സഹകരണ സംഘങ്ങൾ വഴിയും പച്ചത്തേങ്ങ സംഭരിക്കാൻ നടപടി
text_fieldsകോഴിക്കോട്: സർക്കാർ നിശ്ചയിച്ച താങ്ങുവില നൽകി സഹകരണ സംഘങ്ങളിലൂടെയും പച്ചത്തേങ്ങ സംഭരിക്കാൻ കേരഫെഡ് നടപടി തുടങ്ങി. അടുത്ത ആഴ്ചയോടെ വിവിധ ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങൾകൂടി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കേരഫെഡ് സംസ്ഥാനത്ത് അഞ്ചു കേന്ദ്രങ്ങൾ വഴി തേങ്ങസംഭരണം ആരംഭിച്ചിരുന്നുവെങ്കിലും കർഷകർക്ക് കാര്യമായ പ്രയോജനം ലഭിച്ചിരുന്നില്ല. വിവിധ ജില്ലകളിൽനിന്ന് വിമർശനം ഉയർന്നതോടെയാണ് കൂടുതൽ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് തീരുമാനമായത്.
കേരഫെഡിൽ രജിസ്റ്റർ ചെയ്ത സഹകരണ സംഘങ്ങൾ, ഡ്രയറുകളുള്ള സഹകരണ സംഘങ്ങൾ എന്നിവ സംഭരണ കേന്ദ്രങ്ങളാക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നതെന്ന് കേരഫെഡ് എം.ഡി ആർ. അശോക് 'മാധ്യമ'ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച മാർഗരേഖയായിട്ടുണ്ട്. എത്രമാത്രം സംഘങ്ങൾക്ക് തേങ്ങ സംഭരിക്കാനാവും എന്നതടക്കം പട്ടികപ്പെടുത്തിവരുകയാണ്. എല്ലാ ജില്ലകളിലുമായി നൂറിലേറെ കേന്ദ്രങ്ങൾ തുടങ്ങാനാണ് ആലോചനയെന്നും 32 രൂപക്ക് നിലവിലെ നടപടിക്രമങ്ങൾ പാലിച്ചാണ് തേങ്ങയെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ആനയറ വേൾഡ് മാർക്കറ്റിലെ കേരഫെഡ് റീജനൽ ഓഫിസ്, കൊല്ലത്തെ കരുനാഗപ്പള്ളി ഫാക്ടറി, തൃശൂർ പൂച്ചിനിപ്പാടം സെയിൽസ് പോയന്റ്, മലപ്പുറം പെരുമ്പടപ്പ് കോക്കനട്ട് പ്രോസസിങ് മാർക്കറ്റിങ് സൊസൈറ്റി, കോഴിക്കോട് നടുവണ്ണൂർ ഫാക്ടറി എന്നീ അഞ്ചിടങ്ങളിൽ മാത്രം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സംഭരണം. കൃഷി ഓഫിസറുടെ സാക്ഷ്യപത്രമടക്കം നൽകി നിയന്ത്രണങ്ങളോടെയെടുക്കുന്ന തേങ്ങയുടെ വില ബാങ്ക് അക്കൗണ്ടിലേക്കാണ് കൈമാറുന്നത്. 14 ജില്ലകൾക്കുമായി ആകെ അഞ്ചു കേന്ദ്രങ്ങളേ ഉള്ളൂവെന്നതിനാൽ സംഭരണ കേന്ദ്രത്തിലേക്ക് തേങ്ങയെത്തിക്കാനുള്ള വാഹന വാടകയിനത്തിലടക്കം കർഷകർക്ക് വലിയ തുക ചെലവ് വരുന്നുണ്ട്. ഇതോടെ പല കർഷകരും തൊട്ടടുത്ത സ്വകാര്യ സംഭരണ കേന്ദ്രങ്ങളിൽ കുറഞ്ഞ തുകക്ക് തേങ്ങ നൽകുകയാണ്. ബ്ലോക്ക് തലങ്ങളിൽ ഒന്ന് എന്നതോതിലെങ്കിലും കൂടുതൽ കേന്ദ്രങ്ങൾ ആരംഭിച്ചാൽ മാത്രമേ സർക്കാർ നിശ്ചയിച്ച താങ്ങുവിലയായ 32 രൂപ ലഭിക്കുന്ന സാഹചര്യമുണ്ടാവൂ എന്നാണ് കർഷകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.