ആയുഷ്മാൻ വയ വന്ദന യോജന സംസ്ഥാനത്ത് ഉടൻ നടപ്പിലാക്കാൻ നടപടി സ്വീകരിക്കണം- കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: 70 വയസ് കഴിഞ്ഞ എല്ലാവർക്കും സാമ്പത്തിക ഭേദമന്യേ പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ വരെ ചികിത്സാ സൗകര്യം ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ കീഴിൽ വരുന്ന ആയുഷ്മാൻ വയ വന്ദന യോജന സംസ്ഥാനത്ത് ഉടൻ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ഈ പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിച്ചിട്ട് നാളുകളായി, കാർഡുകളുമായി ആശുപത്രികളിൽ എത്തുന്ന വയോധികരായ രോഗികളോട് ഇത് നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ല എന്ന് പറഞ്ഞു തിരിച്ചയക്കുകയാണ്.
മുൻപ് പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് യോജനയുടെ ( കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ) യുടെ ഗുണഭോക്താക്കളായ കുടുംബങ്ങളിലെ 70 വയസ് കഴിഞ്ഞവർ പുതുതായി രജിസ്റ്റർ ചെയ്താൽ പഴയ സൗകര്യം നഷ്ടപ്പെടുമെന്ന സംവിധാനമാണ് സംസ്ഥാന സർക്കാർ അവലംബിച്ചിരിക്കുന്നത്. ഇത് പാവപ്പെട്ട കുടുംബങ്ങളിലെ വയോധികരോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള പദ്ധതിയെ ഞെരിച്ചു കൊല്ലുന്ന സമീപനമാണ് കേരള സർക്കാർ സ്വീകരിച്ചു വരുന്നത്. സംസ്ഥാന സർക്കാർ കൃത്യമായി പൈസ നൽകാത്തതിനാൽ എം. പാനൽ ചെയ്ത ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളും ഈ പദ്ധതിയിൽ നിന്നും പിന്മാറി കഴിഞ്ഞു. സർക്കാർ ആശുപത്രികളിലും - സർക്കാർ മെഡിക്കൽ കോളജുകളിലും ഇത്തരം രോഗികൾക്ക് മരുന്നും ശസ്ത്രക്രിയക്കും മറ്റും ആവശ്യമായ ഉപകരണങ്ങളും പുറമെ നിന്നും പൈസ നൽകി വാങ്ങേണ്ടുന്ന അവസ്ഥയാണ്. ഒരർത്ഥത്തിൽ ഈ പദ്ധതിയുടെ പ്രയോജനം അർഹരായ രോഗികൾക്ക് ലഭിക്കുന്നില്ല എന്നു സാരം.
2019 ൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ 60-40 അതുപാതത്തിൽ പ്രീമിയം നൽകുന്ന വിധം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ( കെ.എ.എസ്.പി) എന്ന പേരിൽ സംസ്ഥാന സർക്കാർ റിലയൻസ് ഇൻഷ്വറൻസ് കമ്പനിയെ നടത്തിപ്പുകാരായി നിശ്ചയിച്ച് കേരളത്തിൽ ഈ പദ്ധതിക്ക് തുടക്കമിട്ടു. കേന്ദ്ര വിഹിതം കൃത്യമായി ലഭിച്ചിട്ടും സംസ്ഥാന സർക്കാർ പ്രീമിയം നൽകാത്തതു മൂലം റിലയൻസ് പദ്ധതിയിൽ നിന്നും പിന്മാറി. പിന്നെ സംസ്ഥാന സർക്കാർ നേരിട്ട് ആശുപത്രികൾക്ക് തുക കൈമാറുന്ന രീതിയിലായി. കോടി കണക്കിന് രൂപയാണ് . സർക്കാർ ഇതിൽ കുടിശ്ശിക വരുത്തിയിട്ടുള്ളത്.
2023 നവംബർ 30 വരെ സംസ്ഥാനത്ത് ഈ പദ്ധതി പ്രകാരം 54,62,144 ആശുപത്രി അഡ്മിഷനുകളിലൂടെ 5565 കോടി രൂപയുടെ ചികിത്സാ സൗജന്യമാണ് ലഭിച്ചത്. ഇത് ദേശീയ ശരാശരിയെക്കാൾ ബഹുദൂരം മുന്നിലുമാണ്. സംസ്ഥാനത്തെ ഇത്രയേറെ പാവപ്പെട്ടയാളുകൾക്ക് പ്രയോജനകരമായ നരേന്ദ്രമോദി സർക്കാരിന്റെ ഈ സ്പനപദ്ധതിയെ തകർക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ ബി.ജെ.പി ശക്തമായി നേരിടുമെന്നും കെ. സുരേന്ദ്രൻ മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.