കണ്ണനുറങ്ങാത്ത ഒാർമയിൽ ഭവാനി ടീച്ചർ ഇവിടെയുണ്ട്
text_fieldsകൽപറ്റ: ആറ്റുനോറ്റുണ്ടായ കുഞ്ഞ് രണ്ടാം വയസ്സിൽ ബക്കറ്റിലെ വെള്ളത്തൽ വീണ് മരണപ്പെടുക, എത്രമാത്രം വേദനയാണ് നൽകുക. ഒരായുസ്സിൽ നേരിടാവുന്നതിലുമധികം വെല്ലുവിളികളെ അതിജീവിച്ച, ഒരുകാലത്ത് മലയാളികളൊന്നാകെ അമ്മയെന്നു വിളിച്ച ആലപ്പുഴ സ്വദേശി ഭവാനി ടീച്ചറാണത് നേരിട്ടത്. കണ്ണനെന്ന ആ കുഞ്ഞിനുമുണ്ടായിരുന്നു ടീച്ചറേക്കാൾ സവിശേഷത. ജീവിച്ചിരുന്നെങ്കിൽ സംസ്ഥാനത്തെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശുവാകുമായിരുന്നു അവൻ. 62ാം വയസ്സിലാണ് മറ്റാരും മടിക്കുന്ന ആ പരീക്ഷണത്തിന് ടീച്ചറൊരുങ്ങിയത്.
മാതൃത്വം എന്ന മഹനീയതയുടെ വശ്യത ആഗ്രഹിച്ച് ടെസ്റ്റ്യൂബ് ശിശുവിന് ജന്മം നൽകുക എന്ന ഉറച്ച തീരുമാനം. ഒന്നര ദശാബ്ദത്തിനിപ്പുറം കൽപറ്റ പിണങ്ങോട് പീസ് വില്ലേജ് ഫൗണ്ടേഷനിൽ കഴിയുന്ന ടീച്ചറുടെ ‘മാതൃദിന’ സ്മരണയും കണ്ണനുറങ്ങാത്ത ഒാർമയാണ്. ‘‘ഒന്നും കഴിയില്ലെന്ന് കരുതി പിന്നോട്ടല്ല, മുന്നോട്ടായിരിക്കണം സ്ത്രീ നടക്കേണ്ടത്.
പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ അതിജീവിച്ച് മുന്നേറണം’’- ഇത് പറയുേമ്പാഴും 75 കാരിയുടെ ഉള്ളിലൊരു ആർജവമുണ്ട്, കെട്ടുപോകാത്ത മാതൃസ്നേഹത്തിെൻറ. 15 വർഷം മുമ്പ് കണ്ണെൻറ അമ്മയായതോടെ ജീവിതത്തോട് തോന്നിയ ആർത്തി, മാതൃത്വത്തിെൻറ മാധുര്യം ഇന്നും ഹൃദയത്തിലൂറിവരും ആ വയോധികക്ക്. കണ്ണെൻറ ഒാമനത്തമുള്ള കളിചിരികൾ മായുംമുമ്പായിരുന്നു ദുരന്തവാർത്തെയത്തിയത്. കണ്ണൻ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ച വാർത്ത ഞെട്ടലോടെയാണ് മലയാളികൾ സ്വീകരിച്ചത്. വീണ്ടും ഒറ്റപ്പെടലിെൻറ നാളുകളായിരുന്നു ആ അമ്മക്ക്.
പിന്നീട് അഞ്ചുവർഷം മുമ്പ് വയനാട്ടിലെത്തിയ ഭവാനിയമ്മ മാനന്തവാടി എരുമത്തെരുവിലെ വാടകവീട്ടിൽ കുട്ടികൾക്ക് കണക്ക് ട്യൂഷനെടുത്തു. വയനാട്ടിലെ ആ പുതിയതുടക്കത്തിനും അൽപായുസ്സായിരുന്നു. മാസങ്ങൾക്ക് മുമ്പ് പ്രായത്തിെൻറ ബുദ്ധിമുട്ടുകൾക്കിടയിൽ അപ്രതീക്ഷിതമായി ആ അമ്മ തളർന്നുവീണു. മാനന്തവാടി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച അവരെ കഴിഞ്ഞ ജനുവരിയിലാണ് പീസ് വില്ലേജ് ഫൗണ്ടേഷൻ ഏറ്റെടുത്തത്.
ഒന്നരമാസം മേപ്പാടി ഡി.എം.വിംസ് മെഡിക്കൽ കോളജിൽ ചികിത്സ. തോൽക്കാൻ മനസ്സില്ലാത്ത ആ അമ്മയോടൊപ്പം ഒരുപാട് നന്മമനസ്സുകൾ കൂടി ചേർന്നപ്പോൾ കിടക്കയിൽ നിന്നും വീൽചെയറിലേക്ക് മാറാനായി. വെങ്ങപ്പള്ളിയിലെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പീസ് വില്ലേജിൽ വരുന്ന ട്രസ്റ്റ് അംഗങ്ങളുടെ മക്കളെ താലോലിച്ച് ഭവാനിയമ്മ പുതിയ ജീവിത പടവുകൾ കയറുന്നു, ചെറുപ്പക്കാരിയായി. തലശേരി ആസ്ഥാനമായ ബാലിയിൽ മഹ്മൂദ് ഹാജി ചെയർമാനായ ബി.എസ്.എം ട്രസ്റ്റാണ് പിണങ്ങോട് അഞ്ചേക്കറിൽ പീസ് വില്ലേജിന് കെട്ടിടം നിർമിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.