അടി കളരിക്ക് പുറത്തും; ജേക്കബ് തോമസും വിജയാനന്ദും കൊമ്പുകോർക്കുന്നു
text_fieldsതിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറിയ ജേക്കബ് തോമസും മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദും കൊമ്പുകോർക്കുന്നു. ജേക്കബ് തോമസിനെതിരെ കേസെടുക്കാമെന്ന് ചൂണ്ടിക്കാട്ടി വിജയാനന്ദ് അഡ്വക്കറ്റ് ജനറലിന് റിപ്പോർട്ട് നൽകിയപ്പോൾ, വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് പുനർനിയമനം നൽകരുതെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സർക്കാറിന് കത്ത് നൽകി. തൽസ്ഥാനങ്ങളിൽനിന്ന് പടിയിറങ്ങുംമുമ്പുള്ള നാളുകളിലാണ് ഇരുവരുടെയും ഏറ്റുമുട്ടൽ.
സർക്കാർ സർവിസിൽനിന്ന് വിരമിക്കുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് നിയമനം നൽകിയാൽ അതിന് എല്ലാവർക്കും ഓരേ മാനദണ്ഡം ബാധകമാക്കണമെന്നും 25 വർഷമാണ് പ്രവൃത്തിപരിചയമായി കണക്കാക്കുന്നതെങ്കിൽ എല്ലാവർക്കും അതു പാലിക്കണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് വിജ്ഞാപനം ക്ഷണിച്ച് നടപടിക്രമങ്ങളിലൂടെ മാത്രമേ നിമയനം നടത്താവൂ. അല്ലാത്തപക്ഷം അഴിമതിക്ക് കളമൊരുങ്ങുമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച വിരമിച്ച എസ്.എം. വിജയാനന്ദിന് മികച്ച പ്രതിച്ഛായ ഉള്ളതിനാൽ സർക്കാർ മറ്റെന്തെങ്കിലും ചുമതല നൽകിയേക്കുമെന്ന സൂചന നിലനിൽക്കെയാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതിന് മൂന്നുദിവസം മുമ്പ് ജേക്കബ് തോമസ് കത്ത് നൽകിയത്. അതേസമയം, ജേക്കബ് തോമസിനെ പ്രതിക്കൂട്ടിലാക്കിയാണ് വിജയാനന്ദ് അറ്റോണിജനറലിന് റിപ്പോർട്ട് നൽകിയത്.
ജേക്കബ് തോമസിനെതിരായ കേസുകൾ കോടതി പരിഗണിക്കുമ്പോൾ എടുക്കേണ്ട നിലപാട് ആരായാനാണ് എ.ജി വിജയാനന്ദിനെ സമീപിച്ചത്. ഈ ഘട്ടത്തിലാണ് റിപ്പോർട്ട് നൽകിയത്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 15 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ധനകാര്യവകുപ്പിെൻറ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നെന്നും സംഭവത്തിൽ ഡയറക്ടറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും റിേപ്പാർട്ടിലുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് ചീഫ് സെക്രട്ടറിയായിരിക്കെ വിജയാനന്ദ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജേക്കബ് തോമസിന് അനുകൂലമായ സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്.
സ്വത്തു വിവരം മറച്ചുെവച്ചതിലൂടെയും ഗുരുതര വീഴ്ചയാണ് ജേക്കബ് തോമസ് വരുത്തിയതെന്ന് വിജയാനന്ദ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ രാജപാളയം താലൂക്കിലെ സേതൂർ ഗ്രാമത്തിൽ 50 ഏക്കർ സ്ഥലം ജേക്കബ് തോമസിനുണ്ട്. എന്നാൽ, കഴിഞ്ഞ ജനുവരി ഒന്നിന് ജേക്കബ് തോമസ് നൽകിയ സ്വത്തു വിവരങ്ങളിൽ ഈ ഭൂമിയെപറ്റി വിവരങ്ങളില്ല. 1968ലെ സർവിസ് ചട്ടത്തിലെ 16 (2) വകുപ്പ് പ്രകാരം ഉദ്യോഗസ്ഥരുടെ എല്ലാത്തരം സ്വത്തുക്കൾ സംബന്ധിച്ച വിവരവും സർക്കാറിന് സമർപ്പിക്കണമെന്നാണ് വ്യവസ്ഥ.
എന്നാൽ, ജേക്കബ് തോമസ് ഇതു പാലിച്ചിട്ടില്ല. 40.5 ഏക്കർ, 9.83 ഏക്കർ എന്നിങ്ങനെ രണ്ടു ഭാഗമായാണ് ജേക്കബ് തോമസ് ഭൂമി വാങ്ങിയത്. 2001ലാണ് ഈ ഭൂമി വാങ്ങിയത്. 33 വ്യക്തികളിൽനിന്ന് പവർ ഒാഫ് അറ്റോണി മുഖേന വാങ്ങിയ ഭൂമി 2002ലും 2003ലും ജേക്കബ് തോമസ് സ്വത്തു വിവരങ്ങളിൽ ഉൾപ്പെടുത്തി. എന്നാൽ, പിന്നീടുള്ള സത്യവാങ്മൂലത്തിൽ ഈ വിവരമില്ല. സ്വന്തം ഭൂമി ഭാര്യയുടെ പേരിൽ കാണിെച്ചന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.