തുടർന്ന് പൂന്തുറ എസ്.എച്ച്.ഒ സന്തോഷിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം മണക്കാട് മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെത്തി അരുണിനെ കസ്റ്റഡിയിലെടുത്തു.
അരുണിനെ അകാരണമായി അറസ്റ്റ് ചെയ്തെന്നും ഇതുവഴി പൂജ മുടങ്ങിയെന്നും ആരോപിച്ച് ഭക്തരും രാഷ്ട്രീയ പാർട്ടികളും രംഗത്തുവന്നു. സംഭവം വാർത്തയായതോടെ സർക്കാർ ഇടപെടുകയും എസ്.എച്ച്.ഒ സന്തോഷിനെ കൊല്ലം ചിതറ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.