ചുവടുമാറ്റം പിഴച്ചില്ല; അബ്ദുല്ലക്കുട്ടിക്ക് 'പുതുകിരീടം'
text_fieldsകണ്ണൂർ: ഇടതുപാളയത്തിൽനിന്ന് കോൺഗ്രസിലൂടെ സംഘ്പരിവാർ ആലയത്തിൽ ചേക്കേറിയ അബ്ദുല്ലക്കുട്ടിക്ക് പുത്തൻ കിരീടം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ചെയർമാനായി നിയോഗിക്കപ്പെടുന്ന ആദ്യത്തെ മലയാളിയാണ് അബ്ദുല്ലക്കുട്ടി.
ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്‍റ് കൂടിയായ അബ്ദുല്ലക്കുട്ടിയെ ദക്ഷിണേന്ത്യയിൽനിന്ന് ബി.ജെ.പിയുടെ മുസ്ലിം മുഖമായി ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കത്തിന്‍റെ ഭാഗംകൂടിയാണ് പുതിയ സ്ഥാനലബ്ധി. ബി.ജെ.പി ദേശീയ നേതൃത്വവുമായി അബ്ദുല്ലക്കുട്ടിയുടെ അടുപ്പംകൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്തുതിപാടിയാണ് അബ്ദുല്ലക്കുട്ടി കോൺഗ്രസിൽനിന്ന് പുറത്തേക്കുള്ള വഴി തുറന്നത്. മോദിസ്തുതിയുടെ ആനുകൂല്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി അടുപ്പം സ്ഥാപിച്ച അബ്ദുല്ലക്കുട്ടിക്ക് മുന്നിൽ ബി.ജെ.പിയുടെ വാതിലുകൾ തുറക്കുകയും ചെയ്തു.
ബി.ജെ.പിയുടെ സംസ്ഥാന ഉപാധ്യക്ഷനായി അബ്ദുല്ലക്കുട്ടി നിയമിക്കപ്പെടുമ്പോൾ ബി.ജെ.പി സംസ്ഥാന ഘടകത്തിൽ ശക്തമായ മുറുമുറുപ്പ് ഉയർന്നതാണ്. പക്ഷേ, ഒന്നും വിലപ്പോയില്ല.
ദേശീയ ഉപാധ്യക്ഷനായി സ്ഥാനക്കയറ്റം ലഭിക്കാൻ മാസങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ. സ്വന്തം നാടായ കണ്ണൂരിൽപോലും ബി.ജെ.പി-ആർ.എസ്.എസ് ഘടകത്തിൽ അബ്ദുല്ലക്കുട്ടിക്ക് അടുപ്പക്കാർ ആരുമില്ല. എന്നാൽ, ദക്ഷിണേന്ത്യയിൽ കാവിക്കൊടി പാറിക്കാനുള്ള ബി.ജെ.പി ദേശീയ നേതൃത്വത്തിന്‍റെ കരുനീക്കങ്ങളിൽ അബ്ദുല്ലക്കുട്ടിക്ക് അവർ വലിയൊരു സ്ഥാനം കൽപിക്കുന്നുണ്ട്.
ബി.ജെ.പിയിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിന്‍റെ ചുമതലയുള്ള അബ്ദുല്ലക്കുട്ടി ദ്വീപിൽ ബി.ജെ.പിയുടെ ബാനറിൽ നിരന്തരം പരിപാടികൾ സംഘടിപ്പിക്കുകയും പാർട്ടിയുടെ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ സംഘ്പരിവാറിന്‍റെ നാവായും നിറഞ്ഞുനിൽക്കുന്നു. സി.പി.എം ടിക്കറ്റിൽ രണ്ടു തവണ പാർലമെന്‍റിലെത്തിയ അബ്ദുല്ലക്കുട്ടി കോൺഗ്രസിലേക്ക് ചുവടുമാറിയതിന് തൊട്ടുപിന്നാലെ നിയമസഭയിലുമെത്തി.
സംഘ്പരിവാർ പക്ഷത്തേക്കുള്ള ചുവടുമാറ്റവും പിഴച്ചിട്ടില്ലെന്നാണ് മോദി-ഷാ പ്രീതിയിൽ തുടരുന്ന സ്ഥാനക്കയറ്റം വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.