നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത യാഥാർഥ്യമാക്കാൻ നടപടി -റെയിൽവേ മന്ത്രി
text_fieldsകൽപറ്റ: നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത യാഥാർഥ്യമാക്കാൻ കേന്ദ്രസർക്കാർ കാര്യക്ഷമമായി പ്രവർത്തിച്ചുവരുകയാണെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. നീലഗിരി -വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി കേന്ദ്ര റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഈ കാര്യം അറിയിച്ചത്.
നിലമ്പൂർ-നഞ്ചൻകോട് പാത നിർമാണ പ്രവൃത്തിയുടെ പ്രാരംഭ ഘട്ടമായ പിങ്ക് ബുക്കിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ, സംസ്ഥാന സർക്കാറുകളുടെ സഹകരണംകൂടി ഈ പാത യാഥാർഥ്യമാക്കാൻ ഉണ്ടാകേണ്ടതുണ്ട്. നിലമ്പൂർ-നഞ്ചൻകോട് പാതയുടെ ഡി.പി.ആർ നടപടികൾ അന്തിമഘട്ടത്തിൽ എത്തി. ബന്ദിപ്പൂർ വനത്തിൽ ദേശീയപാതയും റെയിൽവേയും ഒരേ തുരങ്കത്തിലൂടെ കൊണ്ടുപോകുന്നതിന്റെ സാധ്യതകൾ അറിയിക്കാൻ സുപ്രീംകോടതി നിർദേശിച്ച കാര്യം ആക്ഷൻ കമ്മിറ്റി മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
ഈ കാര്യത്തിൽ ദേശീയപാത വിഭാഗത്തിനും റെയിൽവേക്കും യോജിപ്പാണ് ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി. റെയിൽവേ മന്ത്രിയുമായുള്ള ചർച്ചയിൽ ബി.ജെ.പി വയനാട് ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയൽ, നീലഗിരി വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മറ്റി സെക്രട്ടറി വിനയകുമാർ അഴിപ്പുറത്ത്, പി.വൈ. മത്തായി, അഡ്വ. ജോസ് തണ്ണിക്കോട്, പോൾ മാത്യൂസ്, സി. അബ്ദുൽ റസാഖ്, വിഷ്ണു വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.