പായിപ്പാട്ടെ കാലുവാരൽ; ചായകുടിക്കാം സഖാവ് മുക്കിൽ
text_fieldsകോട്ടയം: തെരഞ്ഞെടുപ്പിൽ കാലുവാരൽ പുതുമയല്ല, കോട്ടയത്തെ പായിപ്പാടിന് സമീപമെത്തിയാൽ കാലുവാരികളെ കാണാം. അസംബ്ലിയുടെ പടികയറാൻ നേതാക്കൾ നെട്ടോട്ടേമാടുേമ്പാൾ, എം.എൽ.എ പടിയിലിരുന്ന് ചായകുടിക്കുന്നവരുമുണ്ട് കേരളത്തിൽ. അസംബ്ലിമുക്ക്, അസംബ്ലി ജങ്ഷൻ എന്നിങ്ങനെ തെരഞ്ഞെടുപ്പുമായി ബന്ധെപ്പട്ട് നിരവധി സ്ഥലനാമങ്ങളാണ് നമ്മുടെ കൊച്ചു കേരളത്തിൽ.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ നാടായ കോട്ടയം കാനത്താണ് എം.എൽ.എ പടി. കാലുവാരി മുക്ക് എന്ന പേരിൽ പായിപ്പാടാണ് സ്ഥലം. തെരഞ്ഞെടുപ്പ് കാലത്ത് നിറഞ്ഞുനിൽക്കുന്നതാണ് അങ്കത്തട്ടും അങ്കക്കളരിയുമൊക്കെ. കോഴിക്കോട് ജില്ലയിൽ നടുവണ്ണൂരിനടത്തുണ്ട് അങ്കക്കളരി. കോട്ടയം നഗരത്തിൽ വിമലഗിരി പള്ളിക്ക് സമീപത്താണ് അങ്കത്തട്ട്. എറണാകുളം ജില്ലയിലെത്തിയാൽ അങ്കംവെട്ടിയും കാണാം.
തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പഞ്ചായത്തിലാണ് അസംബ്ലിമുക്ക്. ആലപ്പുഴ ജില്ലയിലെ പുന്നമട പഞ്ചായത്തിലാണ് അസംബ്ലി ജങ്ഷൻ. കോട്ടയം കുറവിലങ്ങാടിന് സമീപത്തുള്ള സ്ഥലമാണ് കോഴ. ബാർകോഴ വിവാദകാലങ്ങളിൽ കോഴ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞാടിയിരുന്നു.
മലപ്പുറം തിരൂരങ്ങാടിയിൽ കൊടിമരമുണ്ട്. തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്തിൽ കൊടിതൂക്കിയകുന്നുണ്ട്. തൃശൂർ ഇരിങ്ങാലക്കുടക്ക് സമീപമെത്തിയാൽ മന്ത്രിപുരം കാണാം. ഏറണാകുളം കരുമാലൂർ പഞ്ചായത്തിലാണ് മന്ത്രിപ്പടി. കട്ടപ്പനക്കടുത്ത് പാർട്ടിപ്പടിയുണ്ട്. സ്ഥാനാർഥിപ്പോരിനിടെ എറണാകുളം പാണിയേലി ഭാഗത്ത് പോര് എന്ന പേരിൽ സ്ഥലമുണ്ട്. കൊല്ലം മയ്യനാട് പഞ്ചായത്തിൽ അരിവാൾ മുക്കുണ്ട്. ആലപ്പുഴയിലെ കൊല്ലകടവിനടുത്ത് വോട്ട് ഓഫിസുണ്ട്. പാലക്കാട് നഗരസഭയിലാണ് പിരിവുശാല. കോഴിക്കോട് ചെറുവണ്ണൂരിന് സമീപം ജനകീയ മുക്കുണ്ട്. പത്തനംതിട്ടയിലെ ഏറത്ത് പഞ്ചായത്തിൽ ജനശക്തിയുണ്ട്.
ആലപ്പുഴയിലെ ചുനക്കര പഞ്ചായത്തിലെത്തിയാൽ സഖാവ് മുക്കിൽ ചായ കുടിച്ചിരിക്കാം. പത്തനംതിട്ട മല്ലപ്പള്ളിക്കടുത്ത് സമരമുക്കും പുനലൂരിനടുത്ത് സർക്കാർ മുക്കുമുണ്ട്. പത്തനംതിട്ടയിലെ കടപ്രയിലെത്തിയാൽ സൈക്കിൾ മുക്ക് യാത്രക്കാരെ സ്വാഗതംചെയ്യും. ഒരു തെരഞ്ഞെടുപ്പ് കാലത്ത് സൈക്കിൾ ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർഥി ജങ്ഷനിലെ മരത്തിൽ സൈക്കിൾ കെട്ടിത്തൂക്കി. തെരഞ്ഞെടുപ്പിന് ശേഷവും ഇത് അവിടെ തുടർന്നു. ഇതോടെ ഈ ജങ്ഷന് സൈക്കിൾ മുക്കെന്ന പേരായി.
കേരളത്തിലുടനീളം സഞ്ചരിച്ച് ആറുവർഷംകൊണ്ട് കോട്ടയം ബാബുരാജ് തയാറാക്കിയ 'കേരള സ്ഥലവിജ്ഞാന കോശം' പുസ്തത്തിലാണ് തെരഞ്ഞെടുപ്പിലെ സ്ഥലകൗതുകങ്ങൾ നിറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.