യാത്രക്കാരിയുടെ മാല കാണാതായി; 10 മിനിറ്റ് ട്രെയിൻ നിർത്തിയിട്ട് പൊലീസ് തിരച്ചിൽ
text_fieldsകോട്ടയം: യാത്രക്കാരിയുടെ കാണാതായ സ്വർണമാലയും വജ്ര ലോക്കറ്റും കണ്ടെത്താൻ ട്രെയിൻ നിർത്തിയിട്ട് പൊലീസ് തിരച്ചിൽ. ഒടുവിൽ മാല കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 8.45ഓടെ കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഹരിപ്പാട് കുന്നുംപുറത്ത് പുത്തൻവീട്ടിൽ നാൻസി എൽസ വർഗീസിന്റെ ഒരു ലക്ഷത്തോളം രൂപ വില വരുന്ന മാലയാണ് ബംഗളൂരു-കന്യാകുമാരി എക്സ്പ്രസിൽനിന്ന് കോട്ടയം റെയിൽവേ പൊലീസ് കണ്ടെടുത്തത്.
മംഗളൂരുവിൽ പരീക്ഷയെഴുതിയശേഷം ട്രെയിനിൽ മടങ്ങുന്നതിനിടെയാണ് യുവതിയുടെ സ്വർണമാലയും വജ്ര ലോക്കറ്റും നഷ്ടമായത്. എറണാകുളത്ത് എൻജിനീയറായി ജോലി ചെയ്യുന്ന ഇവർ സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. സ്റ്റേഷനിൽ ഇറങ്ങി 10 മിനിറ്റിനുശേഷമാണ് മാല നഷ്ടമായ വിവരം യുവതി അറിഞ്ഞത്. ഉടൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു.
ഈ സമയം ട്രെയിൻ കോട്ടയത്ത് എത്തിയിരുന്നു. ഇവർ വിവരം കോട്ടയം റെയിൽവേ പൊലീസിന് കൈമാറി. ലോക്കോ പൈലറ്റിനെ വിവരം അറിയിച്ചശേഷം കോട്ടയം റെയിൽവേ എസ്.എച്ച്.ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം യുവതി യാത്ര ചെയ്ത എസ് 2 കോച്ചിനുള്ളിൽ വ്യാപക തിരച്ചിൽ നടത്തി. 14 പൊലീസുകാർ ചേർന്ന് നടത്തിയ പരിശോധനയിൽ ബാഗുകൾക്കിടയിൽനിന്ന് മാല കണ്ടെത്തുകയായിരുന്നു. 10 മിനിറ്റോളം ഇതിനായി ട്രെയിൻ ഇവിടെ പിടിച്ചിട്ടു. മാല ലഭിച്ചശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി യുവതി മാല ഏറ്റുവാങ്ങി. മാല ലഭിച്ചതിന്റെ സന്തോഷത്തിൽ ഇവർ മധുരവും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.