സ്റ്റെൻറ് വില നിയന്ത്രണം എടുത്തുകളയാൻ കേന്ദ്രനീക്കം
text_fieldsപാലക്കാട്: അമേരിക്കൻ കമ്പനികളുടെ സമ്മർദത്തിന് വഴങ്ങി കാർഡിയാക് സ്റ്റെൻറുകളുടെ വില നിയന്ത്രണം എടുത്തുകളയാൻ കേന്ദ്രസർക്കാർ നീക്കം. ബഹുരാഷ്ട്ര കമ്പനികളെ തൃപ്തിപ്പെടുത്താൻ നവതലമുറ സ്റ്റെൻറുകൾക്ക് ഉയർന്ന സീലിങ് വില നിശ്ചയിച്ച് പുതിയ ഉത്തരവ് ഉടനിറങ്ങും. വിശദമായ പഠനങ്ങൾക്കും കൂടിയാലോചനകൾക്കും ശേഷം ദേശീയ മരുന്നുവില നിർണയ അതോറിറ്റി (എൻ.പി.പി.എ) നടപ്പാക്കിയ നിയന്ത്രണമാണ് സർക്കാർ പുനരവലോകനം ചെയ്യുന്നത്. ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് വർധിച്ചുവരികയാണെന്നും കാർഡിയാക് സ്റ്റെൻറുകളെ വിലനിയന്ത്രണ പട്ടികയിൽ കൊണ്ടുവരണമെന്നും 2016ൽ കേന്ദ്രസർക്കാർ നിയോഗിച്ച കോർ കമ്മിറ്റി ശിപാർശ ചെയ്തിരുന്നു.
ഇതിെൻറ വെളിച്ചത്തിൽ 2017 ഫെബ്രുവരി 14നാണ് എൻ.പി.പി.എ സ്റ്റെൻറുകളെ വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയത്. കമ്പനികളും വിതരണക്കാരും സ്വകാര്യ ആശുപത്രികളും അമിതവില ഇൗടാക്കി സ്റ്റെൻറ് വിൽപനയിലൂടെ കൊള്ളലാഭം ഉണ്ടാക്കുന്നതായി എൻ.പി.പി.എ കണ്ടെത്തിയിരുന്നു.ഡ്രഗ്-എലൂട്ടിങ് സ്റ്റെൻറുകളുടെയും (ഡി.ഇ.എസ്) പുനർനിർമിക്കാവുന്ന സ്റ്റെൻറുകളുടെയും പരിധിവില 29,600 രൂപയും മെറ്റൽ സ്റ്റെൻറുകളുടെ വില 7,260 രൂപയുമായാണ് എൻ.പി.പി.എ നിശ്ചയിച്ചത്. വിലനിയന്ത്രണം ഹൃദ്രോഗ ചികിത്സരംഗത്ത് വൻ മാറ്റവുമുണ്ടാക്കി.
നിർധനരോഗികൾക്ക് കുറഞ്ഞ െചലവിൽ മികച്ച ചികിത്സയാണ് ലഭിക്കുന്നത്. ലാഭത്തിൽ വൻ ഇടിവ് വന്നതോടെ ബഹുരാഷ്ട്ര കമ്പനികൾ കേന്ദ്രസർക്കാറിന് മേൽവൻ സമ്മർദമാണ് ചെലുത്തുന്നത്. ചില വ്യവസായ അസോസിയേഷനുകളും വിതരണക്കാരും കാർഡിയോളജിസ്റ്റുകളും പിന്തുണയുമായുണ്ട്. എല്ലാ സ്റ്റെൻറുകളെയും ഒരേ ഗണത്തിൽ പരിഗണിക്കരുതെന്നും ഗുണമേന്മ അടിസ്ഥാനത്തിൽ വ്യത്യസ്ത വിലനിർണയം വേണമെന്നുമാണ് ഇവരുടെ ആവശ്യം. ഇന്ത്യ-അമേരിക്ക മിനി വ്യാപാര ഇടപാടുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിൽനിന്നുതന്നെ സമ്മർദമുയർന്നതോടെയാണ് കേന്ദ്രസർക്കാറിന് മനംമാറ്റമുണ്ടായതെന്നാണ് സൂചന. ഡ്രഗ്-എലൂട്ടിങ് സ്റ്റെൻറുകൾ മുഖ്യമായും വിതരണം ചെയ്യുന്നത് ബഹുരാഷ്ട്ര കമ്പനികളാണ്. കാൽമുട്ട് ഇംപ്ലാൻറ് വിലനിയന്ത്രണമടക്കം പുനഃപരിശോധിക്കാൻ കമ്പനികൾ സർക്കാറിൽ സമ്മർദം തുടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.