'കുറഞ്ഞ വിലയിൽ പഞ്ചസാര തരാം, സപ്ലൈകോ വരെ വന്നാൽ മതി'; ഉദ്യോഗസ്ഥനെന്ന വ്യാജേനയെത്തി വ്യാപാരിയെ കബളിപ്പിച്ച് പണം തട്ടി
text_fieldsചെങ്ങന്നൂര്‍: സപ്ലൈകോ ഉദ്യോഗസ്ഥനെന്ന വ്യാജേനയെത്തി കുറഞ്ഞ വിലക്ക് പഞ്ചസാര തരാമെന്ന് വാഗ്ദാനം നൽകി കച്ചവടക്കാരനിൽ നിന്ന് പണം തട്ടി. ചെങ്ങന്നൂർ ജില്ല ആശുപത്രി ജങ്ഷനിലെ ഇടുക്കി വെജിറ്റബിള്‍സ് ആന്റ് പ്രൊവിഷന്‍ സ്‌റ്റോറുടമയായ പ്രദീഷില്‍ നിന്ന് 5200 രൂപ തട്ടിയതായാണ് പരാതി.
ശനിയാഴ്ച രാവിലെ 11.30നാണ് സപ്ലൈകോ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ മധ്യവയസ്കൻ കടയിലെത്തിയത്. സപ്ലൈകോ ഔട്ട്‌ലെറ്റിൽ നിന്ന് കുറഞ്ഞ വിലക്ക് പഞ്ചസാര നൽകാമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച പ്രദീഷ് കടയിലെ തൊഴിലാളിയായ മനേഷിനെ ഇയാൾക്കൊപ്പമയച്ചു. നാല് ചാക്ക് പഞ്ചസാരയ്ക്കുള്ള പണം തൊഴിലാളിയുടെ കൈയിൽ നല്‍കിയിരുന്നു.
ചെങ്ങന്നൂരിലെ സപ്ലൈകോ ഔട്ട്‌ലെറ്റിലെത്തിയ ശേഷം മധ്യവയസ്കൻ തൊഴിലാളിയില്‍ നിന്നും 5200 രൂപ വാങ്ങി. പഞ്ചസാര ചാക്കുകള്‍ റെഡിയാണെന്നും കൊണ്ടുപോകാന്‍ ഓട്ടോ വിളിച്ച് വരാനും പറഞ്ഞു. ഓട്ടോയുമായി മനേഷ് എത്തിയപ്പോഴേക്കും ഇയാള്‍ സ്ഥലംവിട്ടിരുന്നു. സപ്ലൈകോയില്‍ അന്വേഷിച്ചപ്പോള്‍ ഇങ്ങനൊരു ജീവനക്കാരനില്ലെന്ന് വ്യക്തമായി. ഇതോടെയാണ് കബളിക്കപ്പെട്ടതായി മനസിലായത്.
തുടർന്ന് ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. കടയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങൾ പൊലീസിന് കൈമാറി. മുന്‍പ് പെണ്ണൂക്കരയിലെ സൂപ്പര്‍ മാര്‍ക്കറ്റിലും സമാനരീതിയില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.
ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലും മോഷ്ടാക്കള്‍ വിഹരിക്കുകയാണെന്നും കോവിഡ് കാലത്തെ വലിയ നഷ്ടത്തില്‍ നിന്ന് കരകയറുവാനായി പരിശ്രമിക്കുന്ന വേളയില്‍ വ്യാപാരികളെ കൊള്ളയടിക്കുന്നത് അത്യന്തം ഗൗരവമായി കാണണമെന്നും എത്രയും വേഗം മോഷ്ടാവിനെ പിടികൂടണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ചെങ്ങന്നൂര്‍ യൂനിറ്റ് പ്രസിഡന്റ് രാജീവും സെക്രട്ടറി അന്‍സാറും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.