ആഷർ എന്ന ‘കോഴിക്കോട്ടുകാരൻ’
text_fieldsകോഴിക്കോട്: ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്’ എന്നതിനെ ‘മൈ ഗ്രാൻഡ് ഡാഡ് ഹാഡ് ആൻ എലിഫന്റ്’ എന്ന് ഇംഗ്ലീഷിലാക്കിയപ്പോഴും താൻ ഒട്ടും സംതൃപ്തനായിരുന്നില്ലെന്ന് റൊണാൾഡ് ഇ ആഷർ തന്നെ സമ്മതിച്ചിട്ടുണ്ട്. ബഷീറിന്റെ പ്രയോഗത്തിന്റെ ചന്തം ഒരിക്കലും പരിഭാഷക്ക് പൂർണമായി വഴങ്ങിത്തരില്ലെന്ന് തുറന്നുപറയുകയായിരുന്നു അദ്ദേഹം.
എന്നിട്ടും ബഷീർമലയാളത്തെ ലോകത്തിനു മുന്നിൽ വാതിൽ തുറന്ന് ആനയിച്ചത് ആഷർ ആയിരുന്നു. ബാല്യകാലസഖിയും ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നുവും പാത്തുമ്മയുടെ ആടും അങ്ങനെ ലോകമെങ്ങും വായിക്കപ്പെട്ടു. ഇങ്ങ് കൊച്ചുകേരളത്തിൽ ഒരുവിശ്വസാഹിത്യകാരനുണ്ടെന്ന് ആഷർ ലോകത്തോട് വിളിച്ചുപറയുകയായിരുന്നു.
ലണ്ടൻ യൂനിവേഴ്സിറ്റി കോളജിൽനിന്ന് 1955ൽ അദ്ദേഹം ഡോക്ടറേറ്റ് നേടി. 1965 മുതല്‍ 1993 വരെ എഡിന്‍ബറോ യൂനിവേഴ്സിറ്റി പ്രഫസര്‍ ആയി പ്രവർത്തിച്ചു. 1968ല്‍ മിഷിഗന്‍ യൂനിവേഴ്സിറ്റി, 1995ല്‍ കോട്ടയം മഹാത്മ ഗാന്ധി യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ മലയാളം വിസിറ്റിങ് പ്രഫസറായും സേവനമനുഷ്ഠിച്ചിരുന്നു.
ഇംഗ്ലണ്ടിലെ നോട്ടിങ്ഹാംഷെയറിലെ ജന്മഗ്രാമം പോലെ ആഷറിന് പ്രിയപ്പെട്ടതായിരുന്നു കോഴിക്കോട്. ദ്രാവിഡഭാഷകളിൽ ഗവേഷകനായിരുന്ന അദ്ദേഹം ഡിസംബർ 26നാണ് അന്തരിച്ചത്. എന്നാൽ, വാർത്ത പുറംലോകമറിഞ്ഞത് കഴിഞ്ഞദിവസമാണ്. പലകുറി അദ്ദേഹം കോഴിക്കോട്ട് വന്നിട്ടുണ്ട്. ബഷീറിനെ നേരിൽ കണ്ടിട്ടുണ്ട്. മറ്റൊരു കോഴിക്കോട്ടുകാരനെപോലെ ഈ തെരുവുകളിലൂടെ നടന്നിട്ടുണ്ട്.
1980ലാണ് താൻ ആദ്യമായി ആഷറിനെ കണ്ടതെന്ന് അനുസ്മരിക്കുന്നു ഡോ. എം.എൻ. കാരശ്ശേരി. ‘ബഷീർ ഒരാൾവശം കൊടുത്തുവിട്ട കുറിപ്പനുസരിച്ച് ബേപ്പൂരിൽ ചെന്നപ്പോഴാണ് ആദ്യമായി ആഷറിനെ കണ്ടത്. സ്നേഹസൗമ്യനായൊരു മനുഷ്യൻ. മലയാളത്തെയും മലയാളികളെയും ബഷീറിനെയുമൊക്കെ ഏറെ സ്നേഹിക്കുന്ന വലിയ മനുഷ്യൻ.
കാരശ്ശേരിയിലെ എന്റെ വീട്ടിലും ആഷർ വന്നിട്ടുണ്ട്. കോഴിക്കോട് ആഷറിനെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ സുകുമാർ അഴീക്കോട് പങ്കെടുത്തിരുന്നു’ -അദ്ദേഹം അനുസ്മരിച്ചു. എൻ. ഗോപാലകൃഷ്ണന്റെ വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഇപ്പോൾ ലണ്ടനിലുള്ള കാരശ്ശേരി, കഴിഞ്ഞ നവംബർ അവസാനം ആഷർ ജോലിചെയ്തിരുന്ന എഡിൻബറ സർവകലാശാലയിൽ പോവുകയും അദ്ദേഹത്തെ നേരിൽ കാണാൻ ശ്രമിക്കുകയും ചെയ്തിരുന്നതായി ‘മാധ്യമ’ത്തോട് പറഞ്ഞു.
ബഷീറിന്റെ പുസ്തകം ഇംഗ്ലീഷിൽ അച്ചടിച്ച എഡിൻബറ സർവകലാശാല പ്രസ് നേരിൽ കണ്ടു. ഏറ്റവും ഒടുവിൽ സർവകലാശാലയിൽ അദ്ദേഹം വന്നപ്പോൾ വീണുവെന്നും തുടർന്ന് പുറത്തേക്ക് പോകാതെ വീട്ടിൽ തന്നെയായിരുന്നുവെന്നും അറിയാൻ കഴിഞ്ഞതായി കാരശ്ശേരി പറഞ്ഞു.
’70കളിൽ ആഷർ കോഴിക്കോട് വന്നപ്പോൾ ബഷീറിന്റെ വീട്ടിൽ തന്റെ പിതാവ് എൻ.പി. മുഹമ്മദിനൊപ്പം അദ്ദേഹത്തെ കണ്ടത് അനുസ്മരിക്കുന്നു ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്. കോഴിക്കോടൻ ഭക്ഷണവും കോഴിക്കോട്ടെ മനുഷ്യരെയും ആഷറിന് ഏറെ ഇഷ്ടമായിരുന്നുവെന്ന് ഹാഫിസ് മുഹമ്മദ് പറഞ്ഞു.
‘ആഷർ വരുമ്പോഴൊക്കെ ഞങ്ങൾ കുട്ടികൾക്ക് ഉത്സവംപോലെയായിരുന്നു...’ ബഷീറിന്റെ മകൻ അനീസ് ബഷീർ ഓർമപങ്കുവെച്ചു. സ്വതവേ ചുവന്നുതുടുത്ത ആഷറിന്റെ മുഖം വീട്ടിലുണ്ടാക്കുന്ന മസാലയും എരിവുമുള്ള ഭക്ഷണം കഴിച്ച് ഒന്നുകൂടി ചുവക്കുന്നതും കണ്ണുനിറയുന്നതും കണ്ട് എന്തിനാണ് ഈ സായിപ്പിങ്ങനെ കരയുന്നതെന്ന് ഫാബി ബഷീർ ചോദിക്കും. ‘അത് നിന്റെ ഭക്ഷണം കഴിച്ച സന്തോഷം കൊണ്ടാണെന്ന് ബഷീർ പറയുമായിരുന്നു’ -അനീസ് ഓർമിക്കുന്നു.
ബഷീർ മരിക്കുന്നതിന് ആറുമാസം മുമ്പുവരെ ആഷർ കത്തയക്കുമായിരുന്നു. ആ കത്തുകൾ ഞാൻ വായിച്ചുകൊടുക്കും. ബഷീറിന്റെ ഒന്നാം ചരമവാർഷികമായ 1995ലും 2008ലും ആഷർ വൈലാലിൽ വീട്ടിൽ വന്നിട്ടുണ്ട്. എട്ടു വർഷം മുമ്പ് കൊച്ചിയിൽ വന്നപ്പോഴാണ് ഏറ്റവും ഒടുവിൽ അദ്ദേഹത്തെ കണ്ടത്. നാലു വർഷം മുമ്പുവരെ അദ്ദേഹവുമായി ഇ-മെയിൽ വഴി ബന്ധപ്പെട്ടിരുന്നു. പിന്നീട് മറുപടിയൊന്നുമുണ്ടായില്ല -അനീസ് ബഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.