കർഷകന് ഉയർന്ന വില ലഭിക്കാൻ നടപടി -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സ്ഥിരതയുള്ള വിപണി ഉറപ്പാക്കുന്നതിനൊപ്പം കർഷകന് ഉയർന്ന വില ലഭ്യമാക്കാനും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാർഷിക മേഖലയിൽ മൂല്യവർധിത ശൃംഖലയുടെ വികസനം എന്ന ആശയം മുൻനിർത്തി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ‘വൈഗ 2023’ പുത്തരിക്കണ്ടം മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്‌ത്രീയ കൃഷിരീതിയുടെ പ്രചാരം, കാർഷികോൽപാദന ശേഖരവും വിപണനവും വർധിപ്പിക്കൽ, മൂല്യവർധിത ഉൽപന്നങ്ങളുടെ വ്യവസായവത്കരണം എന്നിവയാണ് സർക്കാർ ലക്ഷ്യം. ഇക്കാര്യങ്ങൾ നടപ്പാക്കാൻ കൃഷിവകുപ്പിന് സഹകരണ സംഘങ്ങളും തദ്ദേശ സ്ഥാപനങ്ങളും വ്യവസ്ഥായ വകുപ്പും പിന്തുണ നൽകണം. വൈഗയിലൂടെ പുതുതലമുറയെ ആകർഷിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി. പ്രസാദ് അധ്യക്ഷതവഹിച്ചു. പത്മശ്രീ ജേതാവായ കർഷകൻ ചെറുവയൽ രാമനെയും നബാർഡ് ചെയർമാൻ കെ.വി. ഷാജിയെയും ആദരിച്ചു. സിക്കിം കൃഷി മന്ത്രി ലോക്‌നാഥ് ശർമ, അരുണാചൽ പ്രദേശ് കൃഷി-മൃഗസംരക്ഷണ മന്ത്രി ടഗേ ടകി, ഹിമാചൽപ്രദേശ് കൃഷിമന്ത്രി ചന്ദർ കുമാർ തുടങ്ങിയവർ മുഖ്യാതിഥികളായി. 210 സ്‌റ്റാളുകളാണ് വൈഗയിലുള്ളത്. ഉൽപാദകർ, സംരംഭകർ, വ്യാപാരികൾ, വ്യവസായികൾ എന്നിവർ പങ്കെടുക്കുന്ന ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.