ജപ്തി നടപടികൾ നിർത്തി വക്കണം: മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പ്രതിപക്ഷ നേതാവിന്റെ കത്ത്
text_fieldsകേരള ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ജപ്തി നടപടികൾ നിർത്തിവക്കാൻ സർക്കാർ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്ത് നൽകി. വീടിന് മുന്നിൽ കേരള ബാങ്ക് ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്ത് കൊല്ലം ശാസ്താംകോട്ടയിൽ ബിരുദ വിദ്യാർഥി അഭിരാമി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്.
കത്ത് പൂർണരൂപത്തിൽ:
സ്വന്തം വീടിന് മുന്നിൽ കേരള ബാങ്ക് ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്ത് കൊല്ലം ശാസ്താംകോട്ടയിൽ ബിരുദ വിദ്യാർഥി അഭിരാമി ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണ്. അഭിരാമിയുടെ പിതാവ് അജികുമാർ കോവിഡ് സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസിയാണ്. കുറച്ച് സാവകാശം അനുവദിച്ചിരുന്നുവെങ്കിൽ ആ കുടുംബം വായ്പാ തുക തിരിച്ചടക്കുമായിരുന്നു. കോവിഡിന് ശേഷമുള്ള പ്രത്യേക സഹചര്യം പരിഗണിച്ച് ബാങ്കുകൾ കുറച്ച് കൂടി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന കേരള ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ജപ്തി നടപടികൾ തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ തയ്യാറാകണം.
എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അഭിരാമി മിടുക്കിയായ വിദ്യാർഥി ആയിരുന്നു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് ഒരു നിമിഷം കൊണ്ട് പൊലിഞ്ഞത്. അഭിരാമിയെ പോലെ ഇനിയൊരാൾ ഉണ്ടാകരുത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.