സ്റ്റേഷന് പുറത്തെ റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍ക്ക് റെയില്‍വേ താഴിടുന്നു
text_fieldsകോട്ടയം: നഷ്ടത്തിന്‍െറ പേരില്‍ കേരളത്തിലെ സ്റ്റേഷനുകള്‍ക്ക് പുറത്തുള്ള റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍ റെയില്‍വേ അടച്ചുപൂട്ടുന്നു. ആദ്യഘട്ടമായി തിരുവനന്തപുരം ഡിവിഷനുകീഴിലെ 11 റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡിവിഷനല്‍ കമേഴ്സ്യല്‍ വിഭാഗം റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. ഇതിന് അംഗീകാരം നല്‍കുന്നതോടെ ഈ കേന്ദ്രങ്ങള്‍ക്ക് താഴുവീഴും. അടുത്തഘട്ടമായി സംസ്ഥാനത്ത് പോസ്റ്റ് ഓഫിസുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ റിസര്‍വേഷന്‍ കേന്ദ്രങ്ങളും പിന്‍വലിക്കുമെന്നാണ് വിവരം.
റെയില്‍വേക്ക് സാമ്പത്തിക ബാധ്യത വരുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തത്കാല്‍ അടക്കമുള്ള ടിക്കറ്റുകള്‍ക്കായി നിരവധി സാധാരണക്കാര്‍ ആശ്രയിച്ചിരുന്ന കേന്ദ്രങ്ങള്‍ പൂട്ടുന്നത്. എന്നാല്‍, ഇല്ലാത്ത നഷ്ടത്തിന്‍െറ പേരിലാണ് റിസര്‍വേഷന്‍കേന്ദ്രങ്ങള്‍ പൂട്ടുന്നതെന്ന് ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ പറയുന്നു. ശരാശരി നിലവാരത്തില്‍ ടിക്കറ്റ് ബുക്കിങ് നടക്കുന്ന ഇവ അടച്ചുപൂട്ടുന്നത് കേരളത്തോട് റെയില്‍വേ മന്ത്രാലയം കാട്ടുന്ന അവഗണയുടെ ഭാഗമായാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മൂന്നാര്‍, പുളിങ്കുന്നം, വൈക്കം, ചാരുമൂട്, ശാന്തിഗിരി, കുമളി, എടത്വ, കൂത്താട്ടുകുളം, ഇടുക്കി ജില്ല പഞ്ചായത്ത്, നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്ത്, തക്കലൈ ബസ്സ്റ്റാന്‍ഡ് (കന്യാകുമാരി ജില്ല) എന്നിവയാണ് പൂട്ടുന്നത്. പുളിങ്കുന്നം, വൈക്കം, മൂന്നാര്‍, ചാരുമൂട്, ശാന്തിഗിരി, കുമളി, എടത്വ, കൂത്താട്ടുകുളം എന്നിവ പോസ്റ്റ് ഓഫിസുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവയാണ്.
റെയില്‍വേ ഭൂപടത്തില്‍ ഇടംപിടിക്കാത്ത ഇടുക്കി ജില്ലയിലെ നാല് റിസര്‍വേഷന്‍ കേന്ദ്രങ്ങളും ഇതിലുണ്ട്. മൂന്നാര്‍, കുമളി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനത്തെുന്ന വിനോദസഞ്ചാരികളെ ഉദ്ദേശിച്ചായിരുന്നു ഇവിടത്തെ റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചത്.
കമീഷന്‍ വ്യവസ്ഥയിലായിരുന്നു ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. കമ്പ്യൂട്ടര്‍ അടക്കമുള്ള സൗകര്യങ്ങള്‍ റെയില്‍വേയാണ് ഒരുക്കിയിരുന്നത്. ഇവരുടെതന്നെ സോഫ്റ്റ്വെയറുമാണ് ഉപയോഗിക്കുന്നത്. ഇന്‍ര്‍നെറ്റ് ഉപയോഗിക്കുന്നവകയിലെ ബില്ലും റെയില്‍വേ തന്നെയാണ് വഹിക്കുന്നത്.
എന്നാല്‍, ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ സജീവമായതോടെ ഇത്തരം കേന്ദ്രങ്ങളിലൂടെ വില്‍ക്കുന്ന ടിക്കറ്റുകളുടെ എണ്ണം കുറഞ്ഞതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്‍റര്‍നെറ്റിനായി ചെലവഴിക്കുന്ന തുകക്ക് അനുസരിച്ച് റിസര്‍വേഷന്‍ നടക്കുന്നുമില്ളെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതിനിടെ, ഈ തീരുമാനം ആരംഭലക്ഷ്യത്തിന് വിരുദ്ധമാണെന്നും യാത്രക്കാര്‍ പറയുന്നു.
സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാനും ദൂരസ്ഥലങ്ങളിലുള്ള യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി ടിക്കറ്റെടുക്കാനുമായാണ് വിവിധ കേന്ദ്രങ്ങളില്‍ റിസര്‍വേഷന്‍ സൗകര്യം ഒരുക്കിയത്. ഓണ്‍ലൈനിലൂടെയാണ് റിസര്‍വേഷനുകള്‍ കൂടുതലെന്ന് അധികൃതര്‍ പറയുമ്പോഴും സാധാരണക്കാരായ നിരവധിപേര്‍ ഇവയെ ഇപ്പോഴും ആശ്രയിക്കുന്നു. തത്കാല്‍ ടിക്കറ്റുകള്‍ വലിയ തിരക്കില്ലാതെ ഇത്തരം കേന്ദ്രങ്ങളിലൂടെ ലഭിച്ചിരുന്നു. കേരളത്തിലാണ് ഇത്തരം കേന്ദ്രങ്ങള്‍ കൂടുതലെന്നതിനാല്‍ സംസ്ഥാനത്തിന് ഇത് തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.