ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: വോട്ടർമാരുമായി എത്തിയ വാഹനങ്ങൾക്കുനേരെ കല്ലേറ്
text_fieldsകോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിനിടെ മൂന്ന് വാഹനങ്ങൾക്കുനേരെ കല്ലേറ്. വോട്ടർമാരുമായി എത്തിയ വാഹനങ്ങൾക്കുനേരെയാണ് കല്ലേറുണ്ടായത്. വാഹനങ്ങളുടെ ചില്ലുകൾ കല്ലേറിൽ തകർന്നു.
പൊതുതെരഞ്ഞെടുപ്പിന് സമാനമായ വീറും വാശിയിലുമാണ് ചേവായൂർ സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് പാനലും സി.പി.എം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിലാണ് മത്സരം. പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കാണിത്. എന്നാൽ, നേരത്തെ ഭരണസമിതിയിലുണ്ടായിരുന്ന ഒരു വിഭാഗം കോൺഗ്രസുമായി തെറ്റി നേതൃത്വവുമായി ഇടഞ്ഞ് സ്വന്തമായാണ് കുറച്ചുകാലമായി പ്രവർത്തിച്ചിരുന്നത്. ഇവരെ അച്ചടക്ക നടപടി സ്വീകരിച്ച് പാർട്ടി പുറത്താക്കുകയും ചെയ്തിരുന്നു. ഇവരെ പിന്തുണച്ച് സി.പി.എം എത്തുകയായിരുന്നു. ഇതോടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് വാശിയേറിയതായി മാറിയത്.
1800ഓളം ആളുകളെ അനധികൃതമായി പുതുതായി ചേർത്തെന്ന് ആരോപിച്ച് കോൺഗ്രസ് ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന്, തർക്കമുന്നയിക്കപ്പെട്ട 1800ഓളം വോട്ടുകൾ പ്രത്യേകം പെട്ടിയിലാക്കാനാണ് കോടതി നിർദേശം.
രാവിലെ എട്ടോടെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിരയാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.