നെല്ലിന് സംഭരണ കേന്ദ്രങ്ങളില്ല; കേരളത്തിനുള്ള 287 കോടി തടഞ്ഞ് കേന്ദ്രം
text_fieldsകോട്ടയം: നെല്ല് സംഭരിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ തുറക്കണമെന്ന നിർദേശം പാലിക്കാത്തതിനാൽ കേരളത്തിനുള്ള 287 കോടി രൂപ തടഞ്ഞ് കേന്ദ്രം. പാടശേഖരങ്ങളിലും വീടുകളിലുമെത്തി നെല്ല് സംഭരിക്കുന്നത് അവസാനിപ്പിക്കണമെന്നും കർഷകർ നിശ്ചിത നിലവാരമുള്ള നെല്ല് സംഭരണകേന്ദ്രത്തിൽ എത്തിക്കണമെന്നുമായിരുന്നു കേന്ദ്രനിർദേശം. സംഭരണ കേന്ദ്രങ്ങൾക്കൊപ്പം ഗോഡൗണുകൾ ഒരുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തെ സാഹചര്യത്തിൽ ഇത് അപ്രായോഗികമായതിനാൽ പാടശേഖരങ്ങളിലെത്തി നെല്ല് സംഭരിക്കുന്നത് തുടരുകയായിരുന്നു. ചില ജില്ലകളിൽ കർഷകരുടെ വീടുകളിലെത്തിയും മില്ലുകാർ നെല്ലെടുക്കുന്നുണ്ട്. ഇതോടെയാണ് ഗതാഗതച്ചെലവ് ഇനത്തിൽ നൽകേണ്ട 287 കോടിരൂപ കേന്ദ്രവിഹിതത്തിൽനിന്ന് തടഞ്ഞത്.
നെല്ല് സംഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന ഗതാഗതച്ചെലവ് കേരളത്തിന് മാത്രം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമ്മർദം ചെലുത്തിയതോടെ കടത്തുകൂലിയുമായി ബന്ധപ്പെട്ട് പ്രത്യേക ഉത്തരവിറക്കാൻ കേന്ദ്ര ഭക്ഷ്യമന്ത്രാലയം നിർദേശിച്ചു. ഇതനുസരിച്ച് ഉത്തരവിറക്കിയിട്ടും തുക നൽകിയിട്ടില്ല. തുടർന്ന് കേന്ദ്രവുമായി സപ്ലൈകോ ബന്ധപ്പെട്ടപ്പോഴാണ് തുക കൈമാറാത്തത് സംഭരണ കേന്ദ്രങ്ങളില്ലാത്തതിനാലാണെന്ന് വ്യക്തമാക്കിയത്. 2017-18 സീസൺ മുതലുള്ള തുകയാണിത്. നിലവിൽ നെല്ല് സംഭരിച്ച വകയിൽ 674 കോടിയാണ് കേന്ദ്രം നൽകാനുള്ളത്. ഇതിനുപുറമെയാണ് ഗതാഗതചെലവിനത്തിലുള്ള കുടിശ്ശിക.
അതിനിടെ, വീണ്ടും ഗോഡൗണുകളുടെ വിവരം കേന്ദ്ര ഭക്ഷ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇതിന് കഴിയില്ലെന്നാണ് സപ്ലൈകോ വ്യക്തമാക്കുന്നത്. കൃഷി വകുപ്പോ സഹകരണ വകുപ്പോ ഗോഡൗണുകൾ ഒരുക്കിയാൽ മാത്രമേ കേന്ദ്രനിബന്ധന പാലിക്കാൻ കഴിയൂ. കേന്ദ്രവിഹിതം അനുവദിക്കുന്നതിനായി നിരവധി നിബന്ധനകളാണ് മുന്നോട്ടുവെക്കുന്നതെന്നും സപ്ലൈകോ പാഡി വിഭാഗം പറയുന്നു. പുതുതായി ആരംഭിച്ച പോർട്ടലിൽ നെല്ല് സംഭരിക്കുന്ന പാടങ്ങളുടെ ചിത്രവും അളവുമടക്കം മുഴുവൻ വിവരങ്ങളും നൽകണം. ഒപ്പം 17 ശതമാനത്തിൽ കുടുതൽ ജലാംശമുള്ള നെല്ല് സംഭരിക്കേണ്ടതില്ലെന്ന നിർദേശവും കേന്ദ്രം നൽകിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് പുതിയ സീസണിലെ നെല്ല് സംഭരണം ആരംഭിച്ചിട്ടും വിലയിൽ തീരുമാനമായില്ല. നെല്ലിന്റെ താങ്ങുവിലയിൽ കേന്ദ്രം വരുത്തിയ വർധന സംസ്ഥാനത്തും നടപ്പാക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതാണ് ഉത്തരവ് വൈകാൻ കാരണം.
പുതിയ സീസണിൽ കിലോക്ക് 1.17 രൂപയാണ് കേന്ദ്രം വർധിപ്പിച്ചത്. ഇത് സംസ്ഥാനത്തും പ്രാബല്യത്തിലാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല. മുൻവർഷങ്ങളിൽ കേന്ദ്രവർധന പ്രാബല്യത്തിലാക്കാതെയായിരുന്നു നെല്ല് സംഭരിച്ചത്. ഇത്തവണയും വർധനവുണ്ടാകില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.