വടക്കഞ്ചേരി അപകടം ആവർത്തിക്കാതിരിക്കാനുള്ള നടപടികളെടുക്കണം -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുമായി വിനോദ യാത്ര പോയ ടൂറിസ്റ്റ് ബസ് വടക്കഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒൻപതു പേർ മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികളർപ്പിക്കുന്നുവെന്നും അപകടം ആവർത്തിക്കാതിരിക്കാനുള്ള നടപടി അധികൃതർ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയത്. 97.2 കിലോമീറ്റർ ആയിരുന്നു അപകട സമയത്ത് വേഗത. വേഗപ്പൂട്ട് നിർബന്ധമാക്കിയുള്ള നിയമം നിലനിൽക്കെ ഈ ബസിന് എങ്ങനെയാണ് അമിത വേഗമെടുക്കാൻ സാധിച്ചത്? മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധന കൂടുതൽ ശക്തമാക്കണം. വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനകൾ ശക്തമാക്കുന്ന രീതിയിൽ നിന്നും മാറി നിയമം കർശനമായി നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് തയാറാകണം -അദ്ദേഹം പറഞ്ഞു.
അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസിനെതിരെ നിയമ ലംഘനത്തിന് നേരത്തെയും കേസുകളുണ്ട്. നിരോധിച്ച ലൈറ്റുകളും വലിയ ശബ്ദ വിന്യാസവും എയർ ഹോണുകളുമൊക്കെയായി ടൂറിസ്റ്റ് ബസുകൾ നിരത്തുകളിൽ ചീറി പായുകയാണ്. ഇനിയും ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിനോദയാത്രകൾ നടക്കുന്ന സീസൺ ആയതിനാൽ ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നെസ് സംബന്ധിച്ച് കർശന പരിശോധനകൾ നടത്തണം. വിനോദയാത്രയുടെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാൻ സ്കൂളുകളും ശ്രദ്ധിക്കണം.മോട്ടോർ വാഹന വകുപ്പിന്‍റെ എല്ലാ പരിശോധനകളും പൂർത്തിയായ വാഹനങ്ങളാണ് വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം -വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.