രണ്ടാംവിള നെല്ല് സംഭരണം കൃത്യമാക്കണം
text_fieldsപാലക്കാട്: ജില്ലയിലെ രണ്ടാംവിള നെല്ല് സംഭരണത്തില്‍ കൃത്യത വരുത്തണമെന്നാവശ്യപ്പെട്ട് ജില്ല വികസന സമിതി യോഗത്തില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എയുടെ പ്രമേയം. പി.പി. സുമോദ് എം.എല്‍.എ പ്രമേയത്തെ പിന്താങ്ങി. രണ്ടാംവിള കൊയ്ത്ത് കഴിഞ്ഞ് നെല്ല് സംഭരണവും തുടര്‍ന്നുള്ള തുക വിതരണവും സമയബന്ധിതമാക്കണം.
സാധാരണയില്‍നിന്നും വ്യത്യസ്തമായി ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളില്‍ ഇത്തവണ ഒരേസമയത്താണ് കൊയ്ത്ത് നടന്നത്. ഇവിടങ്ങളിലേക്ക് നിശ്ചയിച്ച എണ്ണം ജീവനക്കാരെ നിലവിലെ സാഹചര്യത്തില്‍ അപര്യാപ്തമാണെന്നും പ്രമേയത്തില്‍ പറയുന്നു.
പ്രമേയം അംഗീകരിച്ചതായും സര്‍ക്കാരിന് കൈമാറുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച കലക്ടര്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അടുത്തമാസം ജില്ല സന്ദര്‍ശിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ഒഴലപ്പതി റോഡിലൂടെ ഭാരംകൂടിയ വാഹനങ്ങള്‍ വരുന്നത് കൃത്യമായി പരിശോധിക്കാനും നടപടികള്‍ സ്വീകരിക്കാനും കലക്ടര്‍ പൊലീസിന് നിർദേശം നല്‍കി. നിരവധി പരാതികള്‍ ഇതുമായി ബന്ധപ്പെട്ട് വരുന്നതിനാലാണ് പരിശോധന ശക്തമാക്കാന്‍ നിർദേശം നല്‍കിയത്. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി സുരേഷ് ബാബുവാണ് വിഷയം ഉന്നയിച്ചത്.
കുടിവെള്ളക്ഷാമം പരിഹരിക്കാനായി നിശ്ചിത അളവില്‍ ഡാമുകളില്‍ വെള്ളം സൂക്ഷിച്ചിട്ടുള്ളതായും ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്തും. വെള്ളം തീരെ ലഭ്യമാകാത്ത പ്രദേശങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ടാങ്കറില്‍ വെള്ളം എത്തിക്കാനുള്ള സംവിധാനം വേണമെന്നും കലക്ടര്‍ അറിയിച്ചു.
കുടിവെള്ള വിതരണം തടസ്സപ്പെടുന്നതായി കെ. പ്രേംകുമാര്‍ എം.എല്‍.എ യോഗത്തില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വടകരപ്പതി, കൊടുമ്പ് പഞ്ചായത്തുകളില്‍ പച്ചത്തേങ്ങ സംഭരണം തുടങ്ങിയതായും ബാക്കി സ്ഥലങ്ങളില്‍ സംഭരണം ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു.
ചുള്ളിയാര്‍, മീങ്കര, മംഗലം ഉള്‍പ്പടെയുള്ള ഡാമുകളിലെ ചളി നീക്കി കര്‍ഷകര്‍ക്ക് കുറഞ്ഞനിരക്കില്‍ നല്‍കും. കുളങ്ങളിലെ മേല്‍മണ്ണ് കര്‍ഷകര്‍ക്ക് വളമായി പ്രയോജനപ്പെടുത്താം. പല്ലാവൂര്‍-കുനിശ്ശേരി റോഡ് ഒരാഴ്ചയ്ക്കുള്ളില്‍ പണി തുടങ്ങുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. വിയ്യക്കുറിശ്ശി എല്‍.പി സ്‌കൂളിന് മുന്‍വശത്ത് സീബ്രാ ലൈന്‍ പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് എന്‍.എച്ച് വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
കാഞ്ഞിരപ്പുഴ പഞ്ചായത്ത് കാരാകുറുശ്ശി അയ്യപ്പന്‍കാവില്‍ ജല്‍ ജീവന്‍ മിഷനുമായി ബന്ധപ്പെട്ട് കുടിവെള്ള വിതരണം നടത്തുന്നതിാവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.