ട്രെയിന്‍ യാത്രാദുരിതം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം -മന്ത്രി വി. അബ്ദുറഹിമാന്‍
text_fieldsതിരുവനന്തപുരം: ട്രെയിനുകളിലെ വന്‍തിരക്കും വൈകിയോടലും കാരണം കേരളത്തിലെ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം അവസാനിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു. ഈ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു.
ദീര്‍ഘദൂര വണ്ടികളും ലോക്കല്‍ ട്രെയിനുകളും മണിക്കൂറുകള്‍ വൈകുന്നത് പ്രയാസം സൃഷ്ടിക്കുകയാണ്. വന്ദേഭാരത് ട്രെയിനുകള്‍ക്കായി മറ്റു വണ്ടികളെല്ലാം ഏറെ സമയം പിടിച്ചിടുന്നത് വൈകിയോടലിന് പ്രധാന കാരണമാണ്. ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന പ്രതീക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ വന്ദേഭാരതിനെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, ഈ സര്‍വീസുകള്‍ മൊത്തം ട്രെയിന്‍ ഗതാഗത സംവിധാനം അവതാളത്തിലാക്കുന്ന നിലയാണ്.
തിരക്ക് കാരണം യാത്രക്കാര്‍ കുഴഞ്ഞുവീഴുന്ന സംഭവം പതിവാകുന്നുണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ട്രെയിനില്‍ കയറാന്‍ പോലും കഴിയുന്നില്ല. തിരക്കുള്ള ട്രെയിനുകളില്‍ വേണ്ടത്ര കോച്ചുകള്‍ ഇല്ലാത്തതും ഉണ്ടായിരുന്ന കോച്ചുകള്‍ വെട്ടിക്കുറച്ചതും സ്ഥിതി വഷളാക്കുന്നു. പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നില്ലെന്ന് മാത്രമല്ല, പല സര്‍വീസുകളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
വരുമാനത്തിന്റെ കാര്യത്തില്‍ രാജ്യത്ത് മുന്‍നിരയിലുള്ള സംസ്ഥാനത്തെ റെയില്‍വേ തീര്‍ത്തും അവഗണിക്കുന്നു. റെയില്‍വേ വികസനത്തില്‍ ഏറ്റവും മോശം പരിഗണനയാണ് കേരളത്തിന് ലഭിക്കുന്നത്. പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികള്‍ക്ക് ആവശ്യമായ തുകയുടെ പകുതി പോലും അനുവദിക്കുന്നില്ല. രാജ്യത്ത് പലയിടത്തും മൂന്നുവരി പാതകള്‍ വരെ വന്നു തുടങ്ങിയിട്ടും ഇക്കാര്യത്തില്‍ കേരളം ഏറെ പിന്നിലാണ്. കേരളത്തിലെ ട്രെയിന്‍ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധിയാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.